എറണാകുളത്ത് കള്ളവോട്ട്, സ്ത്രീയുടെ വോട്ട് മറ്റാരോ ചെയ്തു

കൊച്ചി : എറണാകുളം മണ്ഡലത്തില്‍ കള്ളവോട്ട് ആരോപണം. ബൂത്ത് നമ്പർ 132ലാണ് സംഭവം. പുതുവൈപ്പിലെ സാന്താക്രൂസ് ഹൈസ്കൂളിൽ വോട്ടു ചെയ്യാനെത്തിയ എളങ്കുന്നപ്പുഴ ഓച്ചന്തുരുത്ത് സ്വദേശി കാട്ടാശ്ശേരിൽ വീട്ടിലെ തങ്കമ്മയുടെ വോട്ടാണ് മറ്റാരോ ചെയ്തത്.

തന്റെ വോട്ട് മറ്റാരോ ചെയ്തെന്നും ഇതു ചെയ്തത് ആരാണെന്ന് കണ്ടെത്തണമെന്നും തങ്കമ്മ പറഞ്ഞു. ഇവരുടെ വോട്ട് രാവിലെ 10.30നു മുൻപായി ആരോ ചെയ്തു. . പിന്നീട് വിവിധ പാർട്ടികളുടെ പ്രവർത്തകരും മറ്റും ഇടപെട്ടതോടെ പകരം വോട്ടു ചെയ്യാനുള്ള സംവിധാനം ശരിയാക്കി നൽകാമെന്ന് അധികൃതർ അറിയിച്ചു.

സിസിടിവി ഉള്ളതിനാൽ ആരാണ് കള്ളവോട്ട് ചെയ്തത് എന്ന് കണ്ടെത്താൻ പറ്റിയേക്കും എന്നാണ് പ്രതീക്ഷ. അതേസമയം, ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ആദ്യ നാല് മണിക്കൂറില്‍ സംസ്ഥാനത്ത് 24 ശതമാനം പോളിങ്. ആദ്യമണിക്കൂറുകളില്‍ ആറ്റിങ്ങല്‍ മണ്ഡലത്തിലാണ് ഏറ്റവും കൂടുതല്‍ പോളിങ്(26.03 ശതമാനം) രേഖപ്പെടുത്തിയത്. ഏറ്റവും കുറവ് പൊന്നാനിയിലും(20.97 ശതമാനം).

വോട്ടെടുപ്പ് ആരംഭിച്ച് മൂന്നര മണിക്കൂറിൽ പത്തനംതിട്ടയിൽ 20% വോട്ടിംഗ് പൂർത്തിയായി. ഇതുവരെ 20.06 % പേർ വോട്ടു ചെയ്തു. റാന്നി പൂഞ്ഞാർ, കാഞ്ഞിരപ്പള്ളി എന്നിവിടങ്ങളിലൊഴികെയുള്ള എല്ലാ മണ്ഡലത്തിലും വോട്ട് ചെയ്തവരുടെ എണ്ണം 40,000 കവിഞ്ഞു. ആറൻമുളയിൽ 47,000 പേർ വോട്ടു ചെയ്തു.

20 ലോക്സഭ മണ്ഡലങ്ങളിലായി 2.77 കോടി വോട്ടർമാരാണ് വിധിയെഴുതുന്നത്. വോട്ടെടുപ്പ് ആരംഭിക്കുന്നതിനു മുന്‍പെ വോട്ടര്‍മാര്‍ ബൂത്തുകളിലെത്തിത്തുടങ്ങിയിരുന്നു. വോട്ടര്‍മാരുടെ നീണ്ട നിര തന്നെയാണ് പല ബൂത്തുകള്‍ക്ക് മുന്നിലും ദൃശ്യമാകുന്നത്. ഒരു ലക്ഷത്തിലധികം പോളിങ് ഉദ്യോഗസ്ഥരേയും വിന്യസിച്ചിട്ടുണ്ട്. 66303 സുരക്ഷ ഉദ്യോഗസ്ഥരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പ്രശ്നബാധിത ബൂത്തുകളില്‍ കേന്ദ്രസേന ആയിരിക്കും സുരക്ഷ നിർവഹിക്കുക.