എക്സാലോജിക്കുമായുള്ള ഇടപാടിന്റെ പൂർണ്ണവിവരം സിഎംആർഎൽ കൈമാറുന്നില്ല, ചോദ്യം ചെ‌യ്യൽ മൂന്നാം ദിവസവും തുടരുന്നു

കൊച്ചി: മാസപ്പടി കേസിൽ എക്‌സാലോജികുമായുള്ള ഇടപാടിന്‍റെ പൂർണ രേഖകൾ സിഎംആർഎൽ കൈമാറുന്നില്ലെന്ന് ഇഡി. കരാർ രേഖകളടക്കം കൈമാറിയില്ലെന്ന് ഇഡി പറയുന്നു. ഇഡി ആവശ്യപ്പെട്ടത് സാമ്പത്തിക ഇടപാടുകളുടെ രേഖകളും കരാർ രേഖകളുമാണ്. ചീഫ് ഫിനാൻസ് മാനേജർ പി സുരേഷ് കുമാർ കരാർ രേഖ ഹാജരാക്കിയില്ല. സുരേഷ് കുമാറിനെ ഇന്നും ചോദ്യംചെയ്യും.

ആവശ്യപ്പെട്ട രേഖകള്‍ ആദായ നികുതി വകുപ്പിന്‍റെ ഇന്‍ററിം സെറ്റില്‍മെന്‍റ് ബോർഡ് പരിശോധിക്കുകയും തീർപ്പാക്കുകയും ചെയ്തതാണെന്നാണ് സുരേഷ് കുമാർ ചോദ്യംചെയ്യലിൽ പറഞ്ഞത്. അങ്ങനെ തീർപ്പാക്കിയ കേസിന്‍റെ രേഖകള്‍ കൈമാറാൻ സാധിക്കില്ലെന്ന മറുപടിയാണ് നൽകിയത്. എക്സാലോജിക്കുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് അറിയില്ലെന്ന മറുപടിയാണ് ഉദ്യോഗസ്ഥർ നൽകുന്നതെന്ന് ഇഡി പറയുന്നു. സുരേഷ് കുമാറിനെയും മുൻകാഷ്യർ വാസുദേവനെയും ഇന്നും ചോദ്യംചെയ്യും.

അതേസമയം, ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് നോട്ടിസ് നൽകിയെങ്കിലും സിഎംആർഎൽ എംഡി ശശിധരൻ കർത്ത ഇന്നലെ ഹാജരായില്ല. ചോദ്യം ചെയ്യൽ ഒഴിവാക്കാൻ ശശിധരൻ കർത്തയും സിഎംആർഎൽ ഉദ്യോഗസ്ഥരും നൽകിയ ഹർജി വെള്ളിയാഴ്ച പരിഗണിക്കും. എക്സാലോജിക്കിനു സിഎംആർഎലിൽ‌നിന്ന് 1.72 കോടി ലഭിച്ചു എന്ന ഇന്ററിം സെറ്റിൽമെന്റ് ബോർഡിലെ വെളിപ്പെടുത്തലാണു നിലവിലെ കേസിലേക്കു നയിച്ചിരിക്കുന്നത്.

ഐടി സേവനത്തിനുള്ള പ്രതിഫലമാണ് ഈ തുകയെന്നു പറയുന്നുണ്ടെങ്കിലും എന്താണു സേവനമെന്നു വ്യക്തമായിട്ടില്ലെന്ന് ആദായ നികുതി വകുപ്പ് നൽകിയ റിപ്പോർട്ടിനെ തുടര്‍ന്നായിരുന്നു ഇത്.