മുംബൈയില്‍ നടിയെ ഊബര്‍ ഡ്രൈവര്‍ അപമാനിച്ചതായി പരാതി

മുംബൈ. നടിയും സംവിധായകയുമായ മാനവ നായികിനെ ഊബര്‍ ഡ്രൈവര്‍ അപമാനിച്ചതായി പരാതി. തന്റെ ഫേയ്‌സ്ബുക്കിലൂടെ മാനവ തന്നെയാണ് ഇക്കാര്യം തുറന്ന് പറഞ്ഞത്. മുംബൈയില്‍ വെച്ച് ശിനയാഴ്ചയാണ് സംഭവം ഉണ്ടായത്. ബാന്ദ്ര ക്ലോംപ്ലക്‌സില്‍ നിന്ന് രാത്രി 8.15ന് ബുക്ക് ചെയ്ത ക്യാബില്‍ നിന്നുമാണ് നടിക്ക് ദുരനുഭവമുണ്ടായത്.

നടി വാഹനത്തില്‍ യാത്ര ചെയ്തുകൊണ്ടിരിക്കുമ്പോള്‍ ഡ്രൈവര്‍ ഫോണില്‍ സംസാരിച്ചതായും ട്രാഫിക് നിയമങ്ങള്‍ ലംഘിച്ചതായും നടി തന്റെ ഫേയ്‌സ്ബുക്ക് അക്കൗണ്ടിലൂടെ ആരാധകരെ അറിയിച്ചു. ട്രാഫിക് നിയമം ലംഘിച്ചത് ചോദ്യം ചെയ്ത പോലീസ് ഉദ്യോഗസ്ഥനോട് ഡ്രൈവര്‍ മോശമായി പെരുമാറിയതായും മാനവ പറയുന്നു.

അമിതവേഗത്തില്‍ വാഹനം ഓടിച്ച് തന്നെ ഭയപ്പെടുത്തുവാന്‍ ശ്രമിച്ചു. തന്റെ കരച്ചില്‍ കേട്ട് ബൈക്കിലും റിക്ഷയിലുമെത്തിയ മൂന്ന് പേരാണ് തന്നെ രക്ഷിച്ചതെന്നും നടി പറയുന്നു. നടിയുടെ പരാതി ലഭിച്ചതായും ഉടന്‍ നടപടി സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.