ഞാൻ അച്ഛന്റെ മൃതദേഹം അടുത്ത മുറിയിലിരുന്ന് വീഡിയോയിൽ കണ്ടു

ചേതനയറ്റ ഉറ്റവരെയും ഉടയവരെയും ഒരു നോക്ക് അവസാനമായി കണ്ട് അവര്‍ക്ക് അന്ത്യ ചുംബനം നല്‍കുക എന്നത് ഏവരുടെയും അവകാശമാണ്. എന്നാല്‍ തൊട്ടരികില്‍ ഉണ്ടായിട്ടും അച്ഛന്റെ മൃതദേഹം ഒന്ന് നേരില്‍ കാണാനോ ഒന്ന് കെട്ടിപ്പിടിച്ച് പൊട്ടിക്കരയാനോ സാധിക്കാത്ത അവസ്ഥയില്‍ യുവാവ് പങ്കുവെച്ച ഹൃദയം തൊടുന്ന കുറിപ്പാണ് ഇപ്പോള്‍ വൈറലാകുന്നത്. ലിനോ ആബേല്‍ എന്ന യുവാവാണ് വീഡിയോ കോളിലൂടെ ചേതനയറ്റ അച്ഛന്റെ മുഖം അവസാനമായി കാണേണ്ടി വന്നത്. ഐസൊലേഷന്‍ വാര്‍ഡില്‍ കഴിയുന്നതിനാല്‍ ലിനോയ്ക്ക് അച്ഛന്റെ ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാനോ അച്ഛനെ ഒരു നോക്ക് നേരില്‍ കാണാനോ സാധിച്ചില്ല. ഉറക്കത്തില്‍ കട്ടിലില്‍ നിന്നും വീണ് പരുക്ക് പറ്റിയ അച്ഛനെ കാണാന്‍ വിദേശത്ത് നിന്നും ലിനോ എത്തിയതായിരുന്നു. എന്നാല്‍ കൊറോണ വൈറസ് ബാധ സംശയിച്ച് ഐസൊലേഷന്‍ വാര്‍ഡില്‍ ലിനോയെ പ്രവേശിപ്പിക്കുകയായിരുന്നു. തൊട്ടപ്പുറത്തെ മുറിയില്‍ അച്ഛന്‍ മരിച്ചുകിടക്കുമ്പോള്‍ പോലും ഒരുനോക്ക് കാണാനായില്ലെന്നും ഒടുവില്‍ വീഡിയോ കോളിലൂടെയാണ് അച്ഛന്റെ മുഖം അവസാനമായി കണ്ടതെന്നുമാണ് യുവാവ് ഫേസ്ബുക്കില്‍ കുറിച്ചത്. താന്‍ കാരണം രോഗം മറ്റാര്‍ക്കും വരരുതെന്ന് കരുതിയാണ് നിര്‍ണായകമായ ഘട്ടത്തില്‍ പോലും അച്ഛനെ കാണാതെ ആരോഗ്യവകുപ്പിന് റിപ്പോര്‍ട്ട് ചെയ്ത് ഐസൊലേഷന്‍ വാര്‍ഡില്‍ എത്തിയതെന്ന് യുവാവ് പറയുന്നു.

ലിനോ ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ് ഇങ്ങനെ;

Miss you achacha

എങ്ങനെയാണ് പറഞ്ഞു തുടങ്ങേണ്ടത് എന്നു എനിക്കറിയില്ല ഒന്നു വായിക്കാന്‍ ഇത്തിരി സമയം മാത്രമേ ചോദിക്കുന്നോളൂ like ചെയ്യാനല്ല. മറ്റൊരാള്‍ക്കു ഒരു inspiration അകാന്‍ share ചെയ്യാന്‍ പറ്റുമെങ്കില്‍ നന്നായിരുന്നു ലൈവായി വീഡിയോ ചെയ്യാനുള്ള മാനസിക അവസ്ഥയില്‍ അല്ലാത്തതുകൊണ്ടാണ് എഴുതിയത്.

മാര്‍ച്ച് 7 രാവിലെയാണ് എന്റെ ചേട്ടന്റെ മെസ്സേജ് കാണുന്നത് പെട്ടന്ന് വിളിക്കുക അത്യാവശ്യമാണ് പെട്ടന്ന് തന്നെ ഞാന്‍ നാട്ടിലേക്ക് വിളിക്കുകയും ചെയ്തു അപ്പോള്‍ ആണ് അറിയുന്നത് അച്ചാച്ചന്‍(അച്ഛന്‍) രാത്രിയില്‍ കട്ടിലില്‍ നിന്നു ഉറക്കത്തില്‍ താഴെ വീണു സീരിയസ് ആണെന്ന് തൊടുപുഴ നിന്നും കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയാണെന്നും പറഞ്ഞു പിന്നീട് വിളിച്ചപ്പോള്‍ casuality യില്‍ ആണെന്നും സ്‌കാന്‍ ചെയ്തപ്പോള്‍ internal bleeding ബ്ലീഡിങ് ആണെന്നും പറഞ്ഞു എന്റെ കമ്പനിയില്‍ (BEEGLOBAL PRODUCTION)പറഞ്ഞപ്പോള്‍ തന്നെ നാട്ടിലേക്ക് ടിക്കറ്റ് എടുക്കുകയും ചെയ്തു നാട്ടിലെ കൊറോണ വാര്‍ത്തകള്‍ കാണുകയും എത്തുവാന്‍ പറ്റുമോ എന്നും അറിയില്ലായിരുന്നു എങ്കിലും രാത്രിയില്‍ qatar ല്‍ നിന്നും യാത്ര തിരിച്ചു

8 ആം തീയതി രാവിലെ കൊച്ചി വിമാനത്താവളത്തില്‍ എത്തുകയും ഫ്‌ലൈറ് ഫോം ഫില്‍ ചെയ്തു ഏല്‍പ്പിക്കുകയും ചെയ്തു എനിക്ക് അപ്പോള്‍ പ്രശ്നങ്ങള്‍ ഒന്നുമില്ലായിരുന്നു Temperature നോര്‍മല്‍ ആയിരുന്നു. Mask ഞാന്‍ അവിടെ നിന്നു വരുമ്പോള്‍ തന്നെ യൂസ് ചെയ്തിരുന്നു തൊടുപുഴയില്‍ നിന്നും N95 mask ഞാന്‍ വാങ്ങിച്ചിരുന്നു.ചെറിയൊരു പേടി ഉണ്ടായിരുന്നതുകൊണ്ട് ആരുടെയും ദേഹത്തു തൊടതിരിക്കാനും അകലം പാലിക്കാനും ഞാന്‍ ശ്രദിച്ചിരുന്നു അവിടെ നിന്നും കോട്ടയം എത്തുകയും ചേട്ടനുമായി സംസാരിക്കുകയും ചെയ്തു ഉള്ളില്‍ ചെറിയൊരു പേടി ഉണ്ടായിരുന്നങ്ങുകൊണ്ടു അച്ഛനെ കാണാന്‍ നിന്നില്ല അപ്പോള്‍ അച്ഛന്‍ വെന്റിലേറ്റര്‍ ആയിരുന്നു .

അവിടെ നിന്നും പുറത്തിറങ്ങി കുറച്ചു കഴിഞ്ഞപ്പോള്‍ ചെറുതായി ചുമക്കുകയും തൊണ്ടയില്‍ എന്തോപോലെ തോന്നുകയും ചെയ്തു ആദ്യം വേണ്ട എന്നു തോന്നി പക്ഷെ ഞാന്‍ കാരണം എന്റെ വീട്ടിലുള്ളവരും എന്റെ ചുറ്റുമുള്ളവരെയും ഓര്‍ത്തപ്പോള്‍ കൊറോണ സെക്ഷനില്‍ അറിയിക്കാന്‍ തന്നെ തീരുമാനിച്ചു. കോട്ടയം മെഡിക്കല്‍ കോളേജിലെ തന്നെ കൊറോണ സെക്ഷനില്‍ ബന്ധപ്പെടുകയും അവിടെ ഉണ്ടായിരുന്ന ഡോക്ടര്‍ പറഞ്ഞു ഖത്തര്‍ എല്ലായിടത്തും കൊറോണ സ്‌പ്രെഡ് ആകുന്നതുകൊണ്ടു school supermarket അതുപോലെ ഇവിടെ നിന്നു qatar ലേക്കുള്ള യാത്രയും താല്‍കാലികമായി ക്ലോസ് ചെയ്തിരിക്കുന്നു എന്നും പറഞ്ഞു അവിടെ നിന്നും എന്നെ ഐസോലാഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിക്കുകയും ചെയ്തു.

അന്ന് രാത്രിയില്‍ ഏകദേശം 10: 30 യോട് കൂടി അച്ഛന് ഒരു strock ഉണ്ടാകുകയും മാരണപ്പെടുകയും ചെയ്തു ഇവിടെ ഐസോലാഷന്‍ വാര്‍ഡില്‍ നിന്നും ഒന്നു കാണാന്‍ സാദിക്കുമോയെന്നു ചോദിച്ചപ്പോള്‍ ഇപ്പോളത്തെ അവസ്ഥയില്‍ സാധിക്കുകയില്ലെന്നും അറിയിച്ചു കരയാന്‍ മാത്രമേ എനിക്ക് കഴിഞ്ഞോളൂ … തൊട്ടടുത്തു ഉണ്ടായിട്ടും ഒന്നു കാണാന്‍ പറ്റാതിരിക്കുന്നത് ഭീകരമാണ്. പിറ്റേദിവസം post mortem ഉണ്ടായിരുന്നു കട്ടിലില്‍ നിന്നു വീണതുകൊണ്ടു. ഞാന്‍ കിടന്നിരുന്ന റൂമിന്റെ മുന്‍ വശത്തു തന്നെ ആയിരുന്നു post mortem റൂം ഉണ്ടായിരുന്നത് 10 ആം തീയതി ഉച്ചയ്ക് 3 മണിയോട് കൂടി അച്ഛനുമായി ആംബുലന്‍സ് പോകുമ്പോള്‍ ജനലില്‍ കൂടി നോക്കി നില്‍ക്കാനേ കഴിഞ്ഞോളൂ…

വീട്ടില്‍ എത്തിയപ്പോള്‍ വീഡിയോ കാള്‍ ചെയ്താണ് ഞാന്‍ അച്ചാച്ചനെ അവസാനമായി കണ്ടത്. ഒരുപക്ഷേ ഞാന്‍ റിപ്പോര്‍ട്ട് ചെയ്തില്ലായിരുന്നെങ്കില്‍ എനിക്ക് അച്ചാച്ചനെ കാണാന്‍ പറ്റുമായിരുന്നു… എന്റെ വീട്ടിലുള്ളവരെയും നാട്ടിലുള്ളവരെയും ഞാന്‍ ആയിട്ടു രോഗം ഉണ്ടെങ്കില്‍ പടര്‍ത്തില്ല എന്നു ഉറപ്പിച്ചത് കൊണ്ടാണ് എനിക്ക് അപ്പനെ കാണാന്‍ പറ്റാതിരുന്നത്… ദയവായി പ്രവാസികള്‍ അടുത്തുള്ള മെഡിക്കല്‍ ഓഫീസില്‍ അറിയിക്കുക കുറച്ചു ദിവസങ്ങള്‍ ഇതിനായി മാറ്റിവച്ചാല്‍ നിങ്ങള്‍ക് നിങ്ങളുടെ കുടുംബതോടൊപ്പം സുഖമായി കഴിയാം. ഇപ്പോഴും ഐസോലാഷന്‍ റൂമില്‍ ആണ് negative result വരുന്നതും കാത്തു… ഒരുപക്ഷേ negative result ആണെങ്കില്‍ ആവും എനിക്ക് ഒരുപാട് സങ്കടമാവുക.