കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരം; നാലാഴ്ചത്തെ സമയം വേണമെന്ന് കേന്ദ്രം

കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കുന്നതിന് മാര്‍ഗനിര്‍ദേശം തയാറാക്കാന്‍ നാലാഴ്ചത്തെ സമയം വേണമെന്ന് കേന്ദ്രം സുപ്രിംകോടതിയെ അറിയിച്ചു. ദേശീയ ദുരന്ത നിവാരണ അതോറിറ്റിക്ക് സമഗ്രമായ മാര്‍ഗനിര്‍ദേശം തയാറാക്കാന്‍ സമയം വേണമെന്നും ധൃതി പിടിച്ചാല്‍ വിപരീതഫലം ഉണ്ടായേക്കാമെന്നുമാണ് കേന്ദ്രത്തിന്റെ വാദം.

ജൂണ്‍ 30നാണ് ഇത് സംബന്ധിച്ച് സുപ്രിംകോടതി കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കിയത്. മാര്‍ഗരേഖ തയാറാക്കാന്‍ കേന്ദ്രത്തിന് ആറാഴ്ചത്തെ സമയം അനുവദിക്കുകയും ചെയ്തിരുന്നു. എത്ര തുക എന്ന കാര്യത്തില്‍ കേന്ദ്രത്തിന് തീരുമാനമെടുക്കാം. കൊവിഡ് അനുബന്ധ രോഗങ്ങള്‍ ബാധിച്ചുള്ള മരണങ്ങളും കൊവിഡ് മരണമായി കണക്കാക്കണമെന്നും മരണ സര്‍ട്ടിഫിക്കറ്റില്‍ ഇക്കാര്യം വ്യക്തമാക്കണമെന്നുമാണ് കോടതി നിര്‍ദേശിച്ചത്.

ആരോഗ്യമേഖലയില്‍ ചെലവ് വര്‍ധിച്ചുവെന്നും നികുതി വരുമാനം കുറഞ്ഞെന്നുമാണ് കാരണമായി ചൂണ്ടിക്കാട്ടി നഷ്ടപരിഹാരം നല്‍കുന്നതിനെതിരെ പൊതുതാത്പര്യ ഹര്‍ജിയും കേന്ദ്രം നല്‍കിയിരുന്നു. മഹാമാരിയില്‍ മരിച്ച ലക്ഷകണക്കിന് പേരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കുക സാധ്യമല്ലെന്നും ദുരന്ത നിവാരണ നിയമപ്രകാരം ഭൂചലനം, പ്രളയം തുടങ്ങിയ പ്രകൃതി ദുരന്തങ്ങളിലാണ് നഷ്ടപരിഹാരം നല്‍കുന്നതെന്നും കേന്ദ്രസര്‍ക്കാര്‍ പറഞ്ഞു. കൊവിഡ് കാരണമുള്ള മരണമാണെങ്കില്‍ അക്കാര്യം മരണസര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തും എന്നും കേന്ദ്രം വാദിച്ചു.

അതേസമയം കേന്ദ്രസര്‍ക്കാര്‍ ഉയര്‍ത്തിയ സാങ്കേതിക തടസങ്ങള്‍ നിയമത്തിന്റെ താത്പര്യത്തിന് യോജിച്ചതല്ലെന്നാണ് ജസ്റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ ബെഞ്ച് നഷ്ടപരിഹാരം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി തീര്‍പ്പാക്കിക്കൊണ്ട് പ്രതികരിച്ചത്. കുടുംബത്തിന് നാല് ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കണമെന്നായിരുന്നു ഹര്‍ജിക്കാരന്റെ ആവശ്യം. നഷ്ടപരിഹാരം നല്‍കിയില്ലെങ്കില്‍ നിയമപരമായ ഉത്തരവാദിത്വത്തിന്റെ വീഴ്ചയാണിതെന്ന് കോടതി നിരീക്ഷിക്കുകയുണ്ടായി.