കൊവിഡ് കേസുകൾ വീണ്ടും വർധിക്കുന്നു

ഡൽ​​ഹി : രാജ്യത്ത് ഒരു ഇടവേളക്ക് ശേഷം കൊവിഡ് കേസുകൾ വീണ്ടും വർധിക്കുന്നു. തുടർച്ചയായി രണ്ടാം ദിവസവും രാജ്യത്ത് രണ്ടായിരത്തിന് മുകളിലാണ് കൊവിഡ് കേസുകൾ റിപ്പോര്‍ട്ട് ചെയ്തത്. 24 മണിക്കൂറില്‍ 2380 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 56 കൊവിഡ് മരണവും ഇന്ന് റിപ്പോർട്ട് ചെയ്തു.

നിലവില്‍ കൂടുതല്‍ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്ന പ്രധാന നഗരങ്ങളില്‍ ദില്ലിയാണ് ഏറ്റവും മുമ്പിലുള്ളത്. രാജ്യതലസ്ഥാനത്ത് ഇന്നലെ 1,009 പുതിയ കൊവിഡ് കേസുകളാണ് രേഖപ്പെടുത്തിയത്. ഫെബ്രുവരി 10-ന് 1,104 കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതിന് ശേഷം ദില്ലിയിൽ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന പ്രതിദിന കൊവിഡ് കണക്കാണിത്. പോസിറ്റീവ് നിരക്ക് 5.7 ശതമാനമായി ഉയർന്നു.

കൊവിഡ് കേസുകളിൽ ആഴ്ചകളോളം ഇടിവ് രേഖപ്പെടുത്തിയ ശേഷമാണ് ദില്ലി വീണ്ടും കൊവിഡ് ഭീതിയിലേക്ക് നീങ്ങുന്നത്. ആരോഗ്യ വകുപ്പിന്റെ കണക്കുകൾ പ്രകാരം ഏപ്രിൽ 11നും 18നും ഇടയിൽ പോസിറ്റിവിറ്റി നിരക്ക് ഏകദേശം മൂന്നിരട്ടിയോളം വർധിച്ചു. കൊവിഡ് വ്യാപനം ശക്തിപ്പെട്ടെങ്കിലും രോഗബാധിതരിൽ മൂന്ന് ശതമാനത്തിൽ താഴെ പേർ മാത്രമാണ് ആശുപത്രിയിൽ അഡ്മിറ്റായിട്ടുള്ളത്.