ഫോണ്‍ അലര്‍ജി, കെകെ ശൈലജയുടെ കാലത്തെ നല്ല പേര് പോയി; വീണ ജോര്‍ജിനെതിരെ സിപിഐ

പത്തനംതിട്ട. ആരോഗ്യമന്ത്രി വീണ ജോര്‍ജിനെതിരെ രൂക്ഷ വിമര്‍ശനവുമായി സിപിഐ. മന്ത്രിക്ക് ഫോണ്‍ അലര്‍ജിയാണെന്നും ഔദ്യോഗിക നമ്പരില്‍ പോലും വിളിച്ചാല്‍ എടുക്കില്ലെന്ന് സിപിഐ വിമര്‍ശിക്കുന്നു. സിപിഐ പത്തനംതിട്ട ജില്ലാ സമ്മേളനത്തിലാണ് വീണ ജോര്‍ജിനെതിരെ വിമര്‍ശനം ഉയര്‍ന്നത്.

കെകെ ശൈലജയുടെ കാലത്ത് ഉണ്ടായിരുന്ന നല്ല പേരെ വീണ ജോര്‍ജിന്റെ കാലത്ത് ഇല്ലെന്നും ഡപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാറും വീണ ജോര്‍ജും തമ്മിലുള്ള തര്‍ക്കം നാണക്കേടായെന്നും സമ്മേളനത്തില്‍ വിമര്‍ശനം ഉയര്‍ന്നു.

പത്തനംതിട്ട ജില്ലയുടെ ചുമതലയുള്ള മന്ത്രി വീണ ജോര്‍ജ് പത്തനംതിട്ടയിലെ എംഎല്‍എ മാര്‍ വിളിച്ചാല്‍ ഫോണ്‍ എടുക്കില്ലെന്ന് ഡപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ നേരത്തെ ആരോപിച്ചിരുന്നു.

എന്നാല്‍ ചിറ്റയം ഗോപകുമാറിന് ഗൂഢലക്ഷ്യങ്ങള്‍ ഉണ്ടെന്നും അസത്യങ്ങള്‍ പ്രചരിപ്പിക്കുകയാണെന്നും വീണ ജോര്‍ജ് പ്രതികരിച്ചിരുന്നു. സിപിഐയുടെ സംഘടന റിപ്പോര്‍ട്ടില്‍ സിപിഐഎമ്മിനും രൂക്ഷവിമര്‍ശനം ഉണ്ട്. എല്‍ഡിഎഫ് ജില്ലാ യോഗങ്ങളില്‍ കൂടിയാലോചനകള്‍ ഇല്ലെന്നും സിപിഐ പറയുന്നു.