ടൂറിസ്റ്റ് ബസ് ഡ്രൈവര്‍ക്കെതിരെ നരഹത്യാക്കുറ്റം; കെഎസ്ആര്‍ടിസി ഡ്രൈവറുടെ ഭാഗത്തുനിന്ന് വീഴ്ച സംഭവിച്ചോ എന്ന് പരിശോധിക്കും

പാലക്കാട്. വടക്കഞ്ചേരിയില്‍ ഒന്‍പത് പേരുടെ മരണത്തിനിടയാക്കിയ അപകടവുമായി ബന്ധപ്പെട്ട് ടൂറിസ്റ്റ് ബസ് ഡ്രൈവര്‍ ജോജോ പത്രോസ് എന്ന ജോമോനെതിരെ നരഹത്യാക്കുറ്റം ചുമത്ത് പോലീസ് കേസെടുത്തു. അപകടത്തിന് ശേഷം ഒളിവില്‍ പോയ ജോമോനെ തിരുവനന്തപുരത്തേക്കുള്ള യാത്രക്കിടെ ചവറയില്‍ വച്ചാണ് പോലീസ് അറസ്റ്റ് ചെയ്യുന്നത്. ടൂര്‍ ഓപ്പറേറ്റര്‍ എന്ന വ്യാജേനയാണ് ജോമോന്‍ രക്ഷപ്പെട്ടത്. എസ്പിയോട് അടക്കം താന്‍ ടൂര്‍ ഓപ്പറേറ്റര്‍ ആണെന്നാണ് പറഞ്ഞതെന്നും ഡിവൈഎസ്പി പറയുന്നു.

അതേസമയം കെഎസ്ആര്‍ടിസി ബസ് ഡ്രൈവറുടെ ഭാഗത്ത് നിന്ന് വീഴ്ച സംഭവിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. കെഎസ്ആര്‍ടിസി ബസിന്റെ സ്പീഡ് ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ പരിശോധിക്കും. കെഎസ്ആര്‍ടിസി ബസ് പെട്ടെന്ന് ബ്രേക്ക് ഇട്ടപ്പോഴാണ് അപകടം സംഭവിച്ചതെന്ന ആരോപണവും പരിശോധിക്കും. അപകട സ്ഥലത്ത് ഉണ്ടായിരുന്ന കാറിനെക്കുറിച്ച് പരിശോധിക്കുന്നുണ്ട്. അന്വേഷണത്തില്‍ എല്ലാ കാര്യങ്ങളും പെട്ടന്ന് കിട്ടില്ല. ഓരോ വകുപ്പുകള്‍ നല്‍കേണ്ട കാര്യങ്ങള്‍ ഉണ്ട്. അത് കൊണ്ട് അന്വേഷണത്തിന് സമയം എടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

ടൂറിസ്റ്റ് ബസ് ഉടമയ്‌ക്കെതിരെ കേസ് എടുത്തിട്ടില്ല. എല്ലാ കാര്യങ്ങളും പരിശോധിച്ച ശേഷം മാത്രമെ അത് തീരുമാനിക്കുവെന്നും. അതേസമയം ബസ് അമിത വേഗത്തിലാണെന്ന് ഉടമയ്ക്ക് രണ്ട് തവണ അലര്‍ട്ട് ലഭിച്ചിട്ടുണ്ടെന്നും. എന്നാല്‍ ഇടപെട്ടില്ലെന്നത് ഗൗരവമായി കാണണമെന്നും സ്ഥലം സന്ദര്‍ശിച്ച ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ എസ് ശ്രീജിത്ത് പറഞ്ഞു.

അതേസമയം വിനോദയാത്ര പോകുമ്പോള്‍ രാത്രി യാത്ര ഒഴിവാക്കണമെന്ന നിര്‍ദ്ദേശം സംസ്ഥാനത്തെ എല്ലാ സ്‌കൂളുകളും നിര്‍ബന്ധമായും പാലിക്കണമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി. രാത്രി 9 മണി മുതല്‍ രാവിലെ 6 വരെയാണ് യാത്ര പാടില്ലെന്ന് നിഷ്‌കര്‍ഷിച്ചിരിക്കുന്നത്. ടൂറിസം വകുപ്പ് അംഗീകാരം നല്‍കിയ നല്‍കിയിട്ടുള്ള ടൂര്‍ ഓപ്പറേറ്റര്‍മാരുടെ പട്ടികയില്‍ ഉള്ള വാഹനങ്ങള്‍ മാത്രമേ പഠന യാത്രകള്‍ക്ക് ഉപയോഗിക്കാവൂ. പഠനയാത്രകള്‍ കുട്ടികളുടെ പഠനവുമായി ബന്ധപ്പെട്ടുള്ളതാകണം. എല്ലാ യാത്രകളുടെയും പൂര്‍ണ്ണ ഉത്തരവാദിത്വം സ്ഥാപനങ്ങളുടെ തലവന്മാര്‍ക്കാണെന്ന് 2020 മാര്‍ച്ച് 02 ലെ ഉത്തരവിലൂടെ വ്യക്തമാക്കിയിട്ടുണ്ടെന്നും വിദ്യാഭ്യാസമന്ത്രി വ്യക്തമാക്കി.