ബ്ലൗസും ലുങ്കിയുമണി‍‌ഞ്ഞ് ഏഴിമല പൂഞ്ചോലയുടെ അഴകുമായി സിൽക്ക് സ്മിതക്ക് പുനർജന്മമേകി ദീപ്തി കല്യാണി

മലയാളികളുടെ എക്കാലത്തെയും മികച്ച മോഹൻലാൽ ചിത്രങ്ങളിലൊന്നാണ് സ്ഫടികം. ചിത്രത്തിലെ ഏഴിമല പൂഞ്ചോല എന്ന ​ഗാനം ഒരിക്കൽ പോലും കാണാത്ത മലയാളികൾ ഉണ്ടാകില്ല.. സിൽക്ക് സ്മിയും മോഹൻലാലും തമ്മിലുള്ള ​ഗാനത്തിന് ഇന്നും ആരാധകർ നിരവധിയാണ്. സിൽക്ക് മണ്മറഞ്ഞു 24 വർഷങ്ങൾ പിന്നിടുമ്പോൾ സിൽക്ക് സ്മിതയെ അനുകരിച്ചു എത്തിയിരിക്കുകയാണ് ട്രാൻസ് വുമൺ ദീപ്തി കല്യാണി. സോഷ്യൽ ആക്ടിവിസ്റ്റ് ദിയ സനയാണ് “നീലിമയിൽ നീരാടി സിൽക്ക് സ്മിത” എന്ന ക്യാപ്ഷൻ നൽകികൊണ്ട് സോഷ്യൽ മീഡിയ വഴി ചിത്രങ്ങൾ പങ്ക് വച്ചത്.

ഓർമ്മ മാത്രമായി തീർന്ന സിൽക്ക് സ്മിതയെ പുനഃരാവിഷ്കരിച്ചിരിക്കുകയാണ് ട്രാൻസ് മോഡലായ ദീപ്തി കല്യാണി. “ഇന്ത്യൻ സിനിമയിൽ ഇത്രയധികം ആരാധകരെ സംബാദിച്ച ഒരു അഭിനേത്രി ഉണ്ടാകില്ല, അതെ സിൽക്ക് സ്മിത എന്ന മാദക സൗന്ദര്യം, ഇന്നും നമ്മൾ മലയാളികൾ മനസ്സിൽ സൂക്ഷിക്കുന്നു, ഒരു അർട്ടിസ്റ്റ് എന്ന നിലയിൽ എനിക്ക് അവരുടെ വേഷം എത്രത്തോളം ചേരും എന്നറിയില്ല, എങ്കിലും ഒരു പരീക്ഷണമായിരുന്നു, ഇന്നും ഈ നടിയോടു അസൂയയാണ്,” എന്ന കുറിപ്പോട് കൂടിയാണ് ദീപ്‌തി ചിത്രങ്ങൾ പങ്ക് വെച്ചത്. ജിയോ മരോട്ടിക്കലാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.

ആമ്പല്ലൂർ കല്ലൂരിൽ ആണ് ചിത്രങ്ങളുടെ ഫോട്ടോഷൂട്ട് നടത്തിയത്. കൊറിയോഗ്രാഫർ കിരൺ ആണ് ഈ ഈ വ്യത്യസ്ത ഫോട്ടോഷൂട്ടിന് പിന്നിലെ മാസ്റ്റർ ബ്രയിൻ.പച്ച ബ്ലൗസും ഓറഞ്ച് കൈലിയും ധരിച്ച് അരഞ്ഞൊണവുമൊക്കെയിട്ട് സിൽക് സ്മിതയായി മാറിയപ്പോൾ ദീപ്തിയുടെ ചിത്രങ്ങളും സോഷ്യൽമീഡിയ ഏറ്റെടുത്തു. ട്രാൻസ്‌ജെൻഡർ ആയ എനിക്ക് ഇത് ചെയ്യാൻ കഴിയുമോ എന്ന ആശങ്കയുണ്ടായിരുന്നെന്നും പക്ഷേ തനിക്കൊപ്പമെത്തിയ ടീം എല്ലാ പിന്തുണയും തന്നെന്നും ദീപ്തി പറയുന്നു. ആളുകൾക്ക് ഇഷ്ടപ്പെടുന്നു എന്നറിഞ്ഞതിൽ വളരെ സന്തോഷം എന്നും ദീപ്തി പറയുന്നു.

17 വർഷം നീണ്ടു നിന്ന സിനിമാ ജീവിതത്തിൽ 450 ഓളം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. അഭിനയം മാത്രമല്ല, വളരെ നന്നായി നൃത്തവും ചെയ്തിരുന്നു സിൽക്ക് സ്മിത. ‘നാടോടി’ എന്ന ചിത്രത്തിലെ “ജുംബാ ജുംബാ” എന്ന ഗാനത്തിൽ മോഹൻലാലിനൊപ്പം നൃത്തച്ചുവടുകളുമായി എത്തിയ സിൽക്ക് സ്മിത മലയാളത്തിൽ മാത്രമല്ല, ഹിന്ദി ഉൾപ്പടെയുള്ള അന്യഭാഷകളിലും വേഷമിട്ടിരുന്നു. ഡേർട്ടി പിക്ച്ചർ എന്ന പേരിൽ സിൽക്ക് സ്മിതയുടെ ജീവിതം സിനിമയായപ്പോൾ അതിന് ലഭിച്ച വൻ സ്വീകാര്യതയും ഈ കലാകാരിയെ വൈകിയാണെങ്കിലും പ്രേക്ഷകർ തിരിച്ചറിഞ്ഞു എന്നതിൻ്റെ തെളിവാണ്.