ഡല്‍ഹി മദ്യനയ അഴിമതി, മനീഷ് സിസോദിയയുടെ ജുഡീഷ്യല്‍ കസ്റ്റഡി നീട്ടി

ന്യൂഡല്‍ഹി. ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ പ്രതിയായ മനീഷ് സിസോദിയയുടെ ജുഡീഷ്യല്‍ കസ്റ്റഡി നീട്ടി. ഏപ്രില്‍ ആറ് വരെയാണ് കസ്റ്റഡി നീട്ടിയത്. ഡല്‍ഹിയിലെ റൂസ് അവന്യൂ കോടതിയുടെതാണ് ഉത്തരവ്. കേസില്‍ അന്വേഷണം നടക്കുകയാണെന്നും പ്രതികള്‍ പുറത്തിറങ്ങിയാല്‍ അത് അന്വേഷണത്തെ ബാധിക്കുമെന്നും അന്വേഷണ സംഘം കോടതിയെ അറിയിച്ചു.

അതേസമയം കേസില്‍ ബിആര്‍എസ് നേതാവ് കെ കവിത അറസ്റ്റിലായിരുന്നു. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളുമായും മനീഷ് സിസോദിയയുമായും കവിത ഗൂഢാലോചന നടത്തിയതായി ഇഡി കണ്ടെത്തിയിരുന്നു.

അതേസമയം മദ്യ നയം രൂപികരിക്കുന്നതുമായി ബന്ധപ്പെട്ട് 100 കോടി കവിത കൈമാറിയതായിട്ടാണ് ഇഡി കണ്ടെത്തിയത്. കഴിഞ്ഞ ശനിയാഴ്ചയാണ് കേസുമായി ബന്ധപ്പെട്ട് കവിതയെ ഇഡി അറസ്റ്റ് ചെയ്തത്.