പൈലറ്റ് ലൈസന്‍സ്; ട്രാന്‍സ് ജെന്‍ഡര്‍ വിഭാഗത്തില്‍ അപേക്ഷിക്കാന്‍ ആദം ഹാരിയോട് ഡിജിസിഎ Adam hari

കൊച്ചി: ട്രാന്‍സ്മാന്‍ പൈലറ്റ് ആദം ഹാരിയോട് വൈദ്യപരിശോധനയ്ക്ക് വീണ്ടും അപേക്ഷ സമര്‍പ്പിക്കാന്‍ നിര്‍ദേശം നല്‍കി ഡിജിസിഎ. പൈലറ്റ് പരിശീലനം തുടരാനുള്ള അനുമതി നിഷേധിച്ചത് വാര്‍ത്തയായതിനു പിന്നാലെയാണ് ഡിജിസിഎയുടെ നടപടി.ഹോര്‍മോണ്‍ ചികിത്സ നടക്കുന്നതിനാല്‍ മെഡിക്കല്‍ ക്ലിയറന്‍സ് നല്‍കാനാവില്ലെന്നായിരുന്നു ഡിജിസിഎ ആദ്യം പറഞ്ഞിരുന്നത്. 2020ലാണ് ആദം ഹാരി അപേക്ഷ നല്‍കിയത്. മാനസികനില പരിശോധനയടക്കം കടുത്ത പരിശോധനകള്‍ക്ക് വിധേയമാക്കിയതായി ആദം ഹാരി പറഞ്ഞിരുന്നു.

ട്രാന്‍സ്ജെന്‍ഡറായതുകൊണ്ട് ലൈസന്‍സ് നിഷേധിച്ചിട്ടില്ലെന്നും എയര്‍ക്രാഫ്റ്റ് ചട്ടങ്ങള്‍ പ്രകാരം യോഗ്യതയുണ്ടെങ്കില്‍ ട്രാന്‍സ്ജെന്‍ഡര്‍ വ്യക്തിക്കും ലൈസന്‍സ് അനുവദിക്കുമെന്നും ഡിജിസിഎ വിശദീകരിച്ചു. ഹോര്‍മോണ്‍ റീപ്ലെയ്‌സ്‌മെന്റ് തെറാപ്പിയും ജെന്‍ഡര്‍ ഡിസ്‌ഫോറിയയുമാണ് അനുമതി നിഷേധിക്കാന്‍ കാരണമായി പറഞ്ഞത്. തുടര്‍ന്ന് കേരള ഹൈക്കോടതിയില്‍ ഡിജിസിഎയ്ക്കെതിരെ നിയമപോരാട്ടം ആരംഭിച്ചു.

2018ലാണ് ആദം ഹോര്‍മോണ്‍ തെറാപ്പി ആരംഭിക്കുന്നത്. എട്ട് മാസം മുമ്ബ് ശസ്ത്രക്രിയയും നടത്തി. 2019ല്‍ തിരുവനന്തപുരത്തെ രാജീവ് ഗാന്ധി അക്കാഡമി ഫോര്‍ ഏവിയേഷന്‍ ടെക്‌നോളജിയില്‍ പരിശീലനം നേടുന്നതിന് കേരള സര്‍ക്കാര്‍ സ്‌കോളര്‍ഷിപ്പ് അനുവദിച്ചിരുന്നു. ദക്ഷിണാഫ്രിക്കയില്‍ നിന്നാണ് എവിയേഷന്‍ പഠനം പൂര്‍ത്തിയാക്കിയത്. 2020ല്‍ മെഡിക്കല്‍ പരിശോധന നടത്തിയപ്പോള്‍ വനിത വിഭാഗത്തില്‍ പങ്കെടുക്കാന്‍ ഡിജിസിഎ നിര്‍ബന്ധിച്ചിരുന്നെന്നും ആദം ഹാരി പറഞ്ഞിരുന്നു