അട്ടപ്പാടി ശിശുമരണം; നിയമസഭയില്‍ ഭരണ, പ്രതിപക്ഷ അംഗങ്ങളുടെ വാക്‌പോര്

തിരുവനന്തപുരം/ ആരോഗ്യമന്ത്രി വീണ ജോര്‍ജിന്റെ നിയമസഭയിലെ പ്രസ്താവനയില്‍ ഭരണ പ്രതിപക്ഷ അംഗങ്ങള്‍ തമ്മില്‍ തര്‍ക്കം. അട്ടപ്പാടിയിലെ ശിശുമരണ വിഷയം സഭയില്‍ ഉന്നയിച്ചപ്പോള്‍ ആരോപണം ഉന്നയിച്ചാല്‍ മാത്രം പോരാ എംഎല്‍എമാര്‍ സ്ഥലം സന്ദര്‍ശിക്കണമെന്നായിരുന്നു മന്ത്രിയുടെ മറുപടി. തുടര്‍ന്ന് പ്രതിപക്ഷം നടുത്തളത്തില്‍ ഇറങ്ങി പ്രതിഷേധിച്ചു. സഭ നിര്‍ത്തിവെക്കുകയും ചെയ്തു.

ആദിവാസികള്‍ക്കിടയിലെ ശിശുമരണമാണ് പ്രതിപക്ഷം അടിയന്തര പ്രമേയമായി അവതരിപ്പിച്ചത്. കോട്ടത്തറ ആശുപത്രിയില്‍ മതിയായ സൗകര്യങ്ങള്‍ ഒരുക്കിയിട്ടില്ലെന്നും ആശുപത്രിയിലേക്കുള്ള വൈദ്യുതി ബന്ധം കെഎസ്ഇബി വിച്ഛേദിച്ചെന്നും ആരോപിച്ചിരുന്നു.

കോട്ടത്തറ ആശുപത്രിയിലേക്ക് അനുവദിച്ച 12 കോടി രൂപ പെരുന്തല്‍മണ്ണയിലെ ഇഎംഎസ് ആശുപത്രിക്ക് കൈമാറിയെന്ന് പ്രതിപക്ഷ നേതാവും പറഞ്ഞതോടെ ഭരണ പക്ഷം ബഹളം വെക്കുകയായിരുന്നു. എന്നാല്‍ മന്ത്രി ഫണ്ട് വകമാറ്റിയെന്ന ആരോപണം നിഷേധിച്ചു. തുടര്‍ന്ന് പ്രതിപക്ഷവും ഭരണപക്ഷവും തമ്മില്‍ ശക്തമായ തര്‍ക്കം ഉണ്ടാകുയായിരുന്നു.