അച്ഛൻ ഇരുന്ന് എന്റെ ഇന്റർവ്യൂ കാണും, ആസ്വദിക്കും, ചിരിക്കും- ധ്യാൻ ശ്രീനിവാസൻ

മലയാളികളുടെ പ്രീയ താരപുത്രനാണ് ധ്യാൻ ശ്രീനിവാസൻ. ധ്യാനിന്റെ ഇന്റർവ്യൂകൾക്ക് ആരാധകർ ഏറെയാണ്. അച്ഛൻ ഈ അഭിമുഖങ്ങൾ എല്ലാം കാണാറുണ്ടോ എന്ന ചോദ്യത്തിന് ധ്യാൻ നൽകിയ ഉത്തരമാണ് ശ്രദ്ധ നേടുന്നത്. അഭിമുഖങ്ങൾ കണ്ട് അച്ഛന് തന്നോടുള്ള നിലപാടിൽ മാറ്റം വന്നിട്ടുണ്ടെന്നും ധ്യാൻ പറയുന്നു.

‘അച്ഛന് എന്നോടുള്ള നിലപാടിൽ ചെറിയ മാറ്റം വന്നിട്ടുണ്ട് എന്നാണ് അമ്മ പറഞ്ഞത്. അതിൽ എന്റെ ഇന്റർവ്യൂസിന് വലിയ പങ്കുണ്ട്. കുട്ടികൾ കാർട്ടൂൺ കാണുന്നതു പോലെ അച്ഛൻ ഇരുന്ന് എന്റെ ഇന്റർവ്യൂ കാണുന്നു, ആസ്വദിക്കുന്നു, ചിരിക്കുന്നു. എന്റെ കാര്യത്തിൽ അച്ഛൻ ഇപ്പോൾ വളരെ ഹാപ്പിയാണ്. കാരണം സിനിമകളില്ലെങ്കിലും ഞാൻ ജീവിക്കുമെന്ന് അദ്ദേഹത്തിന് മനസ്സിലായി’ എന്നും ധ്യാൻ പറയുന്നു.

മുൻപ് ധ്യാനിന്റെ അഭിമുഖങ്ങൾ കുറിച്ച് വിനീത് പ്രതികരിച്ചിരുന്നു. അവൻ പറയുന്ന കഥകളിൽ കുറച്ചു മാത്രം സത്യവും ബാക്കി അവന്റെ കയ്യിൽ നിന്ന് ഇടുന്നതുമാണെന്നാണ് വിനീത് പറഞ്ഞത്. ചേട്ടന്റെ ഈ അഭിപ്രായത്തോടും ധ്യാൻ പ്രതികരിക്കുന്നുണ്ട്. കഥകളിൽ പൊടിപ്പും തൊങ്ങലും ചേർക്കുന്നതല്ലേ ക്രിയേറ്റിവിറ്റി എന്നാണ് ധ്യാൻ പറഞ്ഞത്. ചേട്ടന് അസൂയ ആണെന്നും ധ്യാൻ പറഞ്ഞു.

2017 ഏപ്രിലിലാണ് കോട്ടയം സ്വദേശിനിയായ അർപിതയെ ധ്യാൻ വിവാഹം കഴിച്ചത്. പ്രണയ വിവാഹമായിരുന്നു ഇരുവരുടേതും. പത്ത് വർഷം നീണ്ട സൗഹൃദത്തിന് ഒടുവിലായിരുന്നു ഇരുവരുടെയും വിവാഹം. ‘ലവ് ആക്ഷൻ ഡ്രാമ’ എന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റം കുറിച്ച ധ്യാൻ ഇപ്പോൾ നിർമ്മാണരംഗത്തേക്കും കടന്നിരിക്കുകയാണ്.