ഒന്നാം പിറന്നാൾ ആഘോഷിക്കാൻ പാച്ചുവിനൊപ്പം കെസ്റ്ററില്ല, ഒരേ സമയം ദുഖവും സന്തോഷവും- ഡിംപിൾ

മലയാളികളുടെ പ്രിയപ്പെട്ട മിനിസ്‌ക്രീൻ താരമാണ് ഡിംപിൾ റോസ്. ഇപ്പോൾ നടി അഭിനയ രംഗത്ത് സജീവമല്ല. സോഷ്യൽ മീഡിയയിലും യൂട്യൂബിലുമൊക്കെയായി സജീവമാണ് നടി. ഡിംപിൾ റോസ് പങ്കിടുന്ന വിശേഷങ്ങൾ എല്ലാം വളരെ പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്.

ആൻസൺ ഫ്രാൻസിസാണ് ഭർത്താവ്. മക്കളുടെ ജന്മദിനത്തിൽ ഡിംപിൾ പങ്കിട്ട് വീഡിയോയാണ് ശ്രദ്ധേയമാകുന്നത്. ഒരേ സമയം സന്തോഷവും സങ്കടവുമാണ് ജൂൺ 14 എന്ന ദിവസം സമ്മാനിക്കുന്നത്. കാരണം താരത്തിന്റെ ഇരട്ട കുഞ്ഞുങ്ങളിൽ ഒരാളായ പാച്ചു മാത്രമെ ഇന്ന് ഒള്ളൂ. രണ്ടാമത്തെ കുഞ്ഞായ കെസ്റ്റർ ജനിച്ച്‌ മണിക്കൂറുകൾക്കുള്ളിൽ ഈ ലോകത്ത് നിന്നും യാത്രയായി. ഓർക്കാനും മറക്കാനും കഴിയാത്ത നിരവധി സംഭവങ്ങൾ കഴിഞ്ഞ വർഷംജീവിതത്തിലുണ്ടായി‌.

ഒരു മകനെ നഷ്ടപ്പെട്ടെങ്കിലും കെസ്റ്റർ പാച്ചുവിലൂടെ തനിക്കൊപ്പം ജീവിക്കുന്നുവെന്ന വിശ്വാസത്തിലാണ്. പാച്ചുവിന്റെ ഒന്നാം പിറന്നാൾ‌ ദിനത്തിൽ കെസ്റ്ററിന്റെ കല്ലറ‌യിൽ പൂക്കൾ വെക്കാൻ എത്തിയിരുന്നു. കെസ്റ്റർ പോയശേഷവും പാച്ചു അതീവ ​ഗുരുതരാവസ്ഥയിൽ എൻഐസിയുവിലായിരുന്നു. തൊണ്ണൂറ് ദിവസത്തെ ആശുപത്രി വാസത്തിന് ശേഷമാണ് പാച്ചുവിനെ കൈകളിലേക്ക് ലഭിച്ചത്. പാച്ചുവിന്റെ ഒന്നാം പിറന്നാൾ കുടുംബത്തോടൊപ്പമാണ് ഡിംപിൾ ആഘോഷിച്ചത്. പാച്ചുവിന് നിരവധിപേരാണ് സോഷ്യൽമീഡിയ വഴി ആശംസകൾ നേരുന്നത്.