പുരുഷന്റെ വിജയത്തിന് പിന്നിലും ഒരു സ്ത്രീയുണ്ടെന്ന് പറഞ്ഞു പിടിപ്പിച്ച കാല്പനികതയിലല്ല ഇനിയും ഈ നാട് വളരേണ്ടത്, കുറിപ്പ്

പുരുഷന്റ് വിജയത്തിന് പിന്നില്‍ സ്ത്രീ ഉണ്ട് എന്നല്ല ഇന്നത്തെ കാലത്ത് പറയേണ്ടത്. പലപ്പോഴും പുരുഷന് ഒപ്പമോ ചിലപ്പോഴൊക്കെ ഒരുപടി മുന്നിലോ ആണ് സ്ത്രീകള്‍. ഇപ്പോള്‍ ഡോ. സരിന്‍ പി പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമാവുകയാണ്. ‘ഏതൊരു പുരുഷന്റെയും വിജയത്തിന് പിന്നിലും ഒരു സ്ത്രീയുണ്ടെന്ന്’ പറഞ്ഞു പിടിപ്പിച്ച കാല്‍പനികതയിലല്ല ഇനിയും ഈ നാട് വളരേണ്ടതെന്ന് സരിന്‍ കുറിക്കുന്നു. ജീവിത യാത്രയില്‍ തനിക്കു തുണയായി, പിന്നിലല്ല മുന്നിലാണ് ഭാര്യയുള്ളതെന്നും കുറിക്കുന്നു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം, ‘ഏതൊരു പുരുഷന്റെ വിജയത്തിന് പിന്നിലും ഒരു സ്ത്രീയുണ്ടെന്ന്’ പറഞ്ഞു പിടിപ്പിച്ച കാല്പനികതയിലല്ല ഇനിയും ഈ നാട് വളരേണ്ടത്. എന്റെയും നിങ്ങളുടെയും വീട്ടിലെ സ്ത്രീകളുടെ കൂടി അഭിമാനം അടയാളപ്പെടുത്തുന്ന ദിവസമാണിന്ന്. അല്ലാതെ, മറ്റേതോ അച്ഛനോ, മകനോ, ആങ്ങളയോ കണ്ടെത്തിയ പെണ്‍കരുത്തിനെ മാത്രം ഓര്‍ത്തഭിമാനിക്കേണ്ട ദിവസമല്ല ഇന്ന്.

തള്ളയ്ക്ക് പിറന്നവര്‍ക്ക് കൂടിയായി ചുരുക്കിപ്പറയാം, എന്റെ കഥ. പ്രണയം കൊണ്ടവളെന്നെ വീര്‍പ്പുമുട്ടിച്ചു ആദ്യം. കരുതലോടെ എന്നെ തളച്ചിട്ടു പിന്നെയവള്‍. അവള്‍ പ്രണയിനി. തനിക്കെത്തേണ്ടയിടങ്ങള്‍ എനിക്കു മുന്നില്‍ പറഞ്ഞു വച്ചു, അവള്‍. അവിടെയെത്താന്‍ അവള്‍ക്കൊറ്റയ്ക്കാകുമെങ്കിലും എനിക്കായി അവള്‍ കാത്തു നിന്നു. അവള്‍ ഭാര്യ.

പിന്നെ അമ്മയായി. സ്റ്റെതസ്‌കോപ്പ് വയ്ക്കുമ്പോള്‍ അനേകായിരം കുരുന്നുകള്‍ക്ക് കൂടി അവള്‍ അമ്മയായി. പിന്നെയും ഊര്‍ജ്ജം ബാക്കിയായിരുന്നു അവളില്‍. അതെടുത്ത് അവള്‍ എനിക്കു നേരെ നീട്ടിക്കൊണ്ട് ഇന്നും പറയാതെ പറയുന്ന ഒന്നുണ്ട് : പിന്നിലല്ല, മുന്നിലുണ്ട് ഞാന്‍!