അടച്ചിട്ട മുറികളിൽ 75, തുറസ്സായ സ്ഥലങ്ങളിൽ 150, എടപ്പാൾ മേൽപ്പാലം ഉദ്ഘാടനത്തിനെതിരെ വിമർശനം

കോവിഡ് കേസുകളും ഒമിക്രോൺ സംസ്ഥാനത്ത് വർദ്ധിച്ചതോടെ ചില നിർദ്ദേശങ്ങൾ സർക്കാർ‌ മുന്നോട്ടുവെച്ചിരുന്നു, പൊതുപരിപാടികളിൽ അടച്ചിട്ട മുറികളിൽ 75, തുറസ്സായ സ്ഥലങ്ങളിൽ 150 എന്നിങ്ങനെ പരിമിതപ്പെടുത്തുകയും ചെയ്തിരുന്നു. പ്രവാസികൾക്ക് കോവിഡ് നെ​ഗറ്റീവാണെങ്കിൽ പോലും ഏഴ് ദിവസത്തെ നിർബന്ധിത ക്വോറന്റൈനും പ്രഖ്യാപിച്ചിരുന്നു

സംസ്ഥാനത്ത് ഒമിക്രോൺ വ്യാപനം വർധിക്കുന്ന സാചര്യത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കാൻ സർക്കാർ നിർദേശം നിലനിൽക്കെ ആയിരങ്ങളെ പങ്കെടുപ്പിച്ച് നടന്ന എടപ്പാൾ മേൽപ്പാലം ഉദ്ഘാടനത്തിനെതിരെ വ്യാപക വിമർശനം ഉയരുന്നു. പൊതുപരിപാടികളിൽ അടച്ചിട്ട മുറികളിൽ 75, തുറസ്സായ സ്ഥലങ്ങളിൽ 150 എന്നിങ്ങനെ പരിമിതപ്പെടുത്തുകയും ചെയ്ത സാഹചര്യം ചൂണ്ടിക്കാട്ടിയാണ് സോഷ്യൽ മീഡിയയിൽ വിമർശനം ഉയരുന്നത്. വിദേശ രാജ്യങ്ങളിൽ നിന്നും സംസ്ഥാനത്തെത്തുന്ന എല്ലാ യാത്രക്കാർക്കും 7 ദിവസം നിർബന്ധിത ഹോം ക്വാറന്റൈൻ ഏർപ്പെടുത്തുമെന്ന നിർദേശം ഉൾപ്പെടെ വിമർശകർ ചൂണ്ടിക്കാട്ടുന്നു.

അതേസമയം, പതിറ്റാണ്ടുകളുടെ കാത്തിരിപ്പിന് ഒടുവിലാണ് മലപ്പുറത്തിന്റെ സ്വപ്ന പദ്ധതിയായ എടപ്പാൾ മേൽപാലം പൊതുമരാമത്ത് മന്ത്രി പി ഐ മുഹമ്മദ് റിയാസ് നാടിന് സമർപ്പിച്ചത്. പാലം യാഥാർഥ്യമായതോടെ എടപ്പാളിലെ ഏറെ നാളത്തെ ഗതാഗത തടസത്തിന് പരിഹാരമാകും.

കിഫ്ബിയില്‍ നിന്ന് 13.6 കോടി രൂപ ചെലവിലാണ് പാലം നിര്‍മാണം പൂര്‍ത്തിയാക്കിയത്.പദ്ധതി എല്‍ഡിഎഫ് സര്‍ക്കാരിന് ഏറെ അഭിമാനകരമാണ് എന്നായിരുന്നു പി എ മുഹമ്മദ് റിയാസ് പാലം ഉദ്ഘാടനം ചെയ്തുകൊണ്ട് വ്യക്തമാക്കിയത്. ഉദ്ഘാടന ചടങ്ങില്‍ മുന്‍മന്ത്രിയും തവനൂര്‍ എംഎല്‍എയുമായ കെ ടി ജലീല്‍, മന്ത്രി വി അബ്ദുറഹിമാന്‍, ഇ ടി മുഹമ്മദ് ബഷീര്‍ എം പി, എംഎല്‍എ പി നന്ദകുമാര്‍ എന്നിവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു.