തെക്കന്‍ കേരളത്തില്‍ ബലിപെരുന്നാള്‍ ജൂലൈ പത്തിന്

കേരളത്തിലെ തെക്കന്‍ ഭാഗങ്ങളിൽ ബലിപെരുന്നാള്‍ ജൂലൈ പത്തിനാണെന്ന് പാളയം ഇമാം പ്രഖ്യാപിച്ചു. ദുൽഹജ്ജ് മാസപ്പിറവി കേരളത്തിന്‍റെ പലഭാഗത്തും ദൃശ്യമായതിനാൽ ദുൽഹജ്ജ് ഒന്ന് വെള്ളിയാഴ്ച്ച ആയിരിക്കുമെന്ന് കേരള മുസ്ലീം ജമാഅത്ത് ഫെഡറേഷൻ സംസ്ഥാന പ്രസിഡന്‍റ് കടക്കൽ അബ്ദുൽ അസീസ് മൗലവി അറിയിച്ചു.

സൗദി അറേബ്യയിൽ ദുൽഹജ്ജ് മാസപ്പിറവി ദൃശ്യമായതോടെ ബലിപെരുന്നാൾ ജൂലൈ ഒമ്പതിനാണെന്ന് ഉറപ്പായി. ഹജ്ജിലെ പ്രധാന ചടങ്ങായ അറഫ ദിനം ജൂലൈ എട്ടിനായിരിക്കും. സൗദി അറേബ്യയിലെ തുമൈർ എന്ന സ്ഥലത്താണ് ഇന്ന് മാസപ്പിറവി ദൃശ്യമായത്.

അറബി മാസം ദുല്‍ഹജ്ജ് പത്തിനാണ് ബലി പെരുന്നാള്‍ ആഘോഷിക്കുന്നത്. സൗദി അറേബ്യയില്‍ ബുധനാഴ്ച വൈകുന്നേരം മാസപ്പിറവി നിരീക്ഷിക്കണമെന്ന് സുപ്രീം കോടതി ആഹ്വാനം ചെയ്‍തിരുന്നു. ഒമാനിലും ബലി പെരുന്നാള്‍ ജൂലൈ ഒന്‍പതിന് തന്നെയായിരിക്കുമെന്ന് മതകാര്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.