കേരളം ഉള്‍പ്പടെ രണ്ടാംഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് വിജ്ഞാപനം വ്യാഴാഴ്ച പുറത്തിറങ്ങും

തിരുവനന്തപുരം. രണ്ടാംഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് വിജ്ഞാപനം വ്യാഴാഴ്ച പുറത്തിറങ്ങും. സ്ഥാനാര്‍ഥികള്‍ക്ക് അടുത്തമാസം നാല് വരെ നാമനിര്‍ദേശ പത്രിക നല്‍കാനുള്ള അവസരമുണ്ട്. കേരളത്തിലെ 20 മണ്ഡലങ്ങളില്‍ ഉള്‍പ്പെടെ 98 മണ്ഡലങ്ങളില്‍ ഏപ്രില്‍ 26നാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ആദ്യഘട്ടത്തിലെ തിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പട്ടികയുടെ സൂക്ഷ്മ പരിശോധന ഇന്ന് ആരംഭിക്കും.

102 മണ്ഡലങ്ങളിലാണ് ആദ്യഘട്ടത്തില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഈ മാസം 30 വരെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ സാധിക്കും. അതേസമയം ഉത്സവാഘോഷം പരിഗണിച്ച് ബീഹാറില്‍ ഇന്നും സ്ഥാനാര്‍ഥികള്‍ക്ക് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ സാധിക്കും.

കേരളത്തില്‍ തിരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശ പത്രിക സമര്ഡപ്പിക്കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയായി. രാവിലെ 11 മുതല്‍ വൈകിട്ട് മൂന്ന് വരെയാണ് പത്രിക സ്വീകരിക്കുന്ന സമയം. സംസ്ഥാനത്തെ 20 ലോക്‌സഭാ മണ്ഡലങ്ങളിലേക്കും ബന്ധപ്പെട്ട റിട്ടേണിംഗ് ഓഫീസര്‍മാര്‍ക്ക് മുന്നില്‍ പത്രിക സമര്‍പ്പിക്കാം. കാസര്‍കോട്് ജില്ലയിലെ ബിജെപി സ്ഥാനാര്‍ഥി എംഎല്‍ അശ്വനിയും കൊല്ലം ജില്ലയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം മുകേഷും നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും.