45 വര്‍ഷത്തെ പ്രവാസം അവസാനിപ്പിച്ചു തിരികെ നാട്ടിലെത്തിയ ദിവസം മരണം

ദുബായ്: ജീവിതത്തിന്റെ രണ്ട് അറ്റം കൂട്ടിമുട്ടിക്കാനായി പ്രവാസ ലോകത്ത് എത്തിയ നിരവധി പേരുണ്ട്. വര്‍ഷങ്ങള്‍ നീണ്ട പ്രവാസ ജീവിതത്തിന് ശേഷം നാട്ടില്‍ തിരികെ എത്തി സ്വസ്ഥമായ ജീവിതം ആരംഭിക്കുന്നവരുമുണ്ട്. ഇത്തരത്തില്‍ 45 വര്‍ഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലെത്തി കുടുംബത്തോടൊപ്പം ജീവിക്കാനായിരുന്നു ഗീവര്‍ഗീസിന്റെ പദ്ധതിയും. ഇത് പ്രാകാരം അദ്ദേഹം നാട്ടില്‍ എത്തുകയും ചെയ്തു. എന്നാല്‍ ഒരു ആയുസ് കാലം മുഴുവന്‍ മണലാരണ്യത്തില്‍ കിടന്ന് പണുത വീട്ടില്‍ അവസാനമായി കാലുകുത്താന്‍ അദ്ദേഹത്തിനായില്ല.

നാട്ടില്‍ എത്തിയ തിരുവല്ല കാവുങ്കല്‍ പുത്തന്‍വീട്ടില്‍ ഗീവര്‍ഗീസ് മത്തായി എന്ന 67കാരന് വിധി കാത്ത് വെച്ചിരുന്നത് മറ്റൊന്ന് ആയിരുന്നു. നാട്ടിലെത്തിയ ദിവസം ഗീവര്‍ഗീസ് ലോകത്ത് നിന്നു തന്നെയാത്രയായി. വള്ളംകുളത്തെ സ്വന്തം വീട്ടില്‍ എത്തുന്നതിന് മുമ്പെ ആയിരുന്നു മരണം സംഭവിച്ചത്. പരുമല ആശുപത്രിയില്‍ ശസ്ത്രക്രിയ്ക്ക് വിധേയനാകാന്‍ ഇരിക്കുകയായിരുന്നു. ഇന്നലെ നെടുമ്പാശേരി വിമാനത്താവളത്തില്‍ ഇറങ്ങിയതിന് ശേഷം എടത്വയിലെ ബന്ധുവീട്ടില്‍ ഉച്ചയോടെ എത്തി. ഈ സമയം അസ്വസ്ഥത അനുഭവപ്പെടുകയായിരുന്നു. പിന്നീട് മരണം സംഭവിച്ചു.

ആരോഗ്യമേഖലയിലെ ജീവനക്കരുടെ ഗതാഗതവുമായി ബന്ധപ്പെട്ടാണു ദുബായില്‍ പ്രവര്‍ത്തിച്ചിരുന്നത്. സംസ്‌കാരം നാളെ മൂന്നിന് വള്ളംകുളം ഐപിസി ഹെബ്രോന്‍ ചര്‍ച്ച് സെമിത്തേരിയില്‍. ഭാര്യ: മറിയക്കുട്ടി. മക്കള്‍: ഷിജോ (സിഗ്‌ന ഇന്‍ഷുറന്‍സ്, ദുബായ്), ഷീന (ഷാര്‍ജ സര്‍ക്കാര്‍ സര്‍വീസ്).