രശ്മിക മന്ദാനയ്‌ക്കെതിരെ വിമര്‍ശനവുമായി ആരാധകര്‍

തെലുങ്കില്‍ നിരവധി മികച്ച കഥാപാത്രങ്ങള്‍ അവതരിപ്പിച്ച് മറ്റ് ഭാഷകളിലും ശ്രദ്ധിക്കപ്പെട്ട നടിയാണ് രശ്മിക മന്ദാന.പുഷ്പയിലൂടെയാണ് രശ്മികയെ കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. പുഷ്പയ്ക്ക് ശേഷം രശ്മികയ്ക്ക് കൂടുതല്‍ അവസരങ്ങള്‍ ലഭിക്കുന്നുണ്ട്. കര്‍ണാടകക്കാരിയായ രശ്മിക കന്നഡ സിനിമയിലൂടെ ആണ് കരിയര്‍ തുടങ്ങുന്നത്. കൂടുതല്‍ പ്രശസ്ത ആയത് തെലുങ്ക് സിനിമകള്‍ക്ക് ശേഷമാണ്. ഇപ്പോഴിതാ കന്നഡ സോഷ്യല്‍ മീഡിയകളില്‍ നിന്നും രശ്മികയ്‌ക്കെതിരെ വിമര്‍ശനങ്ങള്‍ ഉയരുകയാണ്.

സൂപ്പര്‍ ഹിറ്റായി മുന്നേറിക്കൊണ്ടിരിക്കുന്ന കാന്താര എന്ന സിനിമ ആണ് ഇതിന് കാരണം. കാന്താരയെ സിനിമാ ലോകത്തെ നിരവധി പ്രമുഖര്‍ ഇതിനകം പുകഴ്ത്തിയിട്ടുണ്ട്. കലക്ഷന്‍ റെക്കോഡ് സൃഷ്ടിച്ച് കൊണ്ടിരിക്കുന്ന സിനിമയെ പറ്റി ഇതുവരെ രശ്മിക ഒന്നും പറഞ്ഞിട്ടില്ല. സിനിമ കണ്ടിട്ടില്ലെന്ന് ഇക്കഴിഞ്ഞ ദിവസം നടി വ്യക്തമാക്കുകയും ചെയ്തിരുന്നു. ഇതാണ് റിഷബ് ഷെട്ടി ആരാധകരെ ചൊടിപ്പിച്ചത്. കന്നഡ സിനിമയ്ക്ക് അഭിമാനമായി മാറിയ കാന്താരയെക്കുറിച്ച് നടി എന്തുകൊണ്ടാണ് സംസാരിക്കാത്തതെന്ന് ഇവര്‍ ചോദിക്കുന്നു.

സോഷ്യല്‍ മീഡിയയില്‍ സജീവവുമാണ് രശ്മിക. ഇന്ന് താരറാണിയായി മാറിയത് കന്നഡ സിനിമയില്‍ നിന്നും പോയാണെന്ന് മറക്കരുതെന്ന് രശ്മികയെ പലരും സോഷ്യല്‍ മീഡിയ വഴി ഓര്‍മ്മപ്പെടുത്തുന്നു. രശ്മികയുമായി വിവാഹം കഴിക്കാനിരുന്ന നടന്‍ രക്ഷിത് ഷെട്ടിയുടെ സുഹൃത്താണ് കാന്തര ഒരുക്കിയ റിഷബ് ഷെട്ടി. വിവാഹ നിശ്ചയം കഴിഞ്ഞെങ്കിലും പിന്നീട് രണ്ട് പേരും ഇതില്‍ നിന്ന് പിന്‍മാറുകയായിരുന്നു. രക്ഷിത് ഷെട്ടിയുടെ സുഹൃത്ത് ആയതിനാലാണോ റിഷബ് ഷെട്ടിയുടെ സിനിമയെ പറ്റി ഒന്നും പറയാത്തതെന്നും ചിലര്‍ ചോദിക്കുന്നു.

അതേസമയം ഇത്തരം വിമര്‍ശനങ്ങളോട് പൊതുവെ രശ്മിക പ്രതികരിക്കാറില്ല. എന്നാല്‍ കഴിഞ്ഞ ദിവസം തനിക്കെതിരെ കുറേക്കാലമായി നടക്കുന്ന ട്രോളുകള്‍ക്കെതിരെ രശ്മിക ശബ്ദിച്ചിരുന്നു. കരിയര്‍ തുടങ്ങിയ കാലം മുതല്‍ തനിക്കെതിരെ സൈബര്‍ ആക്രമണം വരുന്നു. സിനിമാ ജീവിതത്തിന്റെ ഭാഗമാണ് ഇതെന്നും അവഗണിക്കണമെന്ന് പലരും പറഞ്ഞിട്ടുണ്ടെങ്കിലും കാര്യങ്ങള്‍ കൂടുതല്‍ വഷളാവുന്നു.

ഇത്തരം ട്രോളുകളും അധിക്ഷേപങ്ങളും സിനിമാ ലോകത്തെയും അതിന് പുറത്തെയും തന്റെ ബന്ധങ്ങളെ ബാധിക്കുന്നെന്നും രശ്മിക ചൂണ്ടിക്കാണിച്ചിരുന്നു. നല്ല വിമര്‍ശനങ്ങള്‍ സ്വീകരിക്കുന്നെന്നും എന്നാല്‍ ഇത്തരം വിദ്വേഷങ്ങള്‍ എന്തിനാണെന്നും രശ്മിക ചോദിച്ചു. പോസ്റ്റിന് പിന്നാലെ നടിക്ക് പിന്തുണയുമായി നിരവധി പേര്‍ രംഗത്തെത്തി. ദുല്‍ഖര്‍ സല്‍മാന്‍, ഹന്‍സിക തുടങ്ങിയ താരങ്ങള്‍ രശ്മികയ്ക്ക് പിന്തുണ അറിയിച്ചു.

കരിയറിലെ ഏറ്റവും മികച്ച സമയത്ത് നില്‍ക്കുന്ന രശ്മിക സോഷ്യല്‍ മീഡിയയിലും തരംഗമാവാറുണ്ട്, നിലവില്‍ ഏറ്റവും കൂടുതല്‍ ഇന്‍സ്റ്റഗ്രാം ഫോളോവേഴ്‌സുളള തെന്നിന്ത്യന്‍ നടി രശ്മികയാണ്. സമാന്തയാണ് നടിക്ക് പിന്നില്‍. 26 കാരിയായ രശ്മിക തമിഴ് സിനിമകളിലും സജീവമാവാന്‍ പോവുകയാണ്. വിജയ്‌ക്കൊപ്പം എത്തുന്ന വരിസ് ആണ് രശ്മികയുടെ വരാനിരിക്കുന്ന തമിഴ് സിനിമ. ബോളിവുഡില്‍ ഗുഡ്‌ബൈ എന്ന സിനിമയാണ് രശ്മികയുടേതായി ഒടുവില്‍ പുറത്തിറങ്ങിയത്.