വിലയില്ല, നഷ്ടം മാത്രം, മൂന്ന് ഏക്കര്‍ വഴുതന കൃഷി കര്‍ഷകന്‍ നശിപ്പിച്ചു

ചിറ്റൂര്‍:3 ഏക്കർ വഴുതന കൃഷി തോട്ടം ട്രാക്ടർ ഓടിച്ച് നശിപ്പിച്ചു. വിള ആരും വാങ്ങാൻ ഇല്ലാത്തതിനാൽ വഴുതനങ്ങ ചീഞ്ഞ് പോകുന്നു. കർഷകരുടെ ഈ വിലാപ കാഴ്ച്ച കേരളത്തിലെ പാലക്കാട് നിന്നാണ്‌. സാധാരണ ഇത്തരം വാർത്തകൾ വരുന്നത് ഹിന്ദി മേഖലയിൽ നിന്നായിരുന്നു.

ലോക്ക് ഡൗണും മറ്റും നിലവില്‍ വന്നതോടെ കര്‍ഷകരാണ് ദുരിതം അനുഭവിക്കുന്നത്. കാരണം മറ്റൊന്നുമല്ല വന്‍ തുക മുടക്കി വിളയിച്ചെടുത്ത പച്ചക്കറികളും മറ്റും ആരും എടുക്കുന്നില്ല. പലര്‍ക്കും മുടക്കു മുതല്‍ പോലും കിട്ടുന്നില്ല. എല്ലാവരും നഷ്ടത്തിലാണ്. ഇപ്പോള്‍ മൂന്ന് ഏക്കറിലെ വഴുത കൃഷി കര്‍ഷകന്‍ നശിപ്പിക്കുകയായിരുന്നു. എരുത്തേമ്പതി ആര്‍വിപി പുതൂരിലെ പച്ചക്കറിക്കര്‍ഷകനും പഞ്ചായത്തംഗവുമായ ആര്‍.സി. സമ്പത്ത് കുമാറാണ് ഏക്കറിന് ഒരു ലക്ഷത്തോളം രൂപ മുടക്കിയ കൃഷി മണ്ണില്‍ തന്നെ കുഴിച്ചുമൂടിയത്.

ആഴ്ചയില്‍ രണ്ട് പ്രാവശ്യമാണ് വിളവെടുപ്പ്. രണ്ട് തവണയായി മൂന്ന് ടണ്ണിലധികം വഴുതന ലഭിക്കും. തുടര്‍ന്ന് വഴുതനയുമായി വേലന്താവളത്തും കൊഴിഞ്ഞാമ്പാറയിലുമുള്ള വിപണിയിലെത്തിച്ചപ്പോള്‍ 25 കിലോയുടെ ഒരു ചാക്ക് വഴുതനയ്ക്കു പറഞ്ഞത് വെറും 150 രൂപ ആയിരുന്നു. അതായത് കിലോയ്ക്ക് വെറും ആറ് രൂപ മാത്രം. ഇവിടെ ചില്ലറ വില്‍പനവില 25 രൂപയാണ്. പാലക്കാട് നഗരത്തില്‍ ചില്ലറവിപണിയില്‍ 35 രൂപയും ഉണ്ട്. കിലോയ്ക്ക് 15 രൂപയെങ്കിലും കിട്ടിയാലെ മുടക്ക് മുതലെങ്കിലും കര്‍ഷകന് ലഭിക്കൂ.

വിവരം അറിഞ്ഞ് ഹോര്‍ട്ടി കോര്‍പ് അധികൃതര്‍ ഇടപെട്ടു. എന്നാല്‍ കൃഷിയിടത്തിലെ തുള്ളിനന പൈപ്പുകള്‍ മാറ്റിയതിനാല്‍ ഇനി കൃഷി തുടരുന്നില്ലെന്നായിരുന്നു സമ്പത്തിന്റെ നിലപാട്. എന്നാല്‍, പച്ചക്കറി വില്‍ക്കാനാവാത്ത സ്ഥിതിയുണ്ടായാല്‍ ഹോര്‍ട്ടികോര്‍പ് എടുക്കാമെന്നു കര്‍ഷകരെ അറിയിച്ചിരുന്നതാണെന്നും വഴുതന വില്‍ക്കാനാവാത്ത വിവരം ആരും അറിയിച്ചില്ലെന്നും ജില്ലാ മാനേജര്‍ എസ്. അനസ് പറഞ്ഞു.

അതേസമയം സാഹചര്യം ചൂഷണം ചെയ്ത് ഇടനിലക്കാരാണ് കൊള്ള ലാഭം കൊയ്യുന്നതെന്നാണ് വിവരം. കര്‍ഷകനില്‍ നിന്നും തീരെ വില കുറച്ച് കായ്കനികള്‍ എടുത്ത് വന്‍ വിലയ്ക്കാണ് ആവശ്യക്കാര്‍ക്ക് വില്‍ക്കുന്നത്.