വഴക്കിന് പിറകെ അച്ഛൻ ആത്മഹത്യ ചെയ്തു, മനംനൊന്ത് മകനും ജീവനൊടുക്കി.

കൊച്ചി/ മകനുമായി വഴക്കുണ്ടായ പിറകെ വീടുവിട്ടിറങ്ങിയ അച്ഛന്‍ തൂങ്ങിമരിച്ചു. സംഭവത്തിൽ മനംനൊന്ത് മകനും ജീവനൊടുക്കി. മദ്യപിച്ച ശേഷം ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായെന്നാണ് നാട്ടുകാർ പറയുന്നത്. അച്ഛനെയും മകനെയും മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

മുനമ്പം പള്ളിപ്പുറത്ത് എടക്കാട് വീട്ടില്‍ ബാബു (60), മകന്‍ സുഭാഷ് (34) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച രാവിലെയാണ് ഇരുവരേയും മരിച്ച നിലയില്‍ നാട്ടുകാര്‍ കണ്ടെത്തുന്നത്. അച്ഛനും മകനും തമ്മില്‍ കഴിഞ്ഞ ദിവസം മദ്യപിച്ച ശേഷം വാക്കേറ്റമുണ്ടായി. തുടര്‍ന്ന് വീടിന് പുറത്തേക്ക് പോയ ബാബു ആത്മഹത്യ ചെയ്യുകയായിരുന്നു. ഇത് കണ്ട് മനംനൊന്ത മകന്‍ സുഭാഷും ആത്മഹത്യ ചെയ്യുകയാണ് ഉണ്ടായത്.

കുടുംബ കലഹത്തെ തുടര്‍ന്നാണ് അച്ഛനും മകനും ആത്മഹത്യ ചെയ്തതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ബാബുവിന്റെ ഭാര്യ കിടപ്പ് രോഗിയാണ്. മുനമ്പം പോലീസ് സ്ഥലത്തെത്തി നടപടികള്‍ സ്വീകരിച്ചുവരുന്നു.