വിവാഹ ഫോട്ടോ കണ്ടപ്പോൾ ഒത്തിരി സന്തോഷം തോന്നി, ശ്രീലക്ഷ്മിയുടെ അച്ഛനെ ഇല്ലായ്മ ചെയ്തപ്പോൾ താൻ ജയിച്ചു എന്ന് ജിഷ്ണു കരുതിക്കാണും

മകളുടെ കല്യാണത്തലേന്ന് പിതാവ് കൊല്ലപ്പെട്ട വാർത്ത സമൂഹത്തെ ഞെട്ടിച്ചിരുന്നു. അതേത്തുടർന്ന് മാറ്റിവെച്ച ശ്രീലക്ഷ്മിയുടെ വിവാഹം കഴിഞ്ഞ ദിവസം നടന്നു. പെൺകുട്ടിയുടെ മുൻ സുഹൃത്ത് ജിഷ്ണുവും സംഘവുമായിരുന്നു കൊലയ്ക്ക് പിന്നിൽ. പിന്നീട് ഇവരെ പോലീസ് അറസ്റ്റ് ചെയ്തു. അച്ഛൻ കൊല്ലപ്പെട്ട് രണ്ടാഴ്ച പിന്നിട്ടപ്പോൾ വിവാഹം കഴിച്ചെന്ന പേരിൽ ശ്രീലക്ഷ്മിക്കുനേരെ ചില വിമർശനങ്ങൾ വന്നിരുന്നു. ഈ വിഷയവുമായി ബന്ധപ്പെട്ടു സന്ദീപ് ദാസിന്റെ കുറിപ്പാണു ശ്രദ്ധിക്കപ്പെടുന്നത്. അച്ഛൻ മരിച്ചിട്ട് രണ്ടാഴ്ച്ച കഴിഞ്ഞപ്പോഴേയ്ക്കും വിവാഹം കഴിച്ചത് ശരിയല്ല എന്നാണ് അവരുടെ വാദം. അത്തരക്കാർ അവഗണനയും പുച്ഛവും മാത്രമേ അർഹിക്കുന്നുള്ളൂ. ശ്രീലക്ഷ്മിയുടെ വരൻ്റെ വീട്ടുകാർ മുൻകൈ എടുത്താണ് ഈ വിവാഹം ഇപ്പോൾ തന്നെ നടത്തിയത്. അച്ഛൻ മരിച്ച പെൺകുട്ടിയുടെ ദുഃഖത്തിന് മാർക്കിടാൻ നടക്കുന്ന കേശവൻ മാമൻമാർക്ക് അവർ പുല്ലുവിലയാണ് കൽപ്പിച്ചത് എന്ന് സാരമെന്ന് കുറിപ്പിൽ പറയുന്നു

ഈ വിവാഹഫോട്ടോ കണ്ടപ്പോൾ എനിക്ക് ഒത്തിരി സന്തോഷം തോന്നി. കാൽക്കീഴിലിട്ട് ചവിട്ടിയരയ്ക്കാനുള്ള ഒരു വസ്തുവാണ് പെണ്ണ് എന്ന് വിശ്വസിക്കുന്ന ചില പുരുഷ കേസരികൾക്ക് കിട്ടാവുന്ന ഏറ്റവും വലിയ അടിയാണ് ഈ വിവാഹം.ഫോട്ടോയിൽ കാണുന്ന ശ്രീലക്ഷ്മി എന്ന പെൺകുട്ടിയ്ക്ക് 15 ദിവസങ്ങൾക്കുമുമ്പ് സ്വന്തം അച്ഛനെ നഷ്ടപ്പെട്ടിരുന്നു. അവളുടെ അച്ഛൻ മരിച്ചതല്ല ; ക്രൂരമായി കൊലപ്പെടുത്തിയതാണ്. ശ്രീലക്ഷ്മിയുടെ വിവാഹത്തലേന്നാണ് ആ ദാരുണമായ സംഭവം അരങ്ങേറിയത്.

അയൽവാസിയായ ജിഷ്ണു ശ്രീലക്ഷ്മിയെ വിവാഹം കഴിക്കാനുള്ള താത്പര്യം പ്രകടിപ്പിച്ചിരുന്നു. പക്ഷേ ശ്രീലക്ഷ്മിയും കുടുംബവും ജിഷ്ണുവിൻ്റെ ആവശ്യം അംഗീകരിച്ചില്ല. അതിൻ്റെ പകമൂലം ജിഷ്ണുവും കൂട്ടാളികളും ശ്രീലക്ഷ്മിയുടെ അച്ഛനെ കൊന്നുതള്ളുകയായിരുന്നു.
സ്ത്രീകൾക്ക് ‘നോ’ പറയാനുള്ള അവകാശം ഇല്ലെന്നാണ് ചില പുരുഷൻമാരുടെ ധാരണ. സൂപ്പർ മാർക്കറ്റിൽ ചെന്ന് പർച്ചേസ് നടത്തുന്ന ലാഘവത്തിൽ ഒരു പെൺകുട്ടിയെ ഭാര്യയായി നേടാം എന്ന് വിശ്വസിക്കുന്ന യുവാക്കളെ ഇപ്പോഴും കാണാം.

വിവാഹ അഭ്യർത്ഥന നിരസിക്കുന്ന സ്ത്രീകൾക്കെതിരെ എന്തെല്ലാമാണ് നാട്ടിൽ നടക്കാറുള്ളത്?ബ്ലാക് മെയ്ലിംഗ്.മുഖത്ത് ആസിഡ് ഒഴിക്കൽ.പെട്രോൾ ഒഴിച്ച് കത്തിക്കൽ…അങ്ങനെ എന്തെല്ലാം കുറ്റകൃത്യങ്ങൾ…!അതിൻ്റെ മറ്റൊരു പതിപ്പാണ് ശ്രീലക്ഷ്മിയുടെ കാര്യത്തിൽ കണ്ടത്.
സ്വന്തം ജീവിതപങ്കാളിയെ നിശ്ചയിക്കാനുള്ള അവകാശം സ്ത്രീകൾക്കുണ്ട്. ഭർത്താവുമായി ഒരുതരത്തിലും ഒത്തുപോകാനാവുന്നില്ല എന്ന് മനസ്സിലായാൽ വിവാഹബന്ധം വേർപെടുത്താനുള്ള അധികാരവും സ്ത്രീകൾക്കുണ്ട്. നമ്മുടെ ആൺമക്കളെ ഇതെല്ലാം പറഞ്ഞ് പഠിപ്പിക്കുകയാണ് വേണ്ടത്.

ശ്രീലക്ഷ്മിയുടെ അച്ഛനെ ഇല്ലായ്മ ചെയ്തപ്പോൾ താൻ ജയിച്ചു എന്ന് ജിഷ്ണു കരുതിക്കാണും. സത്യത്തിൽ ആ നരാധമൻ നാണംകെട്ട പരാജയമാണ് ഏറ്റുവാങ്ങിയത്. തൻ്റെ നല്ലകാലം മുഴുവനും ജിഷ്ണുവിന് ജയിലിൽ ചെലവഴിക്കാം. ശ്രീലക്ഷ്മി അപ്പോൾ ഭർത്താവിനൊപ്പം സസുഖം ജീവിക്കുകയായിരിക്കും.’നോ’ പറയുന്ന പെൺകുട്ടികളെ ഉപദ്രവിക്കാൻ ലക്ഷ്യമിടുന്ന ജിഷ്ണുമാർ ഒരു കാര്യം ഓർത്തുകൊള്ളുക. എന്തെല്ലാം കുടില തന്ത്രങ്ങൾ പയറ്റിയാലും ആ കളിയിൽ നിങ്ങൾക്കായിരിക്കും പരാജയം.

ചില യാഥാസ്ഥിതികർ ശ്രീലക്ഷ്മിയുടെ വിവാഹത്തോട് എതിർപ്പ് പ്രകടിപ്പിക്കുന്നുണ്ട്. അച്ഛൻ മരിച്ചിട്ട് രണ്ടാഴ്ച്ച കഴിഞ്ഞപ്പോഴേയ്ക്കും വിവാഹം കഴിച്ചത് ശരിയല്ല എന്നാണ് അവരുടെ വാദം. അത്തരക്കാർ അവഗണനയും പുച്ഛവും മാത്രമേ അർഹിക്കുന്നുള്ളൂ. ശ്രീലക്ഷ്മിയുടെ വരൻ്റെ വീട്ടുകാർ മുൻകൈ എടുത്താണ് ഈ വിവാഹം ഇപ്പോൾ തന്നെ നടത്തിയത്. അച്ഛൻ മരിച്ച പെൺകുട്ടിയുടെ ദുഃഖത്തിന് മാർക്കിടാൻ നടക്കുന്ന കേശവൻ മാമൻമാർക്ക് അവർ പുല്ലുവിലയാണ് കൽപ്പിച്ചത് എന്ന് സാരം.ലോകം മാറുകയാണ്‌. പുരോഗമനപരമായി ചിന്തിക്കുന്ന ആളുകളുടെ എണ്ണം കൂടിവരികയാണ്. അവശേഷിക്കുന്ന ജിഷ്ണുമാർക്കും കേശവൻ മാമൻമാർക്കും വംശനാശം സംഭവിച്ചാൽ ഈ ഭൂമി ഏറ്റവും സുന്ദരമാകും…