കമ്പകക്കാനം കൂട്ടക്കൊലപാതകത്തിന് സമയം കുറിച്ചു നല്‍കിയ ജ്യോത്സ്യന്‍ കസ്റ്റഡിയില്‍

ഇടുക്കി: കമ്പകക്കാനത്ത് നാലംഗ കുടുംബത്തെ കൊലപ്പെടുത്തിയ സംഘത്തിന് കൂട്ടക്കൊല നടത്തുന്നതിന് സമയം കുറിച്ചു നല്‍കിയ ജ്യോതിഷിയെ കസ്റ്റഡിയില്‍ എടുത്തതായി സൂചന. കൂട്ടക്കൊലപാതകം നടത്തുന്നതിനുള്ള സമയം കുറിക്കുന്നതിന് അടിമാലിയില്‍ എത്തി ഒരു ജ്യോതിഷിയെ കണ്ടിരുന്നതായി ചോദ്യം ചെയ്യലില്‍ മുഖ്യപ്രതി അനീഷ് വെളിപ്പെടുത്തിയിരുന്നു. വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ വിവരങ്ങള്‍ തേടിയാണ് പോലീസ് സംഘം ഇയാളെ കസ്റ്റഡിയില്‍ എടുത്തത്.

കൊലപാതകത്തിന് താന്‍ കുറിച്ച് നല്‍കിയ സമയം ഉത്തമമാണെന്നും പിടിക്കപ്പെടില്ലെന്നും ജ്യോതിഷി അനീഷിനോട് പറഞ്ഞു. പിടിക്കപ്പെടാതിരിക്കാന്‍ കോഴിക്കുരുതി നടത്തിയെന്നും ഈ ജ്യോതിഷി ഇതില്‍ പങ്കെടുത്തതായും അനീഷ് അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞു. സ്വര്‍ണം വില്‍ക്കാന്‍ കൂട്ടുനിന്ന ലിബീഷിന്റെ സുഹൃത്തിനെയും കസ്റ്റഡിയില്‍ എടുത്തുവെന്നാണ് സൂചന. ജോത്സ്യനും ലിബീഷിന്റെ സുഹൃത്തിനും കൊലപാതകത്തില്‍ പങ്കില്ലെങ്കിലും ഇരുവരേയും കേസില്‍ പ്രതിചേര്‍ക്കും.

മൃതദേഹങ്ങള്‍ മറവു ചെയ്യാന്‍ അനീഷിന് കൂടുതല്‍ പേരുടെ സഹായം ലഭിച്ചിട്ടുണ്ടെന്നാണ് പോലീസ് നിഗമനം. ഇത് സംബന്ധിച്ച് പോലീസ് അന്വേഷണം പുരോഗമിക്കുകയാണ്. കൃഷ്ണനെ കൊലപ്പെടുത്തിയ ശേഷം കോഴിക്കൊല നടത്തിയതോടെ പിടിക്കപ്പെടില്ലെന്ന വിശ്വാസത്തിലായിരുന്നു അനീഷ്. എന്നാല്‍ പോലീസ് തന്നെ തേടുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഇയാള്‍ വനത്തിനുള്ളിലേക്ക് രക്ഷപെട്ടു. മൂന്നാം ദിവസം സുഹൃത്തിന്റെ വീട്ടില്‍ നിന്നുമാണ് അനീഷ് പിടിയിലായത്.

ദുര്‍മന്ത്രവാദത്തില്‍ കൃഷ്ണന്റെ ശിഷ്യനായിരുന്നു മുഖ്യപ്രതി അനീഷ്. തന്റെ വിവാഹം നടക്കുന്നതിനും വീട് വയ്ക്കുന്നതിനും കൃഷ്ണനെക്കൊണ്ട് പൂജകള്‍ ചെയ്യിച്ചിരുന്നു. ഇതിനായി 30,000 രൂപ പ്രതിഫലവും നല്‍കി. മറ്റൊരു സുഹൃത്തിന് വേണ്ടി അനീഷ് ഇടനില നിന്ന് കൃഷ്ണന് ഒന്നര ലക്ഷം രൂപ പ്രതിഫലം വാങ്ങി നല്‍കിയിരുന്നു. എന്നാല്‍ പൂജയ്ക്ക് ഉദ്ദേശിച്ച ഫലം ലഭിച്ചില്ല. ഇതേതുടര്‍ന്ന് പണം തിരികെ നല്‍കണമെന്ന് അനീഷ് ആവശ്യപ്പെട്ടു. എന്നാല്‍ നല്‍കാനാകില്ലെന്നായിരുന്നു കൃഷ്ണന്റെ നിലപാട്. ഇതേതുടര്‍ന്നുള്ള വൈരാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.