വീട്ടുകാരോട് ശുഭരാത്രി പറഞ്ഞ് ഉറങ്ങാന്‍ കയറും, പിന്നെ പുറത്ത് ചാടും, മാതാപിതാക്കളെ പറ്റിച്ച് കുട്ടിക്കള്ളന്മാരുടെ മോഷണം

കോഴിക്കോട്: ഒന്നരവര്‍ഷത്തിനിടെ എണ്‍പതിലധികം കവര്‍ച്ചയില്‍ പങ്കാളികളായ രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ നാലുപേരെ ഒടുവില്‍ പോലീസ് പിടികൂടി. കക്കോടി സ്വദേശി ജിഷ്ണു, മക്കട ബദിരൂര്‍ സ്വദേശി ധ്രുവന്‍ എന്നിവര്‍ക്കൊപ്പം രണ്ട് കുട്ടികളെയുമാണ് ചേവായൂര്‍ പൊലീസും സിറ്റി ക്രൈം സ്‌ക്വാഡും ചേര്‍ന്ന് പിടികൂടിയത്. ലഹരി ഉപയോഗത്തിനും ആഢംബര ജീവിതത്തിനും പണം കണ്ടെത്തുന്നതിനാണ് കവര്‍ച്ചയെന്നാണ് ഇവര്‍ മൊഴി നല്‍കി.

ശുഭരാത്രിയും പറഞ്ഞ് മുറിയില്‍ കയറി വാതില്‍ അടയ്ക്കും. എന്നാല്‍ പിന്നീട് നൈറ്റ് ഔട്ടിനായി വീട്ടുകാര്‍ അറിയാതെ പുറത്തിറങ്ങും. നാല് പേരും നേരത്തെ പറഞ്ഞുറപ്പിച്ച സ്ഥലത്ത് എത്തും. ആദ്യം കണ്ണില്‍ പെടുന്ന ഇരുചക്ര വാഹനം മോഷ്ടിക്കും. തുടര്‍ന്ന് ഒരുമിച്ച് ഒരേ ബൈക്കില്‍ കറങ്ങി പിന്നീട് മോഷണം തുടരും. വാഹനത്തിന്റെ ഇന്ധനം തീര്‍ന്നാല്‍ വഴിയില്‍ ഉപേക്ഷിക്കും. അടുത്ത വാഹനം മോഷ്ടിച്ച് യാത്ര തുടരും. കവര്‍ച്ച പൂര്‍ത്തിയാക്കി പുലരും മുമ്പ് വീട്ടുകാര്‍ അറിയാതെ വീട്ടില്‍ തിരികെ എത്തും. ഒന്നും അറിയാത്ത രീതിയില്‍ കിടന്നുറങ്ങും.

ജിഷ്ണുവും ധ്രുവനും പ്രായപൂര്‍ത്തിയാകാത്ത രണ്ട് പേരുമാണ് കവര്‍ച്ചയ്ക്ക് പിന്നില്‍. ചേവായൂര്‍, മാവൂര്‍, നടക്കാവ്, കൊയിലാണ്ടി, തേഞ്ഞിപ്പാലം സ്റ്റേഷന്‍ പരിധിയില്‍ നിന്ന് ഇരുചക്ര വാഹനങ്ങള്‍ കവര്‍ന്നു. കുറ്റിക്കാട്ടൂര്‍, ബാലുശ്ശേരി, കുമാരസ്വാമി, അത്തോളി തുടങ്ങിയ സ്ഥലങ്ങളിലെ പലചപക്ക് കടകളിലും സംഘം മോഷണം നടത്തി.

എന്നാല്‍ രക്ഷിതാക്കള്‍ കരുതുന്നത് തങ്ങളുടെ മക്കള്‍ എന്നും വീട്ടില്‍ കിടന്ന് ഉറങ്ങുകയാണ് എന്നായിരുന്നു. എന്നാല്‍ പോലീസ് വിളിക്കുമ്പോഴാണ് ഞെട്ടിക്കുന്ന സത്യങ്ങള്‍ പുറത്ത് വരുന്നത്. മാത്രമല്ല് കൂട്ടുകാരന്റെ സഹോദരന്റെ വിവാഹം, പിറന്നാള്‍ ആഘോഷം തുടങ്ങി വിവിധ കള്ളങ്ങള്‍ പറഞ്ഞ് ഇവര്‍ പുറത്ത് പോയതും കവര്‍ച്ചയ്ക്ക് വേണ്ടിയായിരുന്നു. ഇവര്‍ ലക്ഷ്യം വയ്ക്കുന്നത് എളുപ്പത്തില്‍ പൂട്ട് പൊളിക്കാന്‍ സാധിക്കുന്ന കടകളാണ്. വര്‍ക്ക് ഷോപ്പിന് സമീപം നിര്‍ത്തിയിട്ടിരിക്കുന്ന വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റാണ് പലപ്പോഴും മോഷ്ടിക്കപ്പെടുന്ന വാഹനങ്ങളില്‍ പതിപ്പിച്ചിരുന്നത്.

യാത്രയില്‍ പോലീസിനെ കണ്ടാല്‍ വാഹനം ഉപേക്ഷിച്ച് രക്ഷപ്പെടുന്നതാണ് രീതി. സിസി ടിവി ദൃശ്യങ്ങളും സൂചനകളും പിന്തുടര്‍ന്ന ക്രൈം സ്‌ക്വാഡ് ആണ് നാല് പേരെയും പിടികൂടിയത്. പിടിയിലായ ജിഷ്ണു ദിവസങ്ങള്‍ക്ക് മുന്‍പാണ് കവര്‍ച്ചാക്കേസില്‍ ജാമ്യത്തിലിറങ്ങിയത്.