ഫാ. പീലിയാനിക്കല്‍: ജനനായകനില്‍നിന്ന്‌ പ്രതിനായകനിലേക്ക്‌

ആലപ്പുഴ : കാര്‍ഷിക വായ്‌പാ തട്ടിപ്പുകേസില്‍ അറസ്‌റ്റിലായതോടെ കുട്ടനാട്‌ വികസന സമിതി എക്‌സിക്യൂട്ടീവ്‌ ഡയറക്‌ടര്‍ ഫാ. തോമസ്‌ പീലിയാനിക്കല്‍ ജനനായകനില്‍നിന്നു പ്രതിനായകനിലേക്ക്‌. കര്‍ഷകരുടെ ബുദ്ധിമുട്ടുകളും ജനകീയ വിഷയങ്ങളുമൊക്കെ ഉയര്‍ത്തിക്കാട്ടി കുട്ടനാട്ടിലെ പൊതുരംഗത്ത്‌ രണ്ടു പതിറ്റാണ്ടായി നിറഞ്ഞുനിന്നയാളാണ്‌ ഫാ. പീലിയാനിക്കല്‍. എല്ലാ വിഭാഗം ജനങ്ങളും രാഷ്‌ട്രീയപാര്‍ട്ടികളുമൊക്കെ ആദരിക്കുകയും അംഗീകരിക്കുകയും ചെയ്യുന്ന വ്യക്‌തിത്വമായുളള അദ്ദേഹത്തിന്റെ വളര്‍ച്ച വളരെ വേഗത്തിലായിരുന്നു.

ഏതാനും മാസങ്ങള്‍ക്കു മുമ്പാണു ഫാ. പീലിയാനിക്കലിനെ സംശയനിഴലിലാക്കി കാര്‍ഷിക വായ്‌പാ തട്ടിപ്പ്‌ പുറത്തുവന്നത്‌. ഒരുവശത്ത്‌ കര്‍ഷകരറിയാതെ അവരുടെ പേരില്‍ വായ്‌പകളെടുത്തെന്ന്‌ ആരോപണം നേരിടുന്ന ഫാ. പീലിയാനിക്കല്‍ മറുവശത്ത്‌ കാര്‍ഷിക വായ്‌പകള്‍ എഴുതിത്തള്ളാനായി നിരന്തരം പ്രക്ഷോഭങ്ങള്‍ നടത്തുകയായിരുന്നു. ഇതിനായി ഡല്‍ഹിയില്‍പോയി കേന്ദ്ര കൃഷിമന്ത്രിക്ക്‌ നിവേദനം നല്‍കുക വരെയുണ്ടായി. ആരോപണങ്ങള്‍ ഉയര്‍ന്നപ്പോള്‍ എല്ലാം നിഷേധിച്ചെങ്കിലും അറസ്‌റ്റ്‌ ഭയന്ന്‌ ആലപ്പുഴ ജില്ലാ സെഷന്‍സ്‌ കോടതിയെ സമീപിച്ചു. മുന്‍കൂര്‍ ജാമ്യഹര്‍ജി തള്ളിയതോടെ ഇടയ്‌ക്ക്‌ ഒളിവില്‍പോകുകയും ആശുപത്രിയില്‍ ചികിത്സ തേടുകയും ചെയ്‌തു. സ്വയംസഹായ സംഘങ്ങള്‍ക്കും ഗ്രൂപ്പുകള്‍ക്കും നല്‍കുന്ന കാര്‍ഷിക വായ്‌പകളുടെ മറവില്‍ കുട്ടനാട്ടില്‍ കോടികളുടെ തട്ടിപ്പ്‌ നടന്നതായാണ്‌ ആരോപണം.

കര്‍ഷകരുടെ പേരില്‍ വ്യാജ ഒപ്പിട്ടു പണം തട്ടിയെന്നാണു പരാതി. പലര്‍ക്കും ജപ്‌തി നോട്ടീസ്‌ ലഭിച്ചതോടെയാണ്‌ തട്ടിപ്പ്‌ വിവരം പുറത്തുവന്നത്‌. വായ്‌പകള്‍ തിരിച്ചടയ്‌ക്കാത്തതിനെ തുടര്‍ന്ന്‌ 250 കര്‍ഷകര്‍ക്കാണ്‌ വിവിധ ബാങ്കുകള്‍ ജപ്‌തി നോട്ടീസ്‌ അയച്ചത്‌. ഇവര്‍ ബാങ്കുകളില്‍ അന്വേഷിച്ചപ്പോള്‍ തിരിച്ചറിയില്‍ രേഖപോലുമില്ലാതെ വ്യാജ ഒപ്പിട്ട്‌ വായ്‌പ വാങ്ങിയെടുത്തതായാണ്‌ വിവരം ലഭിച്ചത്‌. ഫാ. തോമസ്‌ പീലിയാനിക്കലിന്റെ ശിപാര്‍ശയെ തുടര്‍ന്നാണ്‌ വായ്‌പകള്‍ നല്‍കിയത്‌. സംഭവത്തില്‍ ബാങ്ക്‌ അധികാരികളും കുടുങ്ങിയ അവസ്‌ഥയിലാണ്‌.തട്ടിപ്പിനെക്കുറിച്ച്‌ അന്വേഷിക്കാന്‍ ചങ്ങനാശേരി അതിരൂപതയും പ്രത്യേക സമിതിയെ നിയോഗിച്ചിരുന്നു.

വികസന സമിതിയുടെ തലവനെന്നതിനൊപ്പം പള്ളി വികാരി കൂടിയായി പ്രവര്‍ത്തിച്ചിരുന്ന പീലിയാനിക്കലിനെ ഈ ചുമതലയില്‍നിന്ന്‌ ഒഴിവാക്കുകയും ചെയ്‌തിരുന്നു.