നടിയെ ആക്രമിച്ച കേസ്; ഗണേഷ് കുമാറിന്റെ ഓഫിസ് സെക്രട്ടറി അറസ്റ്റില്‍

നടി ആക്രമിക്കപ്പെട്ട കേസില്‍ സാക്ഷിയെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ കെ.ബി ഗണേഷ് കുമാര്‍ എംഎല്‍എയുടെ ഓഫിസ് സെക്രട്ടറി ബി. പ്രദീപ് കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു. പ്രോസിക്യൂഷന്‍ സാക്ഷിയായ വിപിന്‍ ലാലിനെ വിപിന്റെ നാടായ ബേക്കലിലെത്തി സ്വാധീനിക്കാനുള്ള ശ്രമങ്ങള്‍ നടന്നിരുന്നു. ഇതിനു വഴങ്ങാതായതോടെ വിപിനു നേരെ ഭീഷണി ശ്രമങ്ങളുമുണ്ടായി. വിപിന്‍ലാലിന്റെ പരാതിയിലാണ് പ്രദീപ് കുമാറിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്.

സംഭവത്തില്‍ ഉന്നത ഗൂഢാലോചന നടന്നതായി വിശദമാക്കി ഹൊസ്ദുര്‍ഗ് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ബേക്കല്‍ പൊലീസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. പത്തനാപുരത്തുനിന്ന് ബേക്കല്‍ പൊലീസാണ് പ്രദീപ് കുമാറിനെ അറസ്റ്റ് ചെയ്തത്. ഇയാളെ കാസര്‍ഗോട്ടേയ്ക്ക് കൊണ്ടുപോയി. പ്രദീപ്കുമാറിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം കാസര്‍ഗോഡ് ജില്ലാ സെഷന്‍സ് കോടതി തള്ളിയിരുന്നു.

പത്തനാപുരം സ്വദേശിയായ പ്രദീപ്കുമാര്‍ വിപിനെ ഫോണ്‍ വിളിച്ചും നേരിട്ടും പലതവണ ഭീഷണിപ്പെടുത്തിയിരുന്നു. സിനിമാക്കാരുമായും രാഷ്ട്രീയക്കാരുമായും അടുത്ത ബന്ധമുള്ള പ്രദീപ്കുമാര്‍ കെ.ബി ഗണേഷ് കുമാര്‍ എംഎല്‍എയുടെ പിഎ ആണ്. പ്രത്യേക ഫോണ്‍ നമ്പര്‍ ഉപയോഗിച്ചാണ് പ്രദീപ് കുമാര്‍ സാക്ഷിയെ വിളിച്ച് ഭീഷണിപ്പെടുത്തിയത്. ജനുവരി 28ന് പത്തനാപുരത്തുനിന്നാണ് വിളിച്ചത്.

പല സിമ്മുകളില്‍ നിന്നും വിപിന് ഭീഷണികോളുകള്‍ ലഭിച്ചിരുന്നു. തമിഴ്‌നാട്ടിലെ മൊബൈല്‍ ഫോണില്‍ നിന്നും കോളുകള്‍ വന്നിട്ടുണ്ട്. സി.സിടിവി ദൃശ്യങ്ങളും ലോഡ്ജില്‍ നല്‍കിയ തിരിച്ചറിയല്‍ രേഖകളും കണ്ടെത്തിയതോടെയാണ് സംഭവത്തിന് പിന്നില്‍ പ്രദീപാണെന്ന് തിരിച്ചറിഞ്ഞത്. ഇയാള്‍ മൊഴി മാറ്റാന്‍ പല രീതിയിലും സമ്മര്‍ദ്ദം ചെലുത്തി. വിപിന്റെ ബന്ധുക്കള്‍ വഴിയും മൊഴി മാറ്റണമെന്ന് പ്രദീപ് ആവശ്യപ്പെട്ടിരുന്നു. സമ്മര്‍ദം കടുത്തതോടെയാണ് വിപിന്‍ ബേക്കല്‍ പോലീസിന് പരാതി നല്‍കിയത്.

സി.സി.ടി.വി ദൃശ്യങ്ങളില്‍ നിന്നും ആളെ തിരിച്ചറിഞ്ഞതിനെ തുടര്‍ന്നാണ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയതെന്ന് ബേക്കല്‍ പോലീസ് പറഞ്ഞു. സാക്ഷിയെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ ഉന്നത ഗൂഢാലോചന നടന്നിട്ടുള്ളതായും പോലീസ് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.