ഹെല്‍മെറ്റ് ഇല്ല, ഒരു കയ്യില്‍ ഫോണ്‍, പിടിയിലായപ്പോള്‍ വിദ്യാര്‍ത്ഥിനിയുടെ വിചിത്ര വാദം

കൊച്ചി: മോട്ടോര്‍ വാഹാന വകുപ്പ് നിയമം പരിഷ്‌കരിച്ചതോടെ നിരവധി പേരാണ് പിടിയില്‍ ആകുന്നത്. പിഴ ഒടുക്കുന്നവരുടെ എണ്ണവും വര്‍ദ്ധിച്ച് വരികയാണ്. എന്നാല്‍ നിയമം കര്‍ശനമാക്കിയതോടെ നിയമം അനുസരിക്കുന്നവരുടെ എണ്ണം കൂടിയിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ ദിവസം നിയമം ലംഘിച്ച പെണ്‍കുട്ടിക്ക് കിട്ടിയതാണ് മുട്ടന്‍ പണി. ഹെല്‍മറ്റ് ധരിക്കാതെ മൊബൈല്‍ ഫോണില്‍ സംസാരിച്ച് സ്‌കൂട്ടര്‍ ഓടിച്ച് പോവുകയായിരുന്ന കോളേജ് വിദ്യാര്‍ത്ഥിനിയുടെ ഡ്രൈവിംഗ് ലൈസന്‍സ് തന്നെ തെറിച്ചു. മാത്രമല്ല വിദ്യാര്‍ത്ഥിനിക്ക് 2500 രൂപ പിഴയും ഒരു ദിവസത്തെ പരിശീലന ക്ലാസിലും പങ്കെടുക്കണം എന്നും ശിക്ഷ ലഭിച്ചു.

കഴിഞ്ഞ ദിവസം കൊച്ചി കാക്കനാട് പടമുകള്‍ പാലച്ചുവട് റോഡിലാണ് സംഭവം ഉണ്ടായത്. പരിശോധനയ്ക്ക് നിന്ന മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറുടെ മുന്നില്‍ ആണ് പടമുകള്‍ പാലച്ചുവട് സ്വദേശിനിയായ വിദ്യാര്‍ഥിനി കുടുങ്ങിയത്.

കോളേജിലേക്ക് രാവിലെ സ്‌കൂട്ടറില്‍ പോവുക ആയിരുന്നു വിദ്യാര്‍ത്ഥിനി. ഒരു കൈ കൊണ്ട് സ്‌കൂട്ടറിന്റെ ഹാന്‍ഡിലില്‍ പിടിച്ച് ഓടിക്കുകയും മറു കൈ കൊണ്ട് മൊബൈല്‍ ഫോണും ഹെല്‍മെറ്റും ധരിക്കാതെയാണ് വിദ്യാര്‍ത്ഥിനി എത്തിയത്. മൊബൈല്‍ ഫോണ്‍ ഡയല്‍ ചെയ്തു കൊണ്ട് ആയിരുന്നു വിദ്യാര്‍ത്ഥിനി സ്‌കൂട്ടര്‍ ഓടിച്ചത്.

പിടികൂടിയപ്പോള്‍ അടുത്തുള്ള ജംക്ഷനില്‍ സ്‌കൂട്ടര്‍ വെച്ച ശേഷം കോളേജ് ബസിലാണ് താന്‍ പോകുന്നത് എന്ന് വിദ്യാര്‍ത്ഥിനി പോലീസ് ഉദ്യോഗസ്ഥരോട് പറഞ്ഞു. ഇതോടെ ക്ലാസ് നഷ്ടപ്പെടാതെ ഇരിക്കാന്‍ ആയി അപ്പോള്‍ തന്നെ കുറ്റപത്രം നല്‍കി വിദ്യാര്‍ഥിനിയെ വിട്ടയച്ചു. പിറ്റേന്നു ആര്‍ടി ഓഫിസില്‍ ഹാജരാകണം എന്നും നിര്‍ദ്ദേശിച്ചു. എന്നാല്‍ പിറ്റേന്ന് ഹാജരാകാന്‍ വൈകിയതിനാല്‍ ഉദ്യോഗസ്ഥര്‍ വിദ്യാര്‍ഥിനിക്ക് ഷോക്കോസ് നോട്ടീസും അയച്ചു.

ഇതോടെ ആര്‍ ടി ഒക്ക് മുമ്പാകെ വിദ്യാര്‍ഥിനി ഹാജരായി. തുടര്‍ന്ന് ബന്ധുവിന്റെ മരണം അറിയിക്കാനാണ് അടിയന്തരമായി ഫോണ്‍ ചെയ്തത് എന്നാണ് വിദ്യാര്‍ത്ഥിനി വാദിച്ചത്. എന്നാല്‍ കൂട്ടുകാരിയെ ആണ് വിദ്യാര്‍ത്ഥി വിളിച്ചത് എന്നു അന്വേഷണത്തില്‍ വ്യക്തമായി.

ഇതോടെയാണ് വിദ്യാര്‍ത്ഥിനിക്ക് എതിരെ നടപടി ഉണ്ടായത്. സ്‌കൂട്ടര്‍ ഓടിക്കുന്നതിന് ഇടയില്‍ മൊബൈല്‍ ഫോണില്‍ സംസാരിച്ചതിന് ആണ് ഡ്രൈവിങ് ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തത്. കൂടാതെ 2,000 രൂപ പിഴയും അടക്കണം. ഹെല്‍മറ്റ് ധരിക്കാത്തതിനാണ് 500 രൂപ പിഴ. മൂന്നു മാസത്തിനുള്ളില്‍ ഒരു ദിവസം ഗതാഗത നിയമ പരിശീലന ക്ലാസില്‍ പങ്കെടുത്ത് സര്‍ട്ടിഫിക്കറ്റും ഹാജരാക്കണം.

അതേസമയം മറ്റൊരു സംഭവത്തില്‍ രണ്ട് കോടി ഡോളര്‍ വിലമതിക്കുന്ന പോര്‍ഷെ 911 സ്‌പോര്‍ട്‌സ് കാറിന്റെ ഉടമയ്ക്ക് 27.68 ലക്ഷം രൂപയുടെ പിഴ. നമ്പര്‍ പ്ലേറ്റില്ലാതെ വാഹനം നിരത്തിലിറക്കിയതിനാണ് മോട്ടോര്‍ വാഹന വകുപ്പ് പിഴ ഈടാക്കിയത്. 27.68 ലക്ഷം രൂപ നല്‍കിയതിന് ശേഷമാണ് ഉടമയ്ക്ക് കാര്‍ വിട്ടു നല്‍കിയത്. സാധുവായ രേഖകളില്ലാത്തതും 2017 മുതല്‍ രജിസ്‌ട്രേഷന്‍ ഇല്ലാതെ വാഹനം ഓടിച്ചതിനും ചേര്‍ത്തുള്ള പിഴയാണ് ഉടമയില്‍ നിന്ന് ഈടാക്കിയത്.

അഹമ്മദാബാദിലാണ് സംഭവം. അഹമ്മദാബാദ് റീജിയണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസില്‍ (ആര്‍ടിഒ) പണം നല്‍കിയ ശേഷം, കാര്‍ ഉടമ രഞ്ജിത് ദേശായി ചൊവ്വാഴ്ച സിറ്റി ട്രാഫിക് പോലീസില്‍ നിന്ന് ആര്‍ടിഒ രസീത് ഹാജരാക്കിയ ശേഷം കാര്‍ വീണ്ടെടുത്തു. കഴിഞ്ഞ വര്‍ഷം നവംബറിലാണ് കാര്‍ പൊലീസ് പിടിച്ചെടുത്തത്.