ഗവർണർക്കെതിരെയുള്ള പ്രതിഷേധം, എസ് എഫ് ഐ പ്രവർത്തകർക്ക് ജാമ്യമില്ല

തിരുവന്തപുരം. രാജ്ഭവനില്‍ നിന്നും വിമാനത്താവളത്തിലേക്കുള്ള യാത്രക്കിടെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ വാഹനം തടഞ്ഞ് പ്രതിഷേധിച്ച എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്ക് ജാമ്യമില്ല. തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്‌ളാസ് മജിസ്‌ട്രേറ്റ് കോടതിയാണ് പ്രതികളുടെ ജാമ്യാപേക്ഷ തള്ളിയത്. കേസില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ ആദ്യം ചുമത്തിയത് ദുര്‍ബലവകുപ്പുകളായിരുന്നുവെന്ന് ആക്ഷേപം ഉയര്‍ന്നിരുന്നു. ഒടുവില്‍ ഗവര്‍ണര്‍ തന്നെ ആവശ്യപ്പെട്ടതോടെയാണ് പ്രതികളായ 7 പേര്‍ക്കെതിരെ ഐപിസി 124 ആം വകുപ്പ് ചുമത്തിയത്.

124 ആം വകുപ്പ് നിലനില്‍ക്കുമോ എന്ന സംശയം ജാമ്യാപേക്ഷയുടെ വാദത്തിനിടെ പ്രോസിക്യൂഷന്‍ ഉന്നയിച്ചിരുന്നു. സെനറ്റ് അംഗങ്ങളുടെ നിയമനം പൂര്‍ത്തിയായതാണ്. ഇതിനെതിരെയാണ് എസ്എഫ്‌ഐ പ്രതിഷേധിച്ചത്. ഗവര്‍ണര്‍ ചെയ്യാനിരിക്കുന്ന നടപടിക്ക് തടസ്സം വരുത്താന്‍ ശ്രമിച്ചാലേ കൃത്യനിര്‍വ്വഹണം തടഞ്ഞു എന്ന നിലയില്‍ 124 നിലനില്‍ക്കൂ എന്നായിരുന്നു പ്രോസിക്യൂഷന്റെ സംശയം.

പ്രോസിക്യൂഷന്റെ ചുവട് പിടിച്ച് പ്രതികളുടെ അഭിഭാഷകനും 124 നിലനില്‍ക്കില്ലെന്ന് വാദിച്ചു. ഗവര്‍ണര്‍ ഔദ്യോഗിക കൃത്യനിര്‍വ്വഹണത്തിന് പോകുകയാണെന്ന പൊലീസ് റിപ്പോര്‍ട്ടില്ലെന്നനും പ്രതിഭാഗം അഭിഭാഷകന്‍ പറഞ്ഞു. ഗവര്‍ണറുടെ വാഹനത്തിനുണ്ടായ കേട് പാടുകള്‍ക്ക് നഷ്ടപരിഹാരം കെട്ടിവെക്കാമെന്ന അഭിഭാഷകന്‍ പറഞ്ഞപ്പോള്‍ പണം കെട്ടിവെച്ചാല്‍ എന്തു ചെയ്യാമോ എന്നായിരുന്നു കോടതി ചോദിച്ചത്.