ഇന്ത്യ കണ്ട ഏറ്റവും വലിയ മയക്കുമരുന്ന് വേട്ട കൊച്ചിയിൽ, പിന്നിൽ ഹാജി സലിം എന്ന് പിടിയിലായ പാകിസ്താൻ പൗരന്റെ മൊഴി

കൊച്ചി: രാജ്യം കണ്ട ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണ് കൊച്ചിയിൽ ഉണ്ടായത്. 25000 കോടി രൂപയുടെ ലഹരിയാണ് ശനിയാഴ്‌ച കൊച്ചി തീരത്ത് നിന്ന് പിടികൂടിയത്. കൊച്ചി തുറമുഖത്ത് എത്തിച്ച ലഹരിമരുന്നിന്റെ പരിശോധന ഇന്നലെ വൈകിട്ട് പൂർത്തിയായതോടെയാണ് അന്തിമവില തിട്ടപ്പെടുത്തിയത്.

പാകിസ്ഥാനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിലുള്ള ജിവ്വാനിയിലെ ലാബുകളിൽ നിർമ്മിച്ച മയക്കുമരുന്നാണ് കടലിൽ മുക്കിയ ‘മദർഷിപ്പിൽ” ഉണ്ടായിരുന്നതെന്ന് പിടിയിലായ പാകിസ്ഥാൻ പൗരൻ സുബൈർ എൻ.സി.ബിയോട് സമ്മതിച്ചു. പാകിസ്ഥാനിലെ കുപ്രസിദ്ധ ലഹരിക്കടത്തു സംഘമായ ഹാജി സലിം നെറ്റ്‌വർക്കിന്റേതാണ് മയക്കുമരുന്ന്.

തനിക്കൊപ്പം മദർഷിപ്പിൽ ആറു പാകിസ്ഥാൻകാർ കൂടി ഉണ്ടായിരുന്നെന്നാണ് ഇയാളുടെ മൊഴി. മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട് ഇയാളിൽ നിന്ന് ലഭിച്ച വിവരങ്ങൾ എൻ.സി.ബി പരിശോധിച്ച് വരികയാണ്. ഹാജി സലിം നെറ്റ്‌വർക്കിനായി സുബൈർ നേരത്തെയും ലഹരി കടത്തിയിട്ടുണ്ടെന്നും ശ്രീലങ്ക, മാലദ്വീപ് എന്നിവിടങ്ങളിലേക്കാണ് അന്ന് മരുന്ന് എത്തിച്ചതെന്നും പിടിയിലായ ആൾ പറഞ്ഞു.

മദർഷിപ്പ് മുക്കിയശേഷം നാവികസേനയുടെ കണ്ണുവെട്ടിച്ച് സ്പീഡ് ബോട്ടിൽ രക്ഷപ്പെട്ടവർ ലക്ഷദ്വീപിലെ ആൾത്താമസമില്ലാത്ത ദ്വീപുകളിൽ ഒളിച്ചെന്ന സൂചനയെ തുടർന്ന് നാവികസേനയും കോസ്റ്റ്ഗാർഡും പരിശോധന തുടരുകയാണ്. രണ്ട് സ്പീഡ് ബോട്ടാണ് മദർഷിപ്പിലുണ്ടായിരുന്നത്. ഇതിലൊരു ബോട്ടിനെ പിന്തുടർന്നാണ് സുബൈറിനെ കസ്റ്റഡിയിലെടുത്തത്. ഇയാൾ രക്ഷപ്പെടാൻ ഉപയോഗിച്ച ബോട്ടും പടിച്ചെടുത്തു.

അഫ്‌ഗാനിസ്ഥാൻ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന മയക്കുമരുന്ന് മാഫിയയുടെ തലവനാണ് ഹാജി സലിം. ഇന്ത്യ, മാലിദ്വീപ്, ശ്രീലങ്ക, ഗൾഫ് രാജ്യങ്ങൾ എന്നിവിടങ്ങളാണ് ഇയാൾ മയക്കുമരുന്ന് കച്ചവടം നടത്തുന്നത് ഭീകര സംഘടനയായ ലഷ്‌‌കർ ഇ തൊയ്‌ബ, പാകിസ്ഥൻ ചാര സംഘടനയായ ഐഎസ്ഐ എന്നിവയുമായി ചേർന്ന് ജമ്മു കാശ്‌മീരിൽ പലയാവർത്തി നുഴഞ്ഞുകയറ്റ ശ്രമം നടത്തിയതിന് പിന്നിൽ ഹാജി സലിമിന്റെ വ്യക്തമായ പങ്കുണ്ടെണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.