കാല്‍ മനുഷ്യശരീരത്തിലെ അത്ര മോശപ്പെട്ട അവയവമല്ല, ഭൃഷ്ട് കല്‍പ്പിക്കാന്‍ അത് മനുഷ്യശരീരത്തിലെ ഒരു ദളിത് അവയവമല്ല, ഹരീഷ് പേരടി

നടനും എംപിയുമായ സുരേഷ് ഗോപിയുടെ വിഷു കൈനീട്ടം പരിപാടി വിവാദമായിരിക്കുകയാണ്. താരത്തില്‍ നിന്നും കൈനീട്ടം വാങ്ങി സ്ത്രീകള്‍ അദ്ദേഹത്തിന്റെ കാല് തൊട്ട് വണങ്ങുന്ന വീഡിയോയാണ് വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കിയത്. ഇപ്പോള്‍ സംഭവത്തില്‍ പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് നടന്‍ ഹരീഷ് പേരടി. കാല്‍ മനുഷ്യശരീരത്തിലെ അത്ര മോശപ്പെട്ട അവയവമല്ലെന്നും ഇങ്ങിനെ ഭൃഷ്ട് കല്‍പ്പിക്കാന്‍ അത് മനുഷ്യശരീരത്തിലെ ഒരു ദളിത് അവയവമല്ലെന്നും ഹരീഷ് ഫേസ്ബുക്കില്‍ കുറിച്ചു. ഗുരുവായൂരപ്പന്‍ കോളേജിലെ പൂര്‍വ്വവിദ്യാര്‍ത്ഥി സംഗമത്തില്‍ തന്നെ പൊന്നാടയണിച്ച് ആദരിച്ച അദ്ധ്യാപകന്റെ കാല്‍ തൊട്ട് അനുഗ്രഹം വാങ്ങുന്ന ചിത്രം പങ്കുവെച്ചുകൊണ്ടാണ് ഹരീഷ് ഇക്കാര്യം വ്യക്തമാക്കിയത്.

കൈകൂപ്പി മനുഷ്യരെ സ്വീകരിക്കുന്നത് പോലെ, രക്തസാക്ഷി മണ്ഡപത്തിന്റെ മുന്നില്‍ നിന്ന് ആകാശത്തേക്ക് മുഷ്ടി ചുരുട്ടി കുലുക്കുന്നതുപോലെ ശരീരഭാഷയുടെ രാഷ്ട്രിയമാണിതെന്നും അദ്ദേഹം വ്യക്തമാക്കി. മണ്ണില്‍ ചവിട്ടി നില്‍ക്കുന്ന കാലിനെ വണങ്ങുമ്‌ബോള്‍ മുഖ്യധാരയില്‍നിന്ന് ഒഴിവാക്കപ്പെട്ട ഒരു അവയവ രാഷ്ട്രിയമാണ് നിങ്ങള്‍ ഉയര്‍ത്തിപിടിക്കുന്നതെന്നും ഹരീഷ് കൂട്ടിച്ചേര്‍ത്തു.

ഹരീഷ് പേരടിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം; ഗുരുവായൂരപ്പന്‍ കോളേജിലെ 84-86 പൂര്‍വ്വവിദ്യാര്‍ത്ഥി സംഗമത്തിന് ഞാന്‍ തിരഞ്ഞെടുത്ത വഴികള്‍ക്ക്, എന്റെ നേട്ടങ്ങള്‍ക്ക് എന്റെ സഹപാഠികള്‍ ആദരവ് നല്‍കിയപ്പോള്‍ എന്റെ അധ്യാപകന്‍ കേരളത്തിന്റെ സാസംകാരിക മണ്ഡലത്തില്‍ വ്യക്തിമുദ്ര പതിപ്പിച്ച ശോഭിന്ദ്രന്‍മാഷ് എന്നെ പൊന്നാടയണിച്ചപ്പോള്‍ ഞാന്‍ അദ്ദേഹത്തിന്റെ കാല്‍തൊട്ട് അനുഗ്രഹം വാങ്ങി…എന്റെ കാലില്‍ എന്നെ നില്‍ക്കാന്‍ പഠിപ്പിച്ച ഇതു പോലെയുള്ള ഒരു പാട് ഗുരുക്കന്‍മാരുണ്ട്… കുളൂര്‍മാഷിന്റെയും മധുമാഷിന്റെയും കാലുകള്‍ അവര്‍ക്കിഷ്ടപ്പെട്ടാലും ഇല്ലെങ്കിലും ഞാന്‍ തൊട്ട് നമസ്‌ക്കാരികാറുണ്ട്…

മമ്മുക്കയും ലാലേട്ടനും തൊട്ട് ഊരും പേരുമറിയാത്ത തൊഴിലാളികളും കര്‍ഷകരും ഭിക്ഷക്കാരും വരെ ഈ ലിസ്റ്റില്‍ ഉണ്ട്. എനിക്ക് ബഹുമാനം തോന്നുന്ന ഒരു പാട് മനുഷ്യരുടെ കാല്‍ ഇനിയും ഞാന്‍ തൊട്ട് വന്ദിക്കും. എനിക്ക് തോന്നണം എന്നു മാത്രം. അത് ചിലപ്പോള്‍ എന്നെക്കാള്‍ പ്രായം കുറഞ്ഞ ഒരു കുട്ടിയാണെങ്കിലും ലിംഗ വിത്യാസമില്ലാതെ ഈ ബഹുമാനത്തിന്റെ രാഷ്ട്രിയം ഞാന്‍ ഉറക്കെ പ്രഖ്യാപിക്കും…

കൈകൂപ്പി മനുഷ്യരെ സ്വീകരിക്കുന്നതുപോലെ, രക്തസാക്ഷി മണ്ഡപത്തിന്റെ മുന്നില്‍ നിന്ന് ആകാശത്തേക്ക് മുഷ്ടി ചുരുട്ടി കുലുക്കുന്നതുപോലെ,എല്ലാ വൃത്തികേടുകളും ചെയ്യുന്ന സ്വന്തം കൈ ഉപയോഗിച്ച് മറ്റൊരാളെ ഹസ്തദാനം ചെയ്യുപോലെ ശരീരഭാഷയുടെ രാഷ്ട്രിയമാണിതും. കാല്‍ മനുഷ്യശരീരത്തിലെ അത്ര മോശപ്പെട്ട അവയവമല്ല. ഇങ്ങിനെ ഭൃഷ്ട് കല്‍പ്പിക്കാന്‍ അത് മനുഷ്യശരീരത്തിലെ ഒരു ദളിത് അവയവമല്ല. മണ്ണില്‍ ചവിട്ടി നില്‍ക്കുന്ന കാലിനെ വണങ്ങുമ്പോള്‍ മുഖ്യധാരയില്‍നിന്ന് ഒഴിവാക്കപ്പെട്ട ഒരു അവയവ രാഷ്ട്രിയമാണ് നിങ്ങള്‍ ഉയര്‍ത്തിപിടിക്കുന്നത്.