ഈ കുഴിയിൽ ചാടിയാടി സിനിമ കാണും മനുഷ്യർ; ഈ സിനിമ കാണേണ്ടതാണെന്ന് ഹരീഷ് പേരടി

ന്നാ താൻ കേസ് കൊട് എന്ന ചിത്രത്തിനെതിരെ ഇടത് അനുകൂലികൾ ഉയർത്തുന്ന വ്യാപക സൈബർ ആക്രമണത്തിനെതിരെ സിനിമാതാരം ഹരീഷ് പേരടി രംഗത്ത്.ചാക്കോച്ചന്റെയും പൊതുവാളിന്റെയും ന്നാ താൻ കേസ് കൊട് എന്ന സിനിമ എല്ലാവരും കാണണമെന്നും ഈ ചിത്രം തിയേറ്ററിലെത്തി കാണുക എന്നത് ഒരു സാമൂഹിക ഉത്തരവാദിത്വവും സാംസ്‌കാരിക പ്രവർത്തനവുമാണെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.

ഒരു പാരഡി ഗാനം ആലപിച്ചാണ് അദ്ദേഹം സിനിമയ്‌ക്കായുള്ള ഐക്യദാർഢ്യം പ്രഖ്യാപിച്ചത്. ”അടിമ കൂട്ടം പാടി.. കടന്നൽ കൂട്ടം പാടി.. ഈ കുഴിയിൽ ചാടിയാടി സിനിമ കാണും മനുഷ്യർ.. ‘‘ ഇതായിരുന്നു ഹരീഷ് പേരടി പാടിയ പാരഡി ഗാനം. സിനിമയിലെ ദേവദൂതർ പാടിയെന്ന ഗാനത്തിനാണ് അദ്ദേഹം പാരഡി പാടി ഐക്യദാർഢ്യമറിയിച്ചത്.സിനിമയുടെ പോസ്റ്ററിൽ റോഡിലുണ്ടാകുന്ന കുഴിയെക്കുറിച്ച് പരാമർശിച്ച് പരസ്യം ചെയ്തതിന് പിന്നാലെയാണ് ചിത്രം വലിയ വിവാദമായത്.

കുഴിയുണ്ടെങ്കിലും സിനിമ കാണാൻ വരണമെന്നായിരുന്നു പരസ്യം. ഇതോടെ ഒരു വലിയ വിഭാഗം സഖാക്കൾ സിനിമയ്‌ക്കെതിരെ രംഗത്തുവന്നു. കുഴിയുടെ പരസ്യമുള്ള പോസ്റ്റർ ബഹിഷ്‌കരിക്കണമെന്നായിരുന്നു ആവശ്യം. എന്നാൽ പരസ്യം ബഹിഷ്‌കരിക്കില്ലെന്നും ഇത്രയും അസഹിഷ്ണുതയുടെ കാര്യമില്ലെന്നും സിനിമാ സംവിധായകൻ രതീഷ് പൊതുവാൾ പ്രതികരിച്ചു. രാഷ്‌ട്രീയ പാർട്ടികളെ താറടിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.