ശക്തമായ മഴയ്ക്കു സാധ്യത; ചീഫ് സെക്രട്ടറി അടിയന്തര യോഗം വിളിച്ചു

തിരുവനന്തപുരം∙ സംസ്ഥാനത്ത് ശക്തമായ മഴയ്ക്കു സാധ്യത. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പിനെത്തുടർന്ന് മുന്നൊരുക്കങ്ങൾ ശക്തമാക്കാൻ ചീഫ് സെക്രട്ടറി അടിയന്തര യോഗം വിളിച്ചു. മുഴുവൻ വകുപ്പുകളുടെയും രക്ഷാസേനകളുടെയും യോഗമാണ് ചീഫ് സെക്രട്ടറി വി.പി.ജോയ് വിളിച്ചത്.

വൈകിട്ട് ആറുമണിക്കു ചേരുന്ന ഓൺലൈൻ യോഗത്തിൽ റെഡ്, ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ച എട്ടു ജില്ലകളിലെ കലക്ടർമാരും പങ്കെടുക്കും. സംസ്ഥാനത്ത് അടുത്ത മൂന്നു ദിവസം അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.

എറണാകുളം, ഇടുക്കി ജില്ലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, തൃശൂർ, കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ ജില്ലകളിൽ ഓറഞ്ച് അലർട്ടും മലപ്പുറം, കോഴിക്കോട് ജില്ലകളിൽ യെലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.