വായ്പ്പാ തട്ടിപ്പ് കേസ്, ഹീരാ ഗ്രൂപ്പ് എം.ഡി അബ്ദുൾ റഷീദ് അറസ്റ്റിൽ

തിരുവനന്തപുരം. വായ്പാ തട്ടിപ്പുകേസില്‍ ഹീര കണ്‍സ്ട്രക്ഷന്‍സ് എംഡി അബ്ദുള്‍ റഷീദ് (ബാബു) നെ ഇഡി അറസ്റ്റ് ചെയ്തു. എസ്ബിഐയില്‍ നിന്നും 14 കോടി വായ്പയെടുത്ത് വഞ്ചിച്ചെന്ന കേസിലാണ് അറസ്റ്റ്. കൊച്ചിയിലെ ഇഡി ഓഫിസിലേക്ക് വിളിച്ചുവരുത്തി ഹീരാ ബാബുവിനെ ചോദ്യം ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ്.

ആക്കുളത്തെ ഫ്‌ലാറ്റ് സമുച്ചയ നിര്‍മ്മാണത്തിനാണ് വായ്പ എടുത്തത്. ഫ്‌ലാറ്റുകള്‍ വിറ്റുപോയെങ്കിലും വായ്പ തിരിച്ചടച്ചില്ലെന്ന് പരാതിയില്‍ വ്യക്തമാക്കുന്നു. എസ്ബിഐയ്ക്ക് പുറമെ മറ്റ് ചിലരും ഇയാൾക്കെതിരെ പരാതി നല്കിയെന്നാണ് വിവരം.

കേസുമായി ബന്ധപ്പെട്ട് സിബിഐ നേരത്തെ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതിന്റെ തുടര്‍ച്ചയായിട്ടാണ് ഇഡിയും കേസെടുത്തത്. കഴിഞ്ഞ ഫെബ്രുവരിയില്‍ നിരവധി സ്ഥലങ്ങളില്‍ റെയ്ഡും നടത്തിയിരുന്നു.

ഉച്ചയോടെ ഇയാളെ കോടതിയില്‍ ഹാജരാക്കും. കേസില്‍ കൂടുതല്‍ ആളുകളുടെ പങ്ക് അന്വേഷിച്ചു വരികയാണെന്ന് ഇഡി ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചു.