മാസപ്പടി വിവാദത്തിൽ കെഎസ്‌ഐഡിസിക്ക് തിരിച്ചടി, എസ്എഫ്‌ഐഒ അന്വേഷണം തുടരാമെന്ന് ഹൈക്കോടതി

കൊച്ചി: മാസപ്പടി വിവാദത്തിൽ കെ.എസ്.ഐ.ഡി.സിക്കെതിരേ വിമർശനവുമായി ഹൈക്കോടതി. എസ്.എഫ്.ഐ.ഒ അന്വേഷണത്തിൽ നിന്ന് വിട്ട് നിൽക്കാനാകില്ലെന്നും അന്വേഷണത്തോട് സഹകരിക്കണമെന്നും കെ.എസ്.ഐ.ഡി.സിയോട് ഹൈക്കോടതി നിർദ്ദേശിച്ചു. ഉത്തരവാദിത്തപ്പെട്ട സ്ഥാപനമെന്ന നിലക്ക് നിങ്ങൾ തന്നെ അന്വേഷണത്തിന് ആവശ്യപ്പെടണമായിരുന്നുവെന്നും അന്വേഷണത്തിൽ നിന്ന് മാറി നിൽക്കാനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

മാസപ്പടി വിവാദത്തിൽ കെ.എസ്.ഐ.ഡി.സിക്കെതിരായ എസ്.എഫ്.ഐ.ഒ. അന്വേഷണം സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജി പരിഗണിക്കവേയായിരുന്നു കെ.എസ്.ഐ.ഡി.സിക്കെതിരേ ഹൈക്കോടതി വിമർശനം ഉന്നയിച്ചത്.കെഎസ്‌ഐഡിസിയുടെ ഹര്‍ജി ഏപ്രില്‍ അഞ്ചിലേക്ക് മാറ്റി.

സിഎംആര്‍എല്‍, എക്സാലോജിക് സാമ്പത്തിക ഇടപാടില്‍ അറിവില്ലെന്നും വിവാദമുണ്ടായപ്പോള്‍ തന്നെ സിഎംആര്‍എലിനോട് ഓഹരിപങ്കാളിയെന്ന നിലയില്‍ വിശദീകരണം ചോദിച്ചിരുന്നെന്നും കെഎസ്ഐഡിസി കോടതിയെ അറിയിച്ചിരുന്നു. കൂടാതെ ഒരു പൊതുമേഖലാ സ്ഥാപനമെന്ന നിലയില്‍ തങ്ങള്‍ക്കെതിരായ അന്വേഷണം എന്തിനാണെന്നും കെഎസ്‌ഐഡിസി ചോദിച്ചിരുന്നു.

കമ്പനിയുടെ ഇടപാടുകള്‍ സംബന്ധിച്ചാണ് അന്വേഷണം നടക്കുന്നതെന്നാണ് കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. കമ്പനി എന്ന് പറയുന്നത് ബോര്‍ഡ് ഓഫ് ഡയറക്ടേഴ്‌സ് കൂടി ഉള്‍പ്പെട്ടതാണ്. ഇടപാട് സംബന്ധിച്ച് എക്‌സാലോജിക്, സിഎംആര്‍എല്‍, കെഎസ്‌ഐഡിസി തുടങ്ങിയ മൂന്ന് കമ്പനികള്‍ക്കെതിരെ അന്വേഷണം നടത്തേണ്ടതുണ്ട്. സിഎംആര്‍എല്ലില്‍ കെഎസ്‌ഐഡിസി ഡയറക്ടറെ വച്ചതായും ഇത്തരം സാമ്പത്തിക ഇടപാടുകള്‍ നടത്തുമ്പോള്‍ എന്തുകൊണ്ട് കെഎസ്‌ഐഡിസിക്കെതിരെ അന്വേഷണം നടത്തിക്കൂടായെന്ന് കേന്ദ്രസര്‍ക്കാര്‍ ചോദിച്ചു.

സമാനമായ നിലപാട് തന്നെയാണ് കോടതിയും സ്വീകരിച്ചത്. പങ്കില്ലെന്ന് പറഞ്ഞ് കെഎസ്‌ഐഡിസിക്ക് മാറി നില്‍ക്കാനാവില്ലെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ പറഞ്ഞു. യഥാര്‍ഥത്തില്‍ കെഎസ്‌ഐഡിസി അന്വേഷണവുമായി സഹകരിക്കുകയാണ് വേണ്ടതെന്നും ഒന്നും ഒളിച്ചുവയ്ക്കരുതെന്നും കെഎസ്‌ഐഡിസിയോട് കോടതി നിര്‍ദേശിച്ചു.