മക്കളെ ഉപേക്ഷിച്ച് ഒളിച്ചോടിയ വീട്ടമ്മയും കാമുകനും പിടിയില്‍

കുന്നംകുളം: മക്കളെ ഉപേക്ഷിച്ച് ഒളിച്ചോടിയ വീട്ടമ്മയെയും യുവാവിനെയും പോലീസ് പിടികൂടി. കുന്നംകുളം കാണിപ്പയ്യൂര്‍ മൂത്തേടത്തു വീട്ടില്‍ ഷൈനി എന്ന 33കാരിയും കണ്ണന്പ്ര കൂട്ടുപുര വീട്ടില്‍ ഉമേഷ് ബാബു എന്ന 39കാരനുമാണ് പിടിയിലായത്. ഭര്‍തൃമതിയും 10, 12 വയസുള്ള കുട്ടികളുടെ അമ്മയുമാണ് ഷൈനി. ഭാര്യയും ഒരുകുട്ടിയും ബാബുവിനുമുണ്ട്.

കഴിഞ്ഞ മാര്‍ച്ച് 27നാണ് യുവതി വീടു വിട്ടിറങ്ങിയത്. യുവതിയുടെ ഭര്‍ത്താവാണ് ഭാര്യയെ കാണാനില്ലെന്ന് കാട്ടി പോലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് ഈ പരാതിയില്‍ കുന്നംകുളം പോലീസ് കേസ് റജിസ്റ്റര്‍ ചെയ്യുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു.

തൃശൂരില്‍ വാടകയ്ക്ക് താമസിക്കുകയായിരുന്ന ഇവരെ കണ്ടെത്തി അറസ്റ്റ് ചെയ്യുകയും ചെയ്തു. കുന്നംകുളം പോലീസ് ഇന്‍സ്‌പെക്ടര്‍ സൂരജ്, സബ് ഇന്‍സ്‌പെക്ടര്‍ ശാക്കിര്‍ അഹമ്മദ്, സിപിഒ വിനീത എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്. ഇരുവരെയും കോടതിയില്‍ ഹാജരാക്കി 14 ദിവസത്തേക്കു റിമാന്‍ഡു ചെയ്തു. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ഉപേക്ഷിച്ചതിന് ജുവനൈല്‍ ജസ്റ്റിസ് ആക്ട് പ്രകാരമാണ് കേസ്.