‘അമ്പത് ലക്ഷം നഷ്ടപരിഹാരം വേണം’; പിസി ജോര്‍ജിന് ജമാഅത്തെ ഇസ്ലാമിയുടെ വക്കീല്‍ നോട്ടീസ്

കോഴിക്കോട്: പി.സി ജോര്‍ജിന് ജമാഅത്തെ ഇസ്‌ലാമിയുടെ വക്കീല്‍ നോട്ടീസ്. അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിലെ പരാമര്‍ശങ്ങളിലൂടെ സംഘടനയെ അപകീര്‍ത്തിപ്പെടുത്തിയതിന് നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് മുന്‍ എം.എല്‍.എ പി.സി ജോര്‍ജിന് ജമാഅത്തെ ഇസ്‌ലാമി കേരളാ ഘടകം വക്കീല്‍ നോട്ടീസ് അയച്ചത്. വിവാദമായ വംശീയാധിക്ഷേപ പ്രസംഗത്തില്‍ കേരളത്തിലെ കൊലപാതക രാഷ്ട്രീയത്തില്‍ ജമാഅത്തെ ഇസ്ലാമിക്ക് പങ്കുണ്ടെന്ന തരത്തില്‍ പിസി ജോര്‍ജ് പരാമര്‍ശം നടത്തിയിരുന്നു.

ജമാഅത്തെ ഇസ്‌ലാമി കൊലപാതക രാഷ്ട്രീയം നിര്‍ത്തണം എന്ന തരത്തിലായിരുന്നു പരാമര്‍ശം.സംഘടന ഇന്നേവരെ ഒരു കൊലപാതക കേസിലോ ക്രിമിനല്‍ കേസിലോ ആരോപണം പോലും നേരിട്ടിട്ടില്ല. ജോര്‍ജിന്റെ പരാമര്‍ശങ്ങള്‍ മത സമൂഹങ്ങള്‍ക്കിടയില്‍ ഭിന്നത സൃഷ്ടിച്ച്‌ രാഷ്ട്രീയ നേട്ടമുണ്ടാക്കാനും ജമാഅത്തെ ഇസ്‌ലാമിയെ ബോധപൂര്‍വ്വം അപകീര്‍ത്തിപെടുത്താനുമുള്ള ശ്രമമാണെന്ന് നോട്ടീസില്‍ പറയുന്നു.

പ്രസ്താവന പിന്‍വലിച്ചു നിരുപാധികം മാപ്പ് പറയണമെന്നും അപകീര്‍ത്തിക്ക് അന്‍പത് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നുമാണ് നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ജമാഅത്തെ ഇസ്‌ലാമിക്ക് വേണ്ടി അഡ്വ.അമീന്‍ ഹസ്സനാണ് നോട്ടീസ് അയച്ചിരിക്കുന്നത്.

 

പിസി ജോർജിനെതിരായ പരാതി

ഹിന്ദു മഹാപരിഷത്ത് തിരുവനന്തപുരത്ത് നടത്തിയ ‘അനന്തപുരി ഹിന്ദു മഹാസമ്മേളനം’ ഉദ്ഘാടനം ചെയ്യുമ്പോഴാണ് പി സി ജോർജ് വിവാദ പ്രസംഗം നടത്തിയത്. പ്രസംഗത്തിലുടനീളം മുസ്‌ലിം സമുദായത്തെ വർഗീയമായി അധിക്ഷേപിക്കുകയും ബോധപൂർവം വർഗീയ ചേരിതിരിവ് സൃഷ്ടിക്കാൻ ശ്രമിക്കുന്നതായും പിസി ജോ‍ജിനെതിരായ പരാതിയിൽ വ്യക്തമാക്കിയിരുന്നു. കച്ചവടം ചെയ്യുന്ന മുസ്‌ലീങ്ങൾ പാനീയങ്ങളിൽ വന്ധ്യത വരുത്താനുള്ള മരുന്നുകൾ ബോധപൂർവം കലർത്തുന്നു,

മുസ്‌ലീങ്ങൾ അവരുടെ ജനസംഖ്യ വർധിപ്പിച്ച് ഇതൊരു മുസ്ലിം രാജ്യമാക്കി മാറ്റാൻ ശ്രമിക്കുന്നു, മുസ്‌ലിം പുരോഹിതർ ഭക്ഷണത്തിൽ മൂന്ന് പ്രാവശ്യം തുപ്പിയ ശേഷം വിതരണം ചെയ്യുന്നു, മുസ്‌ലിം കച്ചവടക്കാർ അവരുടെ സ്ഥാപനങ്ങൾ അമുസ്ലിം മേഖലകളിൽ സ്ഥാപിച്ച് അവരുടെ സമ്പത്ത് കവർന്നു കൊണ്ടുപോകുന്നു തുടങ്ങി വളരെ ഗൗരവമായ നുണയാരോപണങ്ങളാണ് അദ്ദേഹം പ്രസംഗിച്ചതെന്നും പരാതിയിൽ വ്യക്തമാക്കി.  മുസ്‌ലിം സമുദായത്തെ സംശയത്തിന്റെ മുനയിൽ നി‍ര്‍ത്താനും മറ്റു സമുദായത്തിലെ വിശ്വാസികൾക്കിടയിൽ വർ​ഗീയ ചേരിതിരിവ് സൃഷ്ടിക്കാനും മാത്രമാണ് കാരണമാകുകയെന്നും പരാതിയിൽ ഉന്നയിച്ചു. കേസിൽ അറസ്റ്റിലായ പിസി മണിക്കൂറുകൾക്കകം കോടതി ജാമ്യത്തിൽ ഇറങ്ങിയിരുന്നു.