ഐസിയുവിനെ രണ്ടാമത്തെ വീടായി കണ്ടു, വേദന കുറക്കുന്നതിനുള്ള ചികിൽസയിലും പുഞ്ചിരിച്ചു, നോവായി ജിഷ്ണുവിന്റെ ആ വാക്കുകൾ

നടൻ ജിഷ്ണു രാഘവന്റെ ഓർമ്മകൾക്ക് ഏഴ് വയസ്. കാൻസർ പിടിപെട്ടപ്പോഴും അതിനെ ഇച്ഛാശക്തിയോടെ ജിഷ്ണു നേരിട്ടു. രോഗം മൂർച്ഛിച്ചതോടെ 2016 മാർച്ചിൽ ജിഷ്ണു ഈ ലോകത്ത് നിന്നും വിടപറയുകയായിരുന്നു. തൊണ്ടയിലായിരുന്നു ആദ്യം അർബുദം കണ്ടെത്തിയത്. ഇത് പിന്നീട് നീക്കം ചെയ്‌തെങ്കിലും ശ്വാസകോശത്തിലേയ്ക്ക് കൂടി വ്യാപിച്ചു. തനിയ്ക്ക് ക്യാൻസറാണെന്ന് ജിഷ്ണു തന്നെയാണ് ഫേസ്ബുക്കിലൂടെ വെളിപ്പെടുത്തിയത്. പിന്നീട് ചികിത്സയുടെ തുടർ വിവരങ്ങളും ജിഷ്ണു പങ്കുവച്ചുപോന്നു.

ജിഷ്ണുവിന്റെ ഒരു ഹൃദയം തൊടുന്ന കുറിപ്പിങ്ങനെ

‘ഞാൻ ഇപ്പോൾ ഐസിയുവിലാണെന്നും എന്നാൽ പേടിക്കേണ്ടതില്ല. അതെന്റെ രണ്ടാമത്തെ വീടാണെന്നും ജിഷ്ണു കുറിച്ചിട്ടു. പൊസീറ്റീവ് ചിന്താഗതിയും എപ്പോഴും പുഞ്ചിരിക്കുന്നതും ജീവിതത്തിൽ ഒരുപാട് മാറ്റങ്ങൾക്ക് കാരണമാകുമെന്നാണ് അന്ന് ജിഷ്ണു പറഞ്ഞത്. എനിക്കിവിടെ സന്തോഷമാണ്. ഡോക്ടർമാർ റൗണ്ട്സിന് വരുമ്പോൾ ഞാനിവിടെ മയക്കത്തിലായിരിക്കും. പെട്ടന്ന് തന്നെ എഴുന്നേറ്റ് അവർക്കൊരു നല്ല പുഞ്ചിരിയും ഞാൻ പാസാക്കും. അവരും തിരിച്ച് പുഞ്ചിരിക്കും.

പുഞ്ചിരിക്കുന്ന രോഗിയെ കാണുന്നത് നമുക്കും അവരെ ചികിത്സിക്കാൻ ഒരു ഊർജം നൽകുമെന്ന് ഡോക്ടർ പറയാറുണ്ട്. ‌‌തീർച്ചയായും ഇതൊരുപാട് മാറ്റങ്ങൾ ഉണ്ടാക്കും. ഐസിയുവിൽ എന്റെ വേദന കുറക്കുന്നതിനുള്ള ചികിത്സ ചെയ്യുമ്പോഴും ഞാൻ പുഞ്ചിരിക്കാറുണ്ട്. ഇത് അവിടുത്തെ മോശമായ അന്തരീക്ഷത്തെ തന്നെ മാറ്റുന്നു. ഇതൊരു മാജിക് ആണ്. പുഞ്ചിരി മാജിക്. നിങ്ങളും പരീക്ഷിക്കൂ. എല്ലാവർക്കും ഇതറിയാം, പലപ്പോഴും ഇത് ചെയ്യാൻ മറക്കും. എന്താ അതു ശരിയല്ലേ? ഇതൊരു ഉപദേശമല്ല , എന്റെ അനുഭവമാണ്. ജിഷ്ണുവിന്റെ ആ കുറിപ്പുകൾ ഇന്നും സോഷ്യൽമീഡിയ സുഹൃത്തുക്കൾക്ക് നൊമ്പരമാണ് സമ്മാനിക്കുന്നത്.

നടൻ രാഘവന്റെ മകനാണ് ജിഷ്ണു. രാഘവൻ സംവിധാനം ചെയ്ത ‘കിളിപ്പാട്ട്’ എന്ന ചിത്രത്തിൽ ബാലതാരമായാണ് തുടക്കം. പിന്നീട് പതിനഞ്ച് വർഷങ്ങൾക്ക് ശേഷം ‘നമ്മൾ’ എന്ന ചിത്രത്തിലൂടെ നായകനായി അരങ്ങേറ്റം. സിനിമയിൽ സജീവമായി നിൽക്കുന്ന സമയത്താണ് ജിഷ്ണുവിനെ അർബുദം കീഴടക്കുന്നത്. റബേക്ക ഉതുപ്പ് കിഴക്കേമലയാണ് ജിഷ്ണു മലയാളത്തിൽ അവസാനം അഭിനയിച്ച ചിത്രം. ഇരുപത്തഞ്ചോളം സിനിമകളിൽ അഭിനയിച്ചു. ട്രാഫിക്കിന്റെ റീമേക്കിലൂടെ ബോളിവുഡിലുമെത്തി.