ആക്ടിവിസ്റ്റ് ജോമോൾ ജോസഫിനേ ആക്രമിച്ചു

jomol joseph

ആക്ടിവിസ്റ്റും സോഷ്യൽ മീഡിയയിലെ എഴുത്തുകാരിയും ആയ ജോമോൾ ജോസഫിനു ക്രൂരമായ ആക്രമണം.. ട്രാൻസ്‌മെൻ കിരൺ വളാശേരിയുടെ വീട് സന്ദർശിക്കാൻ പോയതായിരുന്നു ജോമോൾ.കിരണിന്റെ സ്ഥലം കയ്യേറി ഗെയിറ്റ് സ്ഥാപിച്ചിട്ടുള്ള സഹോദരൻ ജയരാജ് ഭാര്യ ശോഭ എന്നിവർ ക്രൂരമായി മർദ്ദിച്ചു എന്നാണ്‌ പരാതി. വയറിനു ചവിട്ടേറ്റു. അഞ്ചുമാസം ഗർഭിണിയായ ജോമോളുടെ ഗർഭസ്ഥശിശുവിന് അനക്കം ഇല്ലാതായതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്‌. ർഭിണി ആയ ജോമോളെ വയറിനു ചവിട്ടുകയും തലക്ക് കമ്പിവടി കൊണ്ട് അടിച്ചു പരിക്കേൽപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഫാറൂഖ് ജനറൽ ഹോസ്പിറ്റലിൽ ആദ്യം പ്രവേശിപ്പിച്ചു എങ്കിലും പരിക്ക് ഗുരുതരമായതിനാൽ കോഴിക്കോട്ടേക്ക് മാറ്റുകയായിരുന്നു.

നവ മാധ്യമത്തിൽ തന്റെ ചിത്രങ്ങൾ പുറത്ത് വിട്ട് മലയാളികളുടെ ചിന്താ ധാരയിൽ വലിയ മാറ്റത്തിനും വിമർശനത്തിനും തുടക്കമിട്ട ആളാണ്‌ ജോമോൾ. വിമർശനവും വിമർശകരും ഏറെയുണ്ട്. അതൊന്നും വകവയ്ക്കാതെ തുറന്നെഴുത്തും, ചിത്രങ്ങൾ പങ്കുവയ്ക്കലും ജോമോൾ തുടർന്നിരുന്നു. ആനുകാലിക വിഷയങ്ങളിലും പ്രതികരിച്ചിരുന്നു. എന്റെ ജീവിതം എന്റെ സ്വാതന്ത്ര്യം എന്നതായിരുന്നു ജോമോളുടെ പ്രൊഫൈൽ വാക്ക് തന്നെ.

അഗ്രിക്കൾച്ചർ ഡിപ്പാർട്ട്മെന്റിലെ അസിസ്റ്റന്റ് ഡയറക്ടറായ കിരൺ വൈലാശ്ശേരി എന്ന ട്രാൻസ് മെൻ കിരണിന്റെ കഥയും ജോമോൾ പങ്കുവയ്ച്ചത് കഴിഞ്ഞ ദിവസമായിരുന്നു. ഇതുമായി ബന്ധപ്പെട്ട ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങിനെയായിരുന്നു.ആക്രമത്തിലേക്ക് നയിക്കാൻ കാരണമായ വിഷയവും ഇതായിരുന്നു.

ബന്ധപ്പെട്ട ഫേസ്ബുക്ക് പോസ്റ്റ്

കോഴിക്കോട് ഫറോക്കിൽ (കോളജിന് സമീപം) നിന്നും ഒരു ട്രാൻസ്ജെന്റർ കദനകഥ..അഗ്രിക്കൾച്ചർ ഡിപ്പാർട്ട്മെന്റിലെ അസിസ്റ്റന്റ് ഡയറക്ടറായ കിരൺ വൈലാശ്ശേരി എന്ന ട്രാൻസ് മെൻ (സ്ത്രീ ശരീരത്തിൽ കുരുങ്ങികിടന്ന തന്റെ സ്വത്വം തിരിച്ചറിഞ്ഞ് പുരുഷനായി മാറിയ വ്യക്തി) സ്വന്തം ജ്യേഷ്ഠസഹോദരനിൽ നിന്ന് നേരിടുന്നത് അങ്ങേയറ്റം മൃഗീയമായ പീഢനങ്ങളാണ്.

കുടുംബസ്വത്ത് വീതം വെച്ചപ്പോൾ കിരണിന് ലഭിച്ചത് അറുസെന്റുഭൂമിയാണ്, എന്നാൽ സഹോദരന് ലഭിച്ചത് നാല്പത് സെന്റ് ഭൂമിയും!! രണ്ടുപേരുടേയും സ്ഥലങ്ങൾ ഒരു കോംപൌണ്ടിൽ തന്നെ അടുത്തതായി. കിരണിന്റെ ആറുസെന്റ് ഭൂമിയിലേക്കും സഹോദരന്റെ നാല്പതുസെന്റ് ഭൂമിയിലേക്കും പാരലലായി വെവ്വേറെ റോഡുകളുണ്ടായിരുന്നു. എന്നാൽ വർഷങ്ങൾക്ക് മുമ്പ് “രണ്ടുറോഡെന്തിനാ നമുക്ക്, ഒരു റോഡ് പോരേ” എന്ന് സഹോദരൻ വളരെ മാന്യമായി കിരണിനോട് പറഞ്ഞപ്പോൾ കിരൺ സഹോദരന്റെ ആവശ്യം അംഗീകരിക്കുകയും, സഹോദരൻ രണ്ടു റോഡിനും നടുവിലുണ്ടായിരുന്ന മതിൽ പൊളിച്ച് കളഞ്ഞ്, രണ്ടു റോഡും ഒന്നാക്കി മാറ്റി. (ചിത്രം ഒന്ന്)

എന്നാൽ കുറച്ച് കാലം കഴിഞ്ഞപ്പോൾ ആധാരപ്രകാരം അവകാശമായി കിരണിന്റെ പ്ലോട്ടിലേക്ക് വഴിയില്ല എന്നും അത് അവകാശമായി തരാം എന്നും പറഞ്ഞ് ഒരു സെന്റ് സ്ഥലവും, റോഡും നാല്പതിനായിരം രൂപക്ക് തുല്യാവകാശമാക്കി തീറാധാരം ചെയ്ത് കൊടുക്കുന്നു. (നാല്പതിനായിരം കുടാതെ മൂന്നുലക്ഷത്തി പതിനായിരം രൂപയും സഹോദരൻ കിരണിൽ നിന്നും വാങ്ങിയെടുത്തിരുന്നു.) അതായത് കിരണിന്റെ കൈവശത്തിലുണ്ടായിരുന്ന റോഡ്, സഹോദരൻ കിരണിൽ നിന്ന് പണം വാങ്ങി സ്വന്തമാക്കി. ഇതിന് ശേഷം ആദ്യം സഹോദരന്റെ റോഡ് നിലനിന്നിരുന്ന സ്ഥലം (ചിത്രം ഒന്നിൽ വലതുവശത്തെ റോഡ്) കൂടി ഉൾപ്പെടുത്തി സഹോദരൻ സകല കെട്ടിട നിർമ്മാണ മാനദണ്ഡങ്ങളും കാറ്റിൽ പറത്തി നെടുനീളത്തിൽ ബഹുനില കെട്ടിടം പണിയുന്നു.(ചിത്രം രണ്ട്), കെട്ടിടം പണി പുരോഗമിക്കുകയാണ് ഇപ്പോൾ.

അതിന് ശേഷം ഇതേസഹോദരൻ, കിരണിനും സഹോദരനും അവകാശമായുള്ള റോഡിൽ സഹോദരന്റെ വീടിന് മുന്നിൽ അതായത് റോഡിന് നടുവിൽ, കുറുകെ മതിലുകെട്ടി ഗേറ്റ് സ്ഥാപിച്ച് പൂട്ടിടുന്നു. (ചിത്രം മുന്ന്). കിരണിന്റെ വീട്ടിൽ നിന്ന് നോക്കുമ്പോൾ ഇടത് വശത്ത് സഹോദരന്റെ വീടും, വലതുവശത്ത് ഗേറ്റ് സ്ഥാപിച്ച് കിരണിന്റെ സഞ്ചാരസ്വാതന്ത്ര്യം തടഞ്ഞതും മൂന്നാമത്തെ ചിത്രത്തിൽ വ്യക്തമായി കാണാനാകും. ഇതോടെ കിരണിന് കിരണിന്റെ വീട്ടിലേക്ക് റോഡില്ലാതായി എന്നതാണ് സഹോദരന്റെ ചിന്ത. (എന്നാൽ ആധാരങ്ങൾ പ്രകാരം ഉള്ള റോഡ് ഇല്ലാതാക്കാൻ ആർക്കും കഴിയില്ല എന്നത് അയാൾ മറന്നുപോയി.) കിരണിന്റെ സഞ്ചാരസ്വാതന്ത്ര്യം പോലും ഇപ്പോൾ നിഷേധിക്കപ്പെട്ടിരിക്കുകയാണ്.

ഇതിനൊക്കെ കിരണിന്റെ സഹോദരനിൽനിന്നും ആനുകൂല്യങ്ങൾ പറ്റി, സഹോദരന് സകല ഒത്താശകളും ചെയ്തുകൊടുത്തത് ഫറോക്ക് സിഐയും, സ്ഥലത്തെ സിപിഎം ലോക്കൽ സെക്രട്ടറിയും!! സിഐ ഏമാനേ ഏമാൻ കൈപ്പറ്റിയതും വാങ്ങി വിഴുങ്ങിയതും മുഴുവായി ഏമാന് ശർദ്ദിക്കേണ്ടി വരും.

കിരൺ ലൈംഗീക ന്യൂനപക്ഷത്തിൽപെട്ട വ്യക്തിയാണ് എന്നതിനാൽ, കിരൺ ഒറ്റപ്പെടുത്തലും, ചൂഷണവും നേരിടേണ്ടതില്ല. രാജ്യത്ത് നിലനിൽക്കുന്ന സകല പൌരാവകശങ്ങളും, വ്യക്തിസ്വാതന്ത്ര്യങ്ങളും, സ്വത്തവകാശങ്ങളും കിരണിനും കൂടി അവകാശപ്പെട്ടതാണ്. കിരൺ ഒരു രണ്ടാം തരം പൌരനാണ് എന്നും, അയാളോട് എന്തുമാകാം എന്നും കിരണിന്റെ സഹോദരനോ, ഫറൂക്ക് സിഐയോ, സിപിഐഎം ലോക്കൽ സെക്രട്ടറിയോ കരുതുന്നുണ്ട് എങ്കിൽ, അത്തരം കരുതലുകൾക്ക് അധികം ആയുസ്സില്ല എന്ന് ഇവർ മൂന്നുപേരും ഇനിയെങ്കിലും മനസ്സിലാക്കിക്കോ. സിപിഐഎം എന്ന പാർ​ട്ടി എന്താണ് എന്നും, ആ പാർട്ടിയുടെ നിലപാടുകൾ എന്താണ് എന്നും ലോക്കൽ സെക്രട്ടറി ഒന്ന് മനസ്സിലാക്കിവെക്കുന്നത് നല്ലതാകും!! തനി ലോക്കലായ ഈ ലോക്കൽ സെക്രട്ടറിയെ തിരുത്താൻ പാർട്ടി തയ്യാറാകും എന്നുതന്നെ ഞാൻ കരുതുന്നു.

കഴിഞ്ഞ ദിവസം സ്ഥലം പോയി കാണുകയും, രേഖകൾ പരിശോധിക്കുകയും കൃത്യമായ വിവരങ്ങൾ ബോധ്യപ്പെടുകയും ചെയ്തിരുന്നു. കിരണിന് സകല പിന്തുണയും വാഗ്ദാനം ചെയ്യുന്നു.