അപസ്മാരത്തിന് എന്ന പേരില്‍ ഷാജു ചില പ്രത്യേക ഗുളികകള്‍ സിലിക്ക് നല്‍കിയിരുന്നു

സിലിയെ ഭ്രാന്തിയായി ചിത്രീകരിക്കാന്‍ ഭര്‍ത്താവ് ഷാജുവും ജോളിയും ശ്രമിച്ചിരുന്നതായി സിലിയുടെ ബന്ധുക്കള്‍. അപസ്മാരത്തിന് എന്ന പേരില്‍ ഷാജു ചില പ്രത്യേക ഗുളികകള്‍ സിലിക്ക് നല്‍കിയിരുന്നുവെന്നും ജോളിയാണ് ഈ ഗുളികകള്‍ എത്തിച്ച് നല്‍കിയിരുന്നതെന്നും ബന്ധുക്കള്‍ മൊഴി നല്‍കി.

സിലിയ്ക്ക് മാനസികരോഗമുണ്ടെന്നു വരുത്തിതീര്‍ത്ത് സാവധാനം വകവരുത്താന്‍ ജോളിയും ഷാജുവും ചേര്‍ന്ന് ഗൂഡാലോചന നടത്തിയതായാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. അപസ്മാരം മാറാനെന്ന പേരില്‍ ഷാജു എന്നും പ്രത്യേക ഗുളികകള്‍ സിലിക്ക് നിര്‍ബന്ധിച്ച് നല്‍കുമായിരുന്നു.

അപസ്മാരമുണ്ടെന്ന് സിലിയെ തെറ്റിദ്ധരിപ്പിച്ചായിരുന്നു ഇത് നല്‍കിയിരുന്നത്. കൂണില്‍ നിന്നുണ്ടാക്കുന്ന ഗുളികയാണെന്ന് പറഞ്ഞ് ജോളിയാണ് ഈ ഗുളികകള്‍ ഷാജുവിന് എത്തിച്ച് നല്‍കിയിരുന്നത്.

കുറേക്കാലം കഴിച്ചപ്പോള്‍ സിലി ഈ മരുന്നിന് അടിമയായി. ഗുളിക കിട്ടിയില്ലെങ്കില്‍ മാനസീക വിഭ്രാന്തി കാണിച്ചു തുടങ്ങി. അപ്പോഴാണ് സിലിയ്ക്ക് ഭ്രാന്തിന്റെ ലക്ഷണമാണെന്ന് ഷാജുവും ജോളിയും ബന്ധുവീടുകളില്‍ പ്രചരിപ്പിച്ചത്. സിലിയെ ഭ്രാന്തിയാക്കാനുള്ള ശ്രമമായിരുന്നു ഗുളിക നല്‍കിയതിന് പിന്നിലെന്ന് ജോളി ചോദ്യം ചെയ്യലില്‍ വ്യക്തമാക്കി. ഈ ഗുളിക വാങ്ങിയിരുന്ന കോഴിക്കോട് നഗരത്തിലെ സ്ഥാപനത്തില്‍ ജോളിയെ എത്തിച്ച് പൊലീസ് തെളിവെടുപ്പ് നടത്തി.

സിലിയെ കൊല്ലാനായി ജോളി കഷായത്തില്‍ സയനൈഡ് ചേര്‍ത്ത് നല്‍കിയെങ്കിലും അളവ് കുറവായതിനാല്‍ മരിച്ചില്ല. അന്ന് വായില്‍നിന്ന് നുരയും പതയും വന്നിരുന്നു. ഇത് അപസ്മാര ലക്ഷണമായി ഷാജു ചിത്രീകരിക്കുകയായിരുന്നു. എന്നാല്‍ സിലിയ്ക്ക് ഒരിക്കല്‍പോലും അപസ്മാരം ഉണ്ടായിട്ടില്ലെന്ന് സഹോദരനടക്കം പറഞ്ഞെങ്കിലും ഷാജു പ്രചരണം തുടര്‍ന്നുവെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.