അവസാനം സിൽവർ ലൈൻ പദ്ധതിയുടെ ഡിപിആർ പുറത്ത്, പൊളിക്കേണ്ട കെട്ടിടങ്ങളുടെ എണ്ണവും ആരാധനാലയങ്ങളുടെ ചിത്രങ്ങളും വെബ്സൈറ്റിൽ

സിൽവർ ലൈൻ പദ്ധതിയുടെ ഡിപിആർ പുറത്ത്. നിരവധി സാങ്കേതിക തടസങ്ങൾ ഇതുമായി ബന്ധപ്പെട്ട് സർക്കാർ പറഞ്ഞിരുന്നെങ്കിലും അവസാനം ഡിപിആർ നിയമസഭയുടെ വെബ്സൈറ്റിൽ ഡിപിആർ അപ്ലോഡ് ചെയ്യുകയായിരുന്നു. ആറ് വാള്യങ്ങളിലായി 3776 പേജുള്ള ഡിപിആറിൽ പദ്ധതിക്കായി പൊളിക്കേണ്ട കെട്ടിടങ്ങളുടെ എണ്ണവും നഷ്ടമാകുന്ന സസ്യജാനത്തിന്‍റെ വിശദമായ വിവരങ്ങളുമുണ്ട്. പൊളിക്കേണ്ട ആരാധനാലയങ്ങളുടെ ചിത്രമടക്കം ഡിപിആറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

നേരത്തെ ഡിപിആർ പുറത്ത് വിടുന്നതിൽ ഒട്ടേറെ സാങ്കേതിക തടസങ്ങളാണ് സർക്കാർ ഉയർത്തിയിരുന്നത്. കഴിഞ്ഞ ദിവസം പത്തനംതിട്ടയിൽ നടന്ന കെ റെയിൽ വിശദീകരണ യോഗത്തിൽ കൂടി എംഡി പറഞ്ഞത് ഡിപിആർ രഹസ്യ രേഖയാണെന്നും കൊമേഴ്സ്യൽ ഡോക്യുമെന്റ് ആണ് എന്നും ആണ്. ടെൻഡർ ആകാതെ ഇത് പുറത്തു വിടാൻ ആകില്ല എന്നും കൊച്ചി മെട്രോയെ പോലും ഉദ്ധരിച്ച് എം ഡി ഇന്നലയും പറഞ്ഞിരുന്നു.

സിൽവർലൈൻ പദ്ധതി വഴി ആർക്കും ഭൂമിയും താമസസ്ഥലവും നഷ്ടമാകില്ലെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം കൂടി ആവർത്തിക്കുകയും ചെയ്തു. ഡിപിആർ നൽകിയെന്ന തെറ്റായ മറുപടി നൽകിയിതിൽ അൻവർ സാദത്ത് എംഎൽഎ മുഖ്യമന്ത്രിക്കെതിരെ അവകാശ ലംഘനത്തിന് സ്പീക്കർക്ക് പരാതി നൽകിയതും കഴിഞ്ഞ ദിവസം തന്നെയാണ്. ഡിപിആർ സിഡിയായി നൽകിയെന്ന് തെറ്റായി മുഖ്യമന്ത്രി മറുപടി നൽകിയെന്നായിരുന്നു അൻവർസാദത്ത് എംഎൽഎയുടെ പരാതി.

സിപിഎം തിരുവനന്തപുരം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുമ്പോഴാണ് സിൽവർ ലൈനിൽ ആർക്കും ആശങ്ക വേണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞത്. സ്ഥലം നഷ്ടപ്പെടുന്നവർക്ക് കൃത്യമായ നഷ്ടപരിഹാരം ഉറപ്പാക്കും. പദ്ധതിയെ അട്ടിമറിക്കാന്‍ യുഡിഎഫും ബിജെപിയും ജമാ അത്തെ ഇസ്ലാമിയും ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി ആവർത്തിച്ചു.