ആര്‍എസ്‌എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ട സംഭവം: സര്‍ക്കാരും പൊലീസും എസ്.ഡി.പി.ഐയെ സംരക്ഷിക്കുന്നുവെന്ന് കെ സുരേന്ദ്രന്‍

തിരുവനന്തപുരം: പട്ടാപ്പകല്‍ ആര്‍എസ്‌എസ് പ്രവര്‍ത്തകനെ ഭാര്യയുടെ മുന്നിലിട്ട് വെട്ടി കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികരണവുമായി ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. എസ്.ഡി.പി.ഐ ക്രിമിനല്‍ സംഘത്തെ സര്‍ക്കാരും സിപിഎമ്മും പൊലീസും സംരക്ഷിക്കുന്നുവെന്ന് സുരേന്ദ്രന്‍ ആരോപിച്ചു. യാതൊരു പ്രകോപനമില്ലാതെയാണ് ആസൂത്രിതമായി കൊലപാതകങ്ങള്‍ നടക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. എസ്.ഡി.പി.ഐയാണ് ആര്‍എസ്‌എസ് പ്രവര്‍ത്തകനെ കൊലപ്പെടുത്തിയതെന്ന് ബിജെപി നേരത്തെ ആരോപണം ഉന്നയിച്ചിരുന്നു.

കൊലപാതകങ്ങളില്‍ എസ്.ഡി.പി.ഐയുടെ പേരു പറയാന്‍ പോലും പൊലീസ് മടിക്കുന്നുവെന്നും പത്തു ദിവസത്തിനുള്ളില്‍ രണ്ട് ആര്‍എസ്‌എസ് പ്രവര്‍ത്തകരാണ് കേരളത്തില്‍ കൊല്ലപ്പെട്ടതെന്നും സുരേന്ദ്രന്‍ പറഞ്ഞു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ഭരണം പങ്കിടുന്നവരാണ് സിപിഎമ്മും എസ്.ഡി.പി.ഐയുമെന്ന് അദ്ദേഹം വ്യക്തമാക്കി. എസ്.ഡി.പി.ഐയ്ക്ക് അതേ നാണയത്തില്‍ മറുപടി നല്‍കാന്‍ ജനകീയ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇന്ന് രാവിലെ ഒമ്ബത് മണിയോടെയാണ് മമ്ബറത്ത് ആര്‍എസ്‌എസ് പ്രവര്‍ത്തകന്‍ എലപ്പുള്ളി സ്വദേശി സഞ്ജിത്തിനെ (27) ഭാര്യയുടെ മുന്നിലിട്ട് വെട്ടി കൊലപ്പെടുത്തിയത്. രാവിലെ ഭാര്യയുമായി ബൈക്കില്‍ പോകുകയായിരുന്ന സഞ്ജിത്തിനെ കാറിലെത്തിയ സംഘം തടഞ്ഞു നിര്‍ത്തി വെട്ടി കൊലപ്പെടുത്തുകയായിരുന്നു. ഉടനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.