വിജയിക്കേണ്ടത് കെ സുരേന്ദ്രൻ തന്നെ, രാഹുൽ ജയിച്ചാലും വയനാടിന് പ്രയോജനമില്ലെന്ന് അണ്ണാമലൈ

വയനാട് : വയനാട്ടിൽ രാഹുൽ ഗാന്ധി ജയിച്ചാലും ജനങ്ങൾക്ക് പ്രയോജനമുണ്ടാകില്ലെന്ന് തമിഴ്‌നാട് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ അണ്ണാമലൈ. ജില്ലയെ അറിയുന്ന വ്യക്തിയാണ് കെ സുരേന്ദ്രൻ. വയനാട്ടിലെ പ്രശ്‌നങ്ങൾ പാർലമെന്റിൽ അവതരിപ്പിക്കാൻ പോലും രാഹുൽ തയ്യാറായില്ലെന്നും അണ്ണാമലൈ പറഞ്ഞു.

വയനാടിന്റെ സമഗ്ര വികസനത്തിന് സുരേന്ദ്രൻ തെരഞ്ഞെടുക്കപ്പെട്ടാൽ പ്രയോജനമുണ്ടാകും. വയനാട്ടിൽ നിന്ന് 5 ലക്ഷത്തോളം ഭൂരിപക്ഷത്തിന് രാഹുൽ ഗാന്ധി തെരഞ്ഞെടുക്കപ്പെട്ടിട്ടും ഒരു പ്രയോജനവും ഉണ്ടായില്ല. മണ്ഡലത്തിലേക്ക് വരാൻ തന്നെ അദ്ദേഹത്തിന് സമയമില്ല. അതുകൊണ്ട് തന്നെ ഇനി ഒരിക്കൽ കൂടി രാഹുൽ തെരഞ്ഞെടുക്കപ്പെട്ടാലും ജനങ്ങൾക്ക് പ്രയോചനം ഉണ്ടാകില്ല എന്നത് ഉറപ്പാണ്.

പ്രധാനമന്ത്രി നരേന്ദ്രമോദി എല്ലാവരുടെയും വികസനം ലക്ഷ്യമിട്ടാണ് പ്രവർത്തിക്കുന്നത്. പ്രധാനമന്ത്രി ആവാസ് യോജനയുടെ 36 ശതമാനം പ്രയോജനം ലഭിച്ചത് ന്യൂനപക്ഷ വിഭാഗങ്ങൾക്കാണ്. പദ്ധതിയുടെ ഗുണഭോക്താക്കളെ ജാതിയും മതവും നോക്കി ബിജെപി തരം തിരിക്കാറില്ല. എല്ലാവരുടേയും ക്ഷേമമാണ് നരേന്ദ്രമോദി സർക്കാരിന്റെ ലക്ഷ്യം എന്നും അദ്ദേഹം പറയുകയുണ്ടായി.