അച്ഛനോട് ഞാന്‍ ഒരു രഹസ്യവും പറയാറില്ല, കാളിദാസ് ജയറാം പറയുന്നു

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് കാളിദാസ് ജയറാം. ബാലതാരമായി എത്തിയ താരം ഇപ്പോള്‍ നായകനായി മലയാള സിനിമയിലും തമിഴിലും നിറഞ്ഞ് നില്‍ക്കുകയാണ്. നടന്‍ ജയറാമിന്റെയും ഭാര്യയും നടിയുമായ പാര്‍വതിയുടെയും മകനാണ് കാളിദാസ് ജയറാം. ഇപ്പോള്‍ താന്‍ വീട്ടില്‍ എന്തെങ്കിലും രഹസ്യം പറയുന്നത് അമ്മയോട് ആണെന്നും അച്ഛനോട് പറയാറില്ലെന്നും പറയുകയാണ് കാളിദാസ്. അച്ഛനോട് രഹസ്യം പറഞ്ഞാല്‍ അത് പുറത്തറിയുമെന്നും വീട്ടു വിശേഷങ്ങള്‍ പങ്കുവെച്ച് കാളിദാസ് പറയുന്നു.

തന്റെ സിനിമകള്‍ കണ്ട് വിലയിരുത്തുന്നത് മാളവിക ആണെന്നും സഹോദരി ചിലപ്പോഴൊക്കെ വിമര്‍ശിക്കാറുണ്ടെനന്നും ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ സംസാരിക്കവെ കാളിദാസ് ജയറാം പറഞ്ഞു.

കാളിദാസ് ജയറാമിന്റെ വാക്കുകള്‍, ‘അച്ഛനോട് ഞാന്‍ ഒരു രഹസ്യവും പറയാറില്ല, കാരണം എങ്ങനെയെങ്കിലുമൊക്കെ അത് പുറത്തറിയും. ചക്കിയും അങ്ങനെയാണ്. അച്ഛന്റെ തനിസ്വഭാവമാണ് ചക്കിയ്ക്ക്. ഞാന്‍ അമ്മയെ പോലെ ആണെന്നാണ് എല്ലാരും പറയുന്നത്. ഞങ്ങള്‍ക്കുള്ളില്‍ എല്ലാം രഹസ്യമായിരിക്കും. അതുകൊണ്ട് എന്റെ എല്ലാ സീക്രട്ടും അമ്മയോടാണ് പറയുന്നത്. അച്ഛനോട് ഒന്നും പറയാറില്ല. അച്ഛനും ചക്കിയും എപ്പോഴും ഒരേ ടീം ആയിരിക്കും. ഞാനും അമ്മയുമാണ് സെറ്റ്. അച്ഛനെക്കാള്‍ എന്റെ സിനിമ കണ്ടിട്ട് അഭിപ്രായം പറയുന്നത് അമ്മയാണ്.

അമ്മയുമായിട്ടാണ് കൂടുതല്‍ സിനിമ കാര്യങ്ങള്‍ പറയുന്നത്. അച്ഛനുമായി അങ്ങനെയുള്ള സംസാരങ്ങള്‍ കുറവാണ്. എന്റെ സിനിമകള്‍ നന്നായി വിലയിരുത്താറുള്ളത് ചക്കിയാണ്. മുഖത്തുനോക്കി വിമര്‍ശിക്കാന്‍ ചക്കിയ്ക്ക് ഒരു മടിയുമില്ല. സിനിമ നന്നായാല്‍ നന്നായെന്ന് പറയും, മോശമായാല്‍ അതും തുറന്നു പറയും’.