തലയില്‍ ചുറ്റികകൊണ്ട്‌ പലതവണ ആഞ്ഞടിച്ചു ; കുഴിയില്‍ കിടന്ന്‌ അര്‍ജുന്‍ ഞരങ്ങിയെങ്കിലും..

തൊടുപുഴ: തലയില്‍ ഇരുമ്പുദണ്ഡുകൊണ്ടുള്ള അടിയും കഠാരയും വാക്കത്തിയും കൊണ്ടുള്ള വെട്ടുകളുമേറ്റ അര്‍ജുന്‍ അച്‌ഛനമ്മമാരുടെയും സഹോദരിയുടെയും മൃതദേഹങ്ങള്‍ക്കരികെ തളര്‍ന്നുകിടന്നത്‌ ഒരു രാത്രിയും പകലും. മൃതദേഹങ്ങള്‍ കുഴിച്ചുമൂടാനായി പിറ്റേന്നു രാത്രിയെത്തിയ കൊലയാളികള്‍ ഭിന്നശേഷിക്കാരനെന്ന പരിഗണന പോലും നല്‍കിയില്ല. ദയാലേശമില്ലാതെ ചുറ്റിക കൊണ്ടു വീണ്ടും തലയ്‌ക്കടിച്ചു. കുഴിയില്‍ കിടന്നു ഞരങ്ങിയിട്ടും മണ്ണിട്ടുമൂടി.

മൃതദേഹങ്ങള്‍ കുഴിച്ചിടാനും തെളിവുകള്‍ നശിപ്പിക്കാനുമായി രണ്ടാമത്തെ രാത്രിയെത്തിയ അനീഷും ലിബീഷും മൂന്നു മൃതദേഹങ്ങള്‍ക്കരികെ, രക്‌തം തളംകെട്ടിയ നിലത്ത്‌ തലയ്‌ക്കു കൈകൊടുത്ത്‌ തളര്‍ന്നിരിക്കുന്ന അര്‍ജുനെയാണ്‌. ബുദ്ധിപരമായ വെല്ലുവിളി നേരിടുന്ന അര്‍ജുന്‌ തങ്ങളാണ്‌ അക്രമികളെന്നു പറയാനറിയില്ലെന്ന്‌ അറിയാമായിരുന്നിട്ടും കരുണയുണ്ടായില്ല. തലയില്‍ ചുറ്റികകൊണ്ട്‌ പലതവണ ആഞ്ഞടിച്ചു.
കുഴിയില്‍ കിടന്ന്‌ അര്‍ജുന്‍ ഞരങ്ങിയെങ്കിലും മണ്ണിട്ടു മൂടുകയായിരുന്നെന്ന്‌ അറസ്‌റ്റിലായ ലിബീഷ്‌ പോലീസിനോടു പറഞ്ഞു. അര്‍ജുന്റെ ശ്വാസകോശത്തില്‍ മണ്ണിന്റെ അംശം കണ്ടെത്തിയതായി പോസ്‌റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്‌. ശ്വാസംമുട്ടിയാണു മരണമെന്നു വ്യക്‌തം. കൃഷ്‌ണന്‍, ഭാര്യ സുശീല, മക്കളായ ആര്‍ഷ, അര്‍ജുന്‍ എന്നിവരെ ഒരേ കുഴിയിലാണു മൂടിയിരുന്നത്‌.

നാലു പേരെയും കുഴിച്ചുമൂടാന്‍ കുഴിയെടുത്തത്‌ ലിബീഷാണ്‌. ആട്ടിന്‍കൂടിനുസമീപമാണ്‌ ഇതിനായി സ്‌ഥലം കണ്ടെത്തിയത്‌. നേരത്തെ എടുത്തിരുന്ന ചെറിയ കുഴി വലുതാക്കുകയായിരുന്നു. തുടര്‍ന്ന്‌ മൃതദേഹം എടുക്കുന്നതിനായി ചെല്ലുമ്പോഴാണു മകന്‍ അര്‍ജുന്‌ ജീവനുണ്ടെന്ന്‌ കണ്ടത്‌. ഉടന്‍ സമീപത്തെ ചുറ്റികയെടുത്ത്‌ അടിച്ചുവീഴ്‌ത്തി. ഇതിനുശേഷം നാലുപേരെയും വലിച്ചിഴച്ച്‌ കുഴിയിലേക്കെത്തിച്ചു. ആദ്യം കൃഷ്‌ണനെയും രണ്ടാമത്‌ സുശീലയേയും പിന്നീട്‌ ആര്‍ഷയേയും അര്‍ജുനേയും അടുക്കടുക്കായി കുഴിയിലേക്കു ചവിട്ടിത്താഴ്‌ത്തി. തുടര്‍ന്നാണ്‌ മണ്ണിട്ട്‌ മൂടിയത്‌. മൃതദേഹങ്ങള്‍ വലിച്ചിഴച്ച ഭാഗത്തെ രക്‌തക്കറ കഴുകിക്കളഞ്ഞു. വീടും ചെറുതായൊന്നു കഴുകി. രക്‌തക്കറ പൂര്‍ണമായി ഒഴിവാക്കാന്‍ സോപ്പ്‌ ഉപയോഗിച്ച്‌ കഴുകാനായി വീണ്ടും ഇവിടേയ്‌ക്ക്‌ പോകാമെന്ന്‌ അനീഷ്‌ പറഞ്ഞെങ്കിലും ലിബീഷ്‌ തടഞ്ഞു.

ഏറ്റവും മുകളിലായാണ്‌ അര്‍ജുന്റെ മൃതദേഹം കണ്ടെത്തിയത്‌. ജീവനോടെയും മരിച്ചതിനു ശേഷവും കുഴിച്ചിടുമ്പോഴുണ്ടാകുന്ന ശാരീരിക വ്യതിയാനം കണക്കാക്കിയാണ്‌ അര്‍ജുന്‍ മരിക്കുന്നതിനു മുമ്പാണു കുഴിച്ചുമൂടിയതെന്നു വ്യക്‌തമായത്‌.