കടിച്ചു തൂങ്ങി വീണ്ടും ! കാനം രാജേന്ദ്രൻ സി.പി.ഐ സംസ്ഥാന സെക്രട്ടറിയായി

തിരുവനന്തപുരം . സി.പി.ഐ സംസ്ഥാന സെക്രട്ടറിയായി കാനം രാജേന്ദ്രനെ വീണ്ടും തിരഞ്ഞെടുത്തു. തിരുവനന്തപുരത്ത് നടന്ന സംസ്ഥാന സമ്മേളനത്തിൽ എതിരില്ലാതെയാണ് കാനത്തിനെ സെക്രട്ടറിയായി തിരഞ്ഞെടുത്തത്. സിപിഐ സംസ്ഥാന സെക്രട്ടറിയായി കാനം രാജേന്ദ്രന് ഇത് മൂന്നാമൂഴം ലഭിച്ചിരിക്കുകയാണ്. മത്സരമില്ലാതെയാണ് സംസ്ഥാന സമ്മേളനം കാനത്തെ വീണ്ടും തിരഞ്ഞെടുത്തത്.

പ്രകാശ് ബാബുവോ വി.എസ്. സുനിൽകുമാറോ മത്സരിക്കുമെന്ന സൂചനകളുണ്ടാ യതോടെ പാർട്ടി ദേശീയ നേതൃത്വം ഇടപെട്ട് മത്സരം ഒഴിവാക്കി, സത്യത്തിൽ കടിച്ചു തൂങ്ങിയ കാനത്തിന് കസേര തള്ളിയിട്ടു കൊടുക്കുകയായിരുന്നു. കെ.ഇ.ഇസ്മയി ലാണ് കാനത്തിന്റെ പേര് നിർദേശിക്കുന്നത്. എന്നാൽ ‘പാർട്ടി സെക്രട്ടറിയെ ഐകകണ്ഠ്യേന തിരഞ്ഞെടുത്തു എന്നതാണ് സമ്മേളനത്തിന്റെ പ്രത്യേകതയെന്നും പാർട്ടിയെക്കുറിച്ചു കഥ മെനഞ്ഞവർക്ക് നിരാശപ്പെടേണ്ടിവന്നുവെന്നും’ പ്രതിനിധികളെ അഭിസംബോധന ചെയ്യവേ കാനം രാജേന്ദ്രൻ പറഞ്ഞു.

‘വിഭാഗീയത ഇല്ലാതെ സിപിഐ ഒറ്റക്കെട്ടാണെന്നു സമ്മേളനം തെളിയിച്ചു. അഭിപ്രായം ജനാധിപത്യപരമായി പറയാനുള്ള അവസരം പാർട്ടിക്കുള്ളിലുണ്ട്. അഭിപ്രായം പറയുന്നത് തെറ്റാണെന്നു കരുതാനാകില്ല. നിർഭയമായി ഘടകങ്ങളിൽ അഭിപ്രായം രേഖപ്പെടുത്താം. പാർട്ടി അഭിപ്രായ സമന്വയത്തോടെ തീരുമാനമെടുക്കും. സിപിഐ വേറിട്ട പാർട്ടിയാണെന്നു ഒരിക്കൽക്കൂടി തെളിയിച്ചു’ എന്ന്കാ മൂന്നാം തവണയും സെക്രട്ടറിയായതോടെ കാനം പറഞ്ഞു.

അതേസമയം പ്രായപരിധിയുടെ ചുവപ്പു റിബൺ കെട്ടി സി.ദിവാകരന് പിറകെ കെ.ഇ.ഇസ്മായിലിനേയും സംസ്ഥാന കൗണ്‍സിലില്‍നിന്നു കാനം ഇതിനുള്ളിൽ പുറത്താക്കിയിരുന്നു. വിമതപക്ഷത്തെ ഒതുക്കിയാണ് മൂന്നാംടേമിൽ കാനം സെക്രട്ടറി പദത്തിലെത്തുന്നത്. തനിക്കെതിരെ ഉയർന്ന ശബ്ദങ്ങളുടെ വായടപ്പിച്ചുകൊണ്ടാണ് കാനം സെക്രട്ടറി കസേരയിൽ വീണ്ടും മുറുക്കി പിടിച്ചത്. പീരുമേട് എംഎല്‍എ വാഴൂര്‍ സോമനും ഇതോടെ സംസ്ഥാന കൗണ്‍സിലിലെ കസേര കിട്ടാതായി. ഇ.എസ്.ബിജിമോളെ സംസ്ഥാന കൗണ്‍സിലില്‍ നിന്നും ഒഴിവാക്കി എന്നതും ശ്രദ്ധേയമായി. സമ്മേളനം നടക്കുമ്പോൾ കെ.ഇ ഇസ്മായില്‍ വികാരഭരി തനായതും കാണാമായിരുന്നു.

ജില്ലാ പ്രതിനിധികളിൽ നിന്ന് സംസ്ഥാന കൗൺസിലലേക്ക് അംഗങ്ങളെത്തിയപ്പോൾ കാനം വിരുദ്ധ ചേരി അവരുടെ ശക്തികേന്ദ്രമായ ഇടുക്കിയിൽ കരുത്ത് തെളിയിച്ചു. കാനം അനുകൂലിയായ ഇ.എസ്. ബിജിമോളെ ജില്ലാ പ്രതിനിധിപട്ടികയിൽ നിന്ന് പോലും ഒഴിവാക്കിയെന്ന് മാത്രമല്ല പാർട്ടി കോൺഗ്രസ് പ്രതിനിധി പോലും ആക്കാതെ പിന്നോട്ട് തള്ളി. കൊല്ലത്ത് നിന്ന് ജി.എ.സ് ജയലാലും എറണാകുളത്ത് നിന്ന് പി രാജുവും കാനം അനുകൂലികൾ പുറം തള്ളിയവരിൽ പെടും.