അമ്മയെ അവസാനമായി കെട്ടിപ്പിടിച്ചത് എന്നാണ് – കനിഹ

വർഷങ്ങളായി മലയാളികളുടെ പ്രിയനായികാ പദവി അലങ്കരിക്കുന്ന നടിയാണ് കനിഹ. വിവാഹത്തിനു മുമ്പും ശേഷവും സിനിമയിൽ നിറഞ്ഞു നിൽക്കുന്ന താരം കുടുംബത്തിനും കരിയറിനും തുല്യ പ്രാധാന്യമാണ് നൽകുന്നതെന്ന് എപ്പോഴും പറയാറുണ്ട്. ചെന്നൈയിലാണ് താരം താമസിക്കുന്നത്. ഭാഗ്യദേവത, പഴശ്ശിരാജ, സ്പിരിറ്റ് തുടങ്ങി നിരവധി വിജയ ചിത്രങ്ങളുടെ ഭാഗമാണ് കനിഹ.

ഈമാതൃദിനത്തിൽ അമ്മമാർക്ക് വേണ്ടി ഹ്രസ്വചിത്രം ഒരുക്കി ശ്രദ്ധനേടിയിരിക്കുകയാണ് താരം. മാ എന്ന് പേരിട്ടിരിക്കുന്ന ഹ്രസ്വചിത്രം സംവിധാനം ചെയ്തിരിക്കുന്നത് കനിഹയാണ്. കുട്ടികളെ വളർത്തുന്നതിനിടയിൽ സ്വയം ശ്രദ്ധിക്കാൻ മറന്നു പോകുന്ന അമ്മമാരുടെ ജീവിതമാണ് വരച്ചുകാട്ടുന്നത്. ജീവി‌തത്തിന്റെ വിവിധതുറ‌കളിൽ വ്യത്യസ്ത സാഹചര്യങ്ങളിലുള്ള അമ്മമാർ തങ്ങളുടെ മക്കളെ വളർത്താനായി നടത്തുന്ന പ്രയത്നങ്ങൾ ക്യാമറയ്ക്ക് മുന്നിൽ എത്തിച്ചിരിക്കുകയാണ് കനിഹ.

മമ്മൂട്ടി, മഞ്ജു വാര്യർ, വിജയ് സേതുപതി എന്നിവർ ചേർന്നാണ് വിഡിയോ പുറത്തിറക്കിയത്. നരച്ച മുടിയും മുഖത്തെ ചുളിവുകളും കണ്ണിനു ചുറ്റുമുള്ള കറുത്ത പാടും ​ഗർഭകാലത്ത് വയറ്റിലുണ്ടാകുന്ന ചുളിവുകൾക്കുമൊന്നും വിലയില്ലേ എന്ന ശക്തമായ ചോദ്യം ഉന്നയിക്കുകയാണ് താരം. കനിഹയും ചിത്രത്തിൽ വേഷമിട്ടിട്ടുണ്ട്. അമ്മമാർക്ക് തിരിച്ചുനൽകേണ്ട കരുതൽ ഓർമ്മിപ്പിക്കുകയാണ് മാ. ഏറ്റവുമൊടുവിൽ എന്നാണ് നിങ്ങൾ അമ്മയെ ഒന്ന് കെട്ടിപിടിച്ചത് എന്ന ചോദ്യത്തിലാണ് ചിത്രം അവസാനിക്കുന്നത്. 5 മിനിറ്റ് 21 സെക്കൻഡ് ദൈർഘ്യമുള്ള മായുടെ ഛായാഗ്രഹണം ഇമ്രാൻ അഹമ്മദാണ് സംഗീതം- പ്രസന്ന ശിവറാം. എഡിറ്റർ- ഗോകുൽ നാഥ്. ശ്യാം രാധാകൃഷ്ണനാണ് ചിത്രത്തിന്റെ നിർമാണം