ആലായാൽ തറ വേണോ? വരികൾ തിരുത്താൻ ആർക്കും അവകാശമില്ലെന്ന് കാവാലം ശ്രീകുമാർ

ആലായാൽത്തറ വേണം അടുത്തൊരമ്പലം വേണം. മലയാളികൾ ഏറെ ഇഷ്ടപെടുന്ന വരികളാണ്. എന്നാൽ കഴിഞ്ഞ ദിവസം യുട്യൂബിൽ വൈറലായ ​ഗാനമാണ് ആലായാൽ തറ വേണോ? എന്ന പാട്ട്. സൂരജ് സന്തോഷ് ആണ് ഈ റീമിക്സ് യുട്യൂബിൽ അപ്‌ലോഡ് ചെയ്തത്. ആലായാൽ തറ വേണോ? അടുത്തൊരമ്പലം വേണോ? എന്നാണ് പാട്ട് തുടങ്ങുന്നത്. ശ്രുതി നമ്പൂതിരിയും സൂരജ് സന്തോഷും ചേർന്നാണ് പാട്ട് രചിച്ചിരിക്കുന്നത്. ഈ പാട്ടിനെ അനുകൂലിച്ചും പ്രതികരിച്ചും നിരവധി കമന്റുകളാണ് വന്നിരിക്കുന്നത്.

പാട്ടിനെ നശിപ്പിച്ചെന്നും ചിലർ അഭിപ്രായപ്പെടുന്നുണ്ട്. ആലായാൽ തറ വേണം എന്ന ഗാനത്തിന് വലിയ പ്രശ്നങ്ങളൊന്നും പുറമേക്ക് തോന്നില്ലെങ്കിലും എങ്കിലും അതിനുള്ളിൽ വലിയ രീതിയിലുള്ള പ്രശ്നങ്ങളുണ്ട് എന്നാണ് സന്തോഷ് ചൂണ്ടിക്കാട്ടുന്നത്. അതുകൊണ്ട് മാറിയ കാലത്തിന് വേണ്ടി ചില മാറ്റങ്ങൾ വരുത്തി കൊണ്ടായിരുന്നു ആ ഗാനം സന്തോഷ പുനരവതരിപ്പിക്കുന്നതെന്നും സന്തോഷ് അഭിപ്രായപ്പെടുന്നു. ‌

എന്നാൽ റീമിക്സിന് എതിരെ രംഗത്ത് വന്നിരിക്കുകയാണ് കാവാലം ശ്രീകുമാർ. ആലായാൽ തറ വേണം എന്നു തന്നെയാണ് ഗാനം ഉള്ളത് എന്നും അതിൽ മാറ്റം വരുത്തുവാൻ ആർക്കും അവകാശമില്ല എന്നും ആണ് കാവാലം ശ്രീകുമാർ ഫേസ്ബുക്കിൽ കുറിച്ചത്.

കാവാലം ശ്രീകുമാറിന്റെ കുറിപ്പ് ഇങ്ങനെ

“ആലായാൽത്തറ വേണം” അങ്ങനെ തന്നെയാണാ പാട്ട്‌. അത്‌ 100 വർഷത്തിലേറെ പഴക്കമുള്ള ഒരു നാടൻ ശീലാണ്‌. ഇത്‌ അഛൻ എഴുതിയതല്ലാ. അഛൻ കണ്ടെത്തി….നെടുമുടി വേണുച്ചേട്ടനും ഞങ്ങളുമൊക്കെ പാടിപ്പാടി നടക്കുന്ന ഒരു പാട്ട്‌. പിന്നെ കറുകറക്കാർമ്മുകിൽ അഛന്റെ മുദ്ര പതിഞ്ഞ ഒരു മഴപ്പാട്ടാണ്‌. അവസാനം പാടിയ മണ്ണ്‌ എന്ന കവിതയിലെ വരികളും അഛന്റെയാണ്‌. എന്നും നമ്മുടെ നാടൻ ശീലുകൾ മണ്ണും മണ്ണിൽ അദ്ധ്വാനിക്കുന്നവരുടെയും ആണ്‌. ഈ വരികൾ തിരുത്താൻ നമുക്കവകാശമുണ്ടോ ?” – ഇങ്ങനെയാണ് കാവാലം ശ്രീകുമാർ ഫേസ്ബുക്കിൽ കുറിച്ചത്.