സംഭരണം തുടങ്ങിയിട്ട് ഒന്നരമാസം; പണം ലഭിക്കാത്തതോടെ കർഷകർ കടക്കെണിയിൽ; കിട്ടാനുള്ളത് 30 കോടി

സംഭരണം തുടങ്ങിയിട്ടും വില നിശ്ചയിച്ച് സർക്കാർ ഉത്തരവിറക്കാത്തതൊടെ കടക്കെണിയിലായി കർഷകർ.
ഇതുവരെ സംഭരിച്ച നെല്ലിന്റെ വിലയായി 30 കോടിയോളം രൂപയാണ് കർഷകർക്ക് നൽകാനുള്ളത്. നെല്ല് സംഭരിച്ചതിന്റെ രേഖയായ പിആർഎസ് ഹാജരാക്കുമ്പോൾ ഒരാഴ്ചയ്ക്കുള്ളിൽ ബാങ്കുകളിൽ നിന്ന് നെൽവില കർഷകർക്ക് ലഭ്യമായിരുന്നു. ഇത്തവണ സപ്ലൈകോ നേരിട്ട് കർഷകരുടെ അക്കൗണ്ടിലേക്ക് നെൽവില നൽകുമെന്നായിരുന്നു പ്രഖ്യാപനം.

മൂന്നു ബാങ്കുകളുടെ കൺസോർഷ്യം രൂപീകരിച്ച് അതിൽ നിന്ന് ഏഴര ശതമാനം പലിശയ്ക്ക് വായ്പയെടുത്ത് കർഷകർക്ക് നൽകാനാണ് തീരുമാനം. 30 കോടിയോളം രൂപയാണ് ഇതുവരെ സംഭരിച്ച നെല്ലിന്റെ വിലയായി കർഷകർക്ക് നൽകാനുള്ളത്. നെല്ലിന്റെ വില നിശ്ചയിച്ച് സർക്കാർ ഉത്തരവിറങ്ങാത്തതാണ് പണം ലഭിക്കാത്തതിനുള്ള കാരണം.

കടംവാങ്ങി രണ്ടാം കൃഷി ചെയ്ത കർഷകർ നെൽ വില ലഭിക്കാതായതോടെ പുഞ്ച കൃഷി ചെയ്യാനാകാതെ പ്രതിസന്ധിയിലായി. രണ്ടാം കൃഷിയുടെ വിളവെടുപ്പും സംഭരണവും പകുതിയോളം പൂർത്തിയായി. 45,000 ടൺ നെല്ലാണ് ഇതുവരെ സംഭരിച്ചത്. കഴിഞ്ഞ വർഷം മുതൽ നെൽ വില വർധിപ്പിക്കുമെന്ന വാഗ്ദാനവും നടപ്പിലായിട്ടില്ല.