കാൻസറിനോട് പടപൊരുതി കോടിയേരി, ആരോഗ്യനിലയിൽ പുരോഗതി; ഭാര്യക്കൊപ്പം താടിവെച്ചുള്ള ഫോട്ടോ വൈറല്‍

തിരുവനന്തപുരം : ചെറിയ താടിയും ഉന്മമേഷത്തോടെയുള്ള പുഞ്ചിരിയുമായി ഭാര്യ വിനോദിനിയ്‌ക്കൊപ്പമുള്ള കോടിയേരി ബാലകൃഷ്ണന്റെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്.  ഇന്നലെ ചിത്രം പുറത്തുവന്നതോടെ സഖാക്കളുൾപ്പെടെ എല്ലാവരും കോടിയേരിയുടെ മടങ്ങിവരിനായുള്ള കാത്തിരിപ്പിലാണ്. അപ്പോളോ ആശുപത്രിയിൽ നിന്നുള്ള കോടിയേരിയുടെ ആരോഗ്യനില മെച്ചപ്പെട്ട ഫോട്ടോ അദ്ദേഹത്തിന്റെ പി.എ എം.കെ റജുവാണ് ഫേസ്ബുക്കിലൂടെ പങ്കുവച്ചത്. കോടിയേരിക്കൊപ്പം അപ്പോളോ ആശുപത്രിയിൽ തുടരുകയാണ് എം.കെ റജുവും. കോടിയേരിയുടെ നില ഏറെ മെച്ചപ്പെട്ടതായും ഇതേ പുരോഗതി തുടർന്നാൽ രണ്ട് ആഴ്ച കൊണ്ട് ആശുപത്രി വിടാൻ ആകുമെന്നാണ് വിവരം.

എയർ ആംബുലൻസിൽ തിരുവനന്തപുരത്ത് നിന്ന് ചെന്നെ അപ്പോളയിലേക്ക് കൊണ്ടുപോയപ്പോൾ എല്ലാവരും ആശങ്കപ്പെടുകയായിരുന്നു. അതേസമയം മെച്ചപ്പെട്ട ചികിത്സയ്ക്കായി അമേരിക്കയിലേക്ക് കൊണ്ടുപോകുന്നതും പരിഗണിക്കുകയാണ്. യാത്രയ്ക്കുള്ള ശാരീരികക സ്ഥിതിയില്ലാത്തതിനാലാണ് കഴിഞ്ഞമാസം അദ്ദേഹത്തെ അമേരിക്കയിലേക്ക് കൊണ്ടു പോകാതെ ചെന്നെയിലേക്ക് എത്തിച്ചത്. അതേസമയം സന്ദർശകർക്കുള്ള വിലക്ക് ഇപ്പോഴും തുടരുകയാണ്.സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിഞ്ഞ ശേഷമാണ് കോടിയേരി ബാലകൃഷ്ണൻ ചികിത്സയ്ക്കായി അപ്പോളോ ആശുപത്രിയിലെത്തിയത്.

ചികിത്സയിൽ കഴിയുന്ന കോടിയേരി ബാലകൃഷ്ണനെ മുഖ്യമന്ത്രി പിണറായി വിജയനും ഭാര്യയും ചെന്നൈയിലെത്തി സന്ദർശിച്ചിരുന്നു. ഒരുമണിക്കൂറോളം ആശുപത്രിയിൽ ചിലവഴിച്ച മുഖ്യമന്ത്രി ഡോക്ടർമാരുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് അന്ന് മടങ്ങിയത്. ഓഗസ്റ്റ് 29 നാണ് കോടിയേരി ബാലകൃഷ്ണനെ തുടർ ചികിത്സകൾക്കായി അപ്പോളോ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അതേസമയം കോടിയേരിയുടെ മടങ്ങിവരവ് രാഷ്ട്രീയ പാർട്ടി ഭേതമന്യേ നിരവധി നേതാക്കൾക്കാണ് കരുത്ത് പകരുന്നത്. അതിൽ മുഖ്യമന്ത്രി പിണറായി വിജയനും മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയും ഉൾപ്പെടും.

ഇരുവരും കാൻസറിനെതിരായ പോരാട്ടത്തിലാണ്. പിണറായി ഇടയ്ക്കിടെ അമേരിക്കയിലേക്ക് പോകുന്നതും ചികിത്സയുടെ ഭാഗമാണ്. ഉമ്മൻചാണ്ടിയ്ക്ക് നേരത്തെ രോഗം കണ്ടെത്തിയെങ്കിലും അദ്ദേഹം ചികിത്സ കാര്യമായി മുന്നോട്ട് കൊണ്ടു പോയിട്ടില്ല. അടുത്തിടെ ശബ്ദം പൂർണമായി നഷ്ടപ്പെട്ടു തുടർന്ന് ഒറ്റപ്പാലത്ത് എത്തിയാണ് ചികിത്സ തേടി നേരിയ പുരോഗതി കൈവരിച്ചത്. മുൻമന്ത്രിയും കോൺഗ്രസ് എം.എൽ.എയുമായ കെ.ബാബുവും കാൻസറിനെതിരെ പോരാടുകയാണ്.

മുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവും മുൻമുഖ്യമന്ത്രിയുമായ വി.എസ് അച്യുതാനന്ദൻ വർഷങ്ങളായി കിടപ്പിലാണ്. സജീവമല്ലെങ്കിലും കേരളത്തിൽ അദ്ദേഹത്തിന്റെ സാന്നിദ്ധ്യത്തിൽ ആവേശം കൊള്ളുന്ന നിരവധി പാർട്ടി പ്രവർത്തകരുണ്ട്.